പാര്‍ട്ടിയില്‍ സീനിയറായ ദീപ്തി മേരി വര്‍ഗീസിനെ വെട്ടാന്‍ സമുദായ കാര്‍ഡുമായി എ, ഐ ഗ്രൂപ്പുകള്‍; ലത്തീന്‍ സമുദായ അംഗങ്ങളായ വി.കെ.മിനിമോളും ഷൈനി മാത്യുവും മേയര്‍ സ്ഥാനം പങ്കിട്ടു ഭരിക്കും; കോണ്‍ഗ്രസ് വിജയത്തിന്റെ തിളക്കം കെടുത്തി മേയര്‍ സ്ഥാനത്തിലെ തര്‍ക്കം; പാര്‍ട്ടിക്കായി വിറകു വെട്ടി, വെള്ളം കോരിയ വനിതാ നേതാവിനെ തഴഞ്ഞത് സമുദായക്കളിയില്‍

പാര്‍ട്ടിയില്‍ സീനിയറായ ദീപ്തി മേരി വര്‍ഗീസിനെ വെട്ടാന്‍ സമുദായ കാര്‍ഡുമായി എ, ഐ ഗ്രൂപ്പുകള്‍

Update: 2025-12-23 10:26 GMT

കൊച്ചി: കൊച്ചിയില്‍ കോണ്‍ഗ്രസിന്റെ ഉജ്ജ്വല വിജയത്തിന്റെ ശോഭ കെടുത്തി കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍. പാര്‍ട്ടിയില്‍ സീനിയറായ ദീപ്തി മേരി വര്‍ഗീസിനെ വെട്ടാന്‍ സമുദായക്കാര്‍ഡുമായി കോണ്‍ഗ്രസിലെ ഗ്രൂപ്പുകള്‍. എ, ഐ ഗ്രൂപ്പുകള്‍ ഒരുമിച്ചു ദീപ്തിയെ വെട്ടാന്‍ രംഗത്തുവന്നു. ലത്തീന്‍ സമുദായ കാര്‍ഡിറക്കിയാണ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവിനെ ഗ്രൂപ്പുകള്‍ വെട്ടിയത്. ഇതോടെ പാര്‍ട്ടിയില്‍ ഏറ്റവും സീനിയറായ ദീപത് തഴയപ്പെട്ടു. കെപിസിസി ജനറല്‍ സെക്രട്ടറി ആയിട്ടും സമുദായക്കളിയില്‍ ദീപ്തിക്ക് മേയര്‍ ആകാന്‍ സാധിക്കില്ല. വി.കെ മിനി മോളും ഷൈനി മാത്യുവും മേയര്‍ പദം പങ്കിടാനാണ് ധാരണ.

പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ കൗണ്‍സിലര്‍മാരുടെ പിന്തുണയാണ് മിനി മോള്‍ക്ക് അനുകൂലമായത്. ലത്തീന്‍ സമുദായം എന്നതും അനുകൂലമായി. രണ്ടാമത്തെ ടേം ഷൈനി മാത്യുവിന് നല്‍കാനും ധാരണയായി. ദീപക് ജോയ് ഡെപ്യൂട്ടി മേയറാകും. ദീപ്തി മേരി വര്‍ഗീസിന്റെ പേരായിരുന്നു ഏറ്റവു കൂടുതല്‍ മേയര്‍ സ്ഥാനത്തേക്ക് കേട്ടിരുന്നത്. എന്നാല്‍ ഇന്നലെ ചേര്‍ന്ന പാര്‍ലമെന്റെ പാര്‍ട്ടി യോഗത്തില്‍ വികെ മിനി മോള്‍ക്കും ഷൈനി മാത്യുവിനുമാണ് ഏറ്റവും കൂടുതല്‍ പിന്തുണ ലഭിച്ചത്. വികെ മിനി മോള്‍ക്ക് 17 പേര്‍ പിന്തുണ നല്‍കിയപ്പോള്‍ ഷൈനി മാത്യുവിന് 19 പേരും പിന്തുണച്ചു. ദീപ്തി മേരി വര്‍ഗീസിന് നാല് പേരുടെ പിന്തുണ മാത്രമാണ് ലഭിച്ചത്.

എ, ഐ ഗ്രൂപ്പുകളുടെ സമ്മര്‍ദമാണ് ദീപ്തിയ്ക്കു വിനയായത്. അതേസമയം മേയര്‍ സ്ഥാനത്തു തഴഞ്ഞെങ്കിലും നിയമസഭ തിരഞ്ഞെടുപ്പില്‍ ദീപ്തി മേരി വര്‍ഗീസിനെ പരിഗണിക്കാനും സാധ്യതയുണ്ട്. കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസിന്റെ പാര്‍ട്ടിയിലെ സീനിയോരിറ്റി പരിഗണിക്കണമെന്ന ആവശ്യം നിലനില്‍ക്കുന്നതിനാല്‍ കെപിസിസിയുടെ നിലപാട് നിര്‍ണായകമാകുമായിരുന്നു.

ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ്, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ഡൊമിനിക് പ്രസന്റേഷന്‍, മുതിര്‍ന്ന നേതാവ് എന്‍ വേണുഗോപാല്‍ എന്നിവര്‍ ഉള്‍പ്പെട്ട കോര്‍ കമ്മിറ്റിയാണ് ഓരോ കൗണ്‍സിലറെയും പ്രത്യേകം പ്രത്യേകം കണ്ട് അഭിപ്രായം തേടിയത്. വെള്ളിയാഴ്ച്ചയാണ് മേയര്‍, ഡപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പ്. കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെയും ജില്ലയിലെ മുതിര്‍ന്ന നേതാക്കളുടെയും അഭിപ്രായം തേടിയിരുന്നു. യുഡിഎഫ് കൗണ്‍സിലര്‍മാരുടെ യോഗം ചേര്‍ന്ന ശേഷമായിരിക്കും തീരുമാനം.

മേയര്‍ സ്ഥാനം രണ്ടര വര്‍ഷം വീതം പങ്കിടുന്നത് ചര്‍ച്ചയിലുണ്ടെങ്കിലും കടുത്ത വിയോജിപ്പ് നിലനില്‍ക്കുന്നുണ്ട്. ജില്ലയില്‍ തീരുമാനം ഉണ്ടാകാതെ വന്നാല്‍ തീരുമാനം കെപിസിസി പ്രഖ്യാപിച്ചേക്കും. തര്‍ക്കമുണ്ടായാല്‍ പാര്‍ട്ടിയിലെ സീനിയോരിറ്റി പരിഗണിക്കണം എന്നാണ് കെപിസിസി നല്‍കിയിരിക്കുന്ന സര്‍ക്കുലറില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍, കൊച്ചിയിലെ ഗ്രുപ്പുകളില്‍ ഈ സീനിയോരിറ്റി ദീപ്തിക്കു തുണയായില്ല.

വികസനത്തില്‍ പിന്നാക്കം നില്‍ക്കുന്ന പശ്ചിമ കൊച്ചി മേഖലയില്‍ നിന്നുള്ള കൗണ്‍സിലറായ ഷൈനി മാത്യുവിനെ മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കണം എന്ന ആവശ്യവുമായി രണ്ട് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാര്‍ പാര്‍ട്ടി നേതൃത്വത്തിന് കത്ത് നല്‍കിയിരുന്നു. മഹിളാ കോണ്‍ഗ്രസ് ഉപാധ്യക്ഷയായ വി കെ മിനിമോള്‍ക്കു വേണ്ടിയും ഐ ഗ്രൂപ്പില്‍ ശക്തമായ വാദമുണ്ട്. പ്രതിപക്ഷ നേതാവ് വി ഡ സതീശനും മിനിമോള്‍ക്ക് വേണ്ടി രംഗത്തുവന്നിരുന്നു.

മേയര്‍ സ്ഥാനം ലത്തീന്‍ കത്തോലിക്ക വിഭാഗത്തില്‍പ്പെട്ട ആള്‍ക്ക് നല്‍കണമെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്. വരാപ്പുഴ അതിരൂപതയുടെ അല്‍മായ സംഘടനയും ഈ ആവശ്യം ഉന്നയിച്ചിരുന്നു. ഇതോടെയാണ് മിനിമോള്‍ക്ക് അവസരം ലഭിച്ചത്. അതേസമയം സമുദായ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങരുതെന്ന അഭിപ്രായവും പാര്‍ട്ടിയിലുണ്ട്. നിലവില്‍ എറണാകുളം എംപിയും, എംഎല്‍എയും ലത്തീന്‍ സമുദായക്കാരാണ്. ഈ സാഹചര്യത്തില്‍ ലത്തീന്‍ മേയര്‍ എന്ന ആവശ്യത്തിന് പാര്‍ട്ടി വഴങ്ങുന്നത് കോണ്‍ഗ്രസിന് വേണ്ടി പണിയെടുക്കുന്നവരെ നിരാശപ്പെടുത്തുന്ന തീരുമാനമാണ്.

Tags:    

Similar News