കിട്ടിയ അതേ നാണയത്തില്‍ തിരിച്ചടി; കോയിപ്രം ബ്ലോക്കില്‍ എല്‍ഡിഎഫ് ഭരണ സമിതിയെ പുറത്താക്കി യുഡിഎഫ്; മുന്‍പ് എല്‍ഡിഎഫ് പ്രയോഗിച്ച അതേ തന്ത്രം; വെട്ടിലായത് കോണ്‍ഗ്രസുകാരനായ ഉണ്ണി പ്ലാച്ചേരി
പത്തനംതിട്ട: ഭരണത്തിലേറി ഒന്നര വര്‍ഷം കഴിഞ്ഞ യുഡിഎഫ് ഭരണ സമിതിയെ കോണ്‍ഗ്രസ് അംഗത്തെ മറുകണ്ടം ചാടിച്ച് വലിച്ചിട്ട എല്‍ഡിഎഫിന് അതേ നാണയത്തില്‍ തിരിച്ചടി. അടുത്ത തദ്ദേശ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ഇതേ രീതിയില്‍ എല്‍ഡിഎഫ് ഭരണ സമിതിയെ വലിച്ചു താഴെയിട്ടിരിക്കുകയാണ് യുഡിഎഫ്. അതിന് കരുവാക്കിയതാകട്ടെ സിപിഎം വനിതാ അംഗത്തെയും. കോയിപ്രം ബ്ലോക്ക് പഞ്ചായത്തില്‍ യുഡിഎഫ് കൊണ്ടു വന്ന അവിശ്വാസ പ്രമേയം പാസായി. പ്രസിഡന്റ് കെ.കെ.വത്സല, വൈസ് പ്രസിഡന്റ് ഉണ്ണി പ്ലാച്ചേരി എന്നിവര്‍ പുറത്തായി. കോയിപ്രം ബ്ലോക്ക് ഇടക്കാട് ഡിവിഷനില്‍ നിന്നുള്ള എല്‍.ഡി.എഫ് അംഗം ജെസി സൂസന്‍ ജോസഫ് അവിശ്വാസത്തെ അനുകൂലിച്ചതോടെയാണ് നിലവിലെ ഭരണസമിതി പുറത്തായത്.
കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ 13 അംഗ ബ്ലോക്ക് പഞ്ചായത്തില്‍ യു.ഡി.എഫിന് ഏഴും എല്‍.ഡി.എഫിന് ആറും അംഗങ്ങളാണ് ഉണ്ടായിരുന്നത്. ജിജി ജോണ്‍ മാത്യു പ്രസിഡന്റും ലാലു തോമസ് വൈസ് പ്രസിഡന്റുമായി യു.ഡി.എഫ് അധികാരത്തിലിരിക്കുമ്പോള്‍ ഉണ്ണി പ്ലാച്ചേരി എല്‍.ഡി.എഫിലേക്ക് കൂറു മാറി. തുടര്‍ന്ന് വന്ന അവിശ്വാസ പ്രമേയത്തിലൂടെ യു.ഡി.എഫ് ഭരണ സമിതി പുറത്തായി. ഉണ്ണി പ്ലാച്ചേരിക്ക് വൈസ് പ്രസിഡന്റ് സ്ഥാനം കൊടുത്ത് എല്‍.ഡി.എഫ് ഭരണം പിടിച്ചെടുത്തു.
ആദ്യ ഒന്നേകാല്‍ വര്‍ഷം ശോശാമ്മ തോമസ് പ്രസിഡന്റായി. പിന്നീടുള്ള ഊഴത്തില്‍ കെ.കെ.വത്സല പ്രസിഡന്റായി. ധാരണ പ്രകാരം കെ.കെ. വത്സല ചുമതല ഒഴിയാന്‍ തയാറാകാതിരുന്നത് എല്‍ഡിഎഫില്‍ അസംതൃപ്തിയുണ്ടാക്കി. ഇത് മുതലെടുത്ത് എല്‍ഡിഎഫില്‍ നിന്ന് ജെസി സൂസന്‍ ജോസഫിനെ യു.ഡി.എഫ് പാളയത്തിലെത്തിച്ചു. ഇന്നലെ രാവിലെയും ഉച്ചക്ക് ശേഷവും നടന്ന അവിശ്വാസ ചര്‍ച്ചകളില്‍ നിന്നും എല്‍.ഡി.എഫ് അംഗങ്ങള്‍ വിട്ടു നിന്നു.
ജെസി സൂസന് കിട്ടേണ്ട പ്രസിഡന്റ് സ്ഥാനം അട്ടിമറിക്കാനുള്ള ശ്രമമാണ് ഇന്നലെ എല്‍ഡിഎഫിന്റെ പതനത്തില്‍ കലാശിച്ചത്. വനിതാ സംവരണം അട്ടിമറിച്ച് നിലവിലെ പ്രസിഡന്റിനെ കൊണ്ട് അവധി എടുപ്പിച്ച ശേഷം വൈസ് പ്രസിഡന്റ് ഉണ്ണി പ്ലാച്ചേരിക്ക് പ്രസിഡന്റിന്റെ ചുമതല നല്‍കാനുള്ള എല്‍.ഡി.എഫ് നീക്കത്തില്‍ പ്രതിഷേധിച്ചാണ് താന്‍ അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തതെന്ന് ജെസി സൂസന്‍ ജോസഫ് പറഞ്ഞു. ഇടത് മുന്നണിയിലെ അംഗങ്ങള്‍ക്ക് വേണ്ടത്ര പരിഗണന നല്‍കാതെ യു.ഡി.എഫില്‍ നിന്നും എത്തിയ വൈസ് പ്രസിഡന്റിന് അമിത പ്രാധാന്യം നല്‍കുകയാണ് നേതൃത്വം ചെയ്തത്. ഇക്കാര്യം പാര്‍ട്ടിയിലും മുന്നണിയിലും ഉന്നയിച്ചിട്ടും പരിഹാരം ഉണ്ടാക്കിയില്ല. കെടുകാര്യസ്ഥതയിലാണ് എല്‍.ഡി.എഫ് ഭരണം കഴിഞ്ഞ നാളുകളില്‍ നടന്നതെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ലാലു തോമസ് പറഞ്ഞു. സി.പി.എം അംഗങ്ങള്‍ക്കിടയില്‍ ഇക്കാര്യത്തില്‍ കടുത്ത പ്രതിഷേധം ഉണ്ടായിരുന്നു. ഇതാണ് സി.പി.എം അംഗം പാര്‍ട്ടി വിടാന്‍ തീരുമാനിച്ചത്.
ബ്ലോക്ക് പഞ്ചായത്ത് ഭരണം തിരികെ പിടിച്ചത് യു.ഡി.എഫിന്റെ വിജയമാണെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് ടിക്കറ്റില്‍ നിന്ന് മത്സരിച്ച് വിജയിച്ച് ഒന്നേകാല്‍ വര്‍ഷത്തിന് ശേഷം ഭരണം അട്ടിമറിച്ച് എല്‍.ഡി.എഫിനൊപ്പം ചേര്‍ന്ന് വൈസ് പ്രസിഡന്റായെങ്കിലും യു.ഡി.എഫ് ഉണ്ണി പ്ലാച്ചേരിയെ പുറത്താക്കിയില്ല. നിലവില്‍ വിപ്പ് ലംഘിച്ച് കൂറ് മാറിയതിന് തെരഞ്ഞെടുപ്പ് കമ്മിഷനില്‍ ഉണ്ണിക്കെതിരേ കേസ് ഉണ്ട്. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് തിരികെ പിടിക്കാന്‍ യു.ഡി.എഫ് നിരവധി
നീക്കങ്ങള്‍ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി വൈസ് പ്രസിഡന്റ് ഉണ്ണി പ്ലാച്ചേരിക്ക് കോണ്‍ഗ്രസ് വിപ്പ് നല്‍കി. വിപ്പ് ലംഘിച്ചാല്‍ തെരഞ്ഞെടുപ്പ് കമ്മിഷനിലുള്ള കൂറുമാറ്റ നിരോധനക്കേസില്‍ തിരിച്ചടിക്കും. ലംഘിക്കാതിരുന്നാല്‍ തനിക്കെതിരെ തന്നെ വോട്ട് ചെയ്യേണ്ടിയും വരും. ഇതോടെ ഉണ്ണി ചര്‍ച്ചയില്‍ നിന്ന് വിട്ടു നിന്നു. കോണ്‍ഗ്രസ് നേതൃത്വം ബുദ്ധിപൂര്‍വം ഉണ്ണിയെ വെട്ടിലാക്കുകയായിരുന്നു. എല്‍.ഡി.എഫിലേക്ക് കൂറുമാറിയ ഉണ്ണിയ്ക്കെതിരേ കര്‍ശന നടപടി എടുക്കാതെ തന്ത്രപരമായ സമീപനമാണ് യു.ഡി.എഫ് സ്വീകരിച്ചത്.
സഹകരണ സ്ഥാപനങ്ങള്‍ മുഴുവന്‍ പിടിച്ചെടുത്ത സി.പി.എമ്മിന്റെ അക്രമ രാഷ്ട്രീയത്തിനേറ്റ കനത്ത തിരിച്ചടിയാണ് കോയിപ്രത്ത് നടന്ന അവിശ്വാസ വോട്ടെടുപ്പില്‍ ഉണ്ടായതെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി പഴകുളം മധു പറഞ്ഞു. വികസനത്തില്‍ ജില്ലയില്‍ ബ്ലോക്ക് പഞ്ചായത്തുകളില്‍ മുന്‍പന്തിയില്‍ നിന്നിരുന്ന തന്റെ നേതൃത്വത്തിലുള്ള ഭരണ സമിതിയെ അകാരണമായി അട്ടിമറിച്ചാണ് സി.പി. എം ഭരണം നേടിയതെന്ന് മുന്‍ പ്രസിഡന്റ് ജിജി ജോണ്‍ മാത്യു പറഞ്ഞു. യു ഡി എഫിന് വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്ന കോയിപ്രം ബ്ലോക്ക് പഞ്ചായത്തിന്റെ ഭരണം ജനാധിപത്യവിരുദ്ധമായ മാര്‍ഗങ്ങളിലൂടെ എല്‍.ഡി.എഫ് പിടിച്ചെടുക്കുകയായിരുന്നു എന്നും അവര്‍ പറഞ്ഞു.