അധ്യാപക നിയമനത്തിലെ ഭിന്നശേഷി സംവരണത്തില്‍ നിര്‍ണായക നീക്കവുമായി സര്‍ക്കാര്‍; എസ്എസിന് അനുകൂലമായ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകള്‍ക്കും ബാധകമാക്കും; ക്രൈസ്തവ സഭകള്‍ അടക്കം രൂക്ഷ എതിര്‍പ്പുമായി മുന്നോട്ടു വന്ന സാഹചര്യത്തിലുള്ള സര്‍ക്കാര്‍ നീക്കത്തിന് പിന്നില്‍ തെരഞ്ഞെടുപ്പു ലക്ഷ്യങ്ങളും
അധ്യാപക നിയമനത്തിലെ ഭിന്നശേഷി സംവരണത്തില്‍ നിര്‍ണായക നീക്കവുമായി സര്‍ക്കാര്‍
തിരുവനന്തപുരം: എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക നിയമനത്തിലെ ഭിന്നശേഷി സംവരണത്തില്‍ നിര്‍ണായക നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. ഭിന്നശേഷി സംവരണത്തില്‍ എന്‍എസ്എസിന് അനുകൂലമായ കോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകള്‍ക്കും ബാധകമാക്കും. ഇതുസംബന്ധിച്ച നിയമോപദേശം സര്‍ക്കാരിന് ലഭിച്ചു. ഉടന്‍ തന്നെ സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കാനാണ് നീക്കം.
ഇതില്‍ അന്തിമ തീര്‍പ്പ് സുപ്രീംകോടതി വിധി അനുസരിച്ചാകുമെന്ന ഉപാധിയും മുന്നോട്ടു വെച്ചിട്ടുണ്ട്. ഭിന്നശേഷി സംവരണ വിഷയത്തില്‍ ക്രൈസ്തവ സഭകള്‍ അടക്കം രൂക്ഷ എതിര്‍പ്പുമായി മുന്നോട്ടു വന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ നീക്കം. നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായ വേളയില്‍ ക്രൈസ്തവ സഭകള്‍ അടക്കമുള്ള സമുദായസംഘടനകളെ പ്രീണിപ്പിക്കുക കൂടി ഈ നീക്കത്തിന് പിന്നിലുണ്ട്.
നേരത്തെ ഭിന്നശേഷി സംവരണത്തില്‍ എന്‍എസ്എസിന് അനുകൂലമായി സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചപ്പോള്‍, സമാനസമുദായങ്ങള്‍ക്കും ഇതു ബാധകമാക്കാവുന്നതാണെന്ന ക്ലോസ് നിര്‍ദേശിച്ചിരുന്നു. അതുചൂണ്ടിക്കാട്ടി കെസിബിസി അടക്കം സമീപിച്ചെങ്കിലും സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചിരുന്നില്ല. ഹൈക്കോടതിയെ സമീപിച്ചപ്പോള്‍, കോടതി നിലപാട് തേടിയപ്പോഴും എന്‍എസ്എസിന് അനുകൂലമാക്കി മാത്രമാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്.
ഭിന്നശേഷി സംവരണ വിഷയത്തില്‍ അധ്യാപകര്‍ക്കുണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയും നേരത്തെ വ്യക്തമാക്കിയിരുന്നു. എന്‍എസ്എസിന് അനുകൂലമായ വിധി എല്ലാവര്‍ക്കും ബാധകമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കോടതിവിധിയില്‍ മാനേജ്മെന്റ് വേണ്ടവിധം കേസ് ശ്രദ്ധിച്ചില്ലെന്നുമാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയ കാര്യം.
മുഖ്യമന്ത്രി അധ്യാപക സംഘടനകളുടെയും മാനേജുമെന്റിന്റെയും പ്രതിനിധികളുടെ യോഗം വിളിച്ചിരുന്നു. കേസ് കോടതിയിലേക്ക് പോയ സാഹചര്യത്തില്‍ എന്‍എസ്എസിന് അനുകൂലമായ വിധി എല്ലാവര്‍ക്കും ബാധകമാക്കാന്‍ മാനേജ്മെന്റും അധ്യാപകരും കോടതിയില്‍ കക്ഷിചേരാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ വേണ്ടരീതിയില്‍ ശ്രദ്ധചെലുത്തുവാന്‍ മാനേജ്മെന്റുകള്‍ ശ്രമിച്ചില്ല. സംസ്ഥാനത്ത് ഹൈക്കോടതിയുടെ ഉത്തരവാണ് നാലുശതമാനം ഭിന്നശേഷിക്കാര്‍ക്കു നിയമനം നടത്തിയതിനുശേഷമേ എയ്ഡഡ് മാനേജ്മെന്റ് ഓപ്പണ്‍ വേക്കന്‍സിയില്‍ നടത്താവൂ എന്നുള്ളത്. കോടതി വിധിപറഞ്ഞ അവസരത്തില്‍ ആര്‍ക്കൊക്കെയാണു മുന്‍ഗണ കൊടുക്കേണ്ടതെന്നും ഹൈക്കോടതി പറഞ്ഞിട്ടുണ്ട്.
ഓരോ പരിമിതിയിലുള്ളവരെ സംബന്ധിച്ചും വ്യക്തമാക്കിയിട്ടുണ്ട്. കോടതി പറഞ്ഞതുപോലെയുള്ള സീനിയോരിറ്റിയുള്ള അധ്യാപകരെ ലഭിക്കുന്നില്ലെന്ന് മാനേജ്മെന്റ്പറയുന്നതു ശരിയാണ്. ഭിന്നശേഷിക്കാരായ അധ്യാപകരെ കിട്ടാതെ വന്നാല്‍ ഒരു വര്‍ഷക്കാലം കാത്തിരിക്കാനാണു കോടതി പറഞ്ഞിരിക്കുന്നത്. ഒരു വര്‍ഷം താത്കാലികമായി അധ്യാപകരെ നിയമിക്കുന്നതിനുള്ള അവകാശം ഉണ്ടായിരിക്കും. ഈ അധ്യാപകര്‍ക്ക് അനുകുല്യങ്ങള്‍ നല്കും. ഇതു ഗവണ്‍മെന്റ് എടുത്ത തീരുമാനമല്ലെന്നും മന്ത്രി പറഞ്ഞു.
കോര്‍പറേറ്റ് മാനേജ്മെന്റും സിംഗിള്‍ മാനേജ്മെന്റും ഈ കേസ് വേണ്ടവിധം ശ്രദ്ധിച്ചില്ല. കോടതിവിധി വന്നതോടെ ഭിന്നശേഷിക്കാര്‍ക്കു നിയമനം കൊടുക്കാതെ പറ്റില്ല. അതിനുശേഷമാണ് എന്‍എസ്എസ് സുപ്രീംകോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. ഈ പരാതിയില്‍ ഗവണ്‍മെന്റ് അനുകൂലമായ നിലപാട് സ്വീകരിച്ചു. അതിനുശേഷം സര്‍ക്കാര്‍ നിയമോപദേശം തേടി. നിരവധി കേസുകള്‍ ഉള്ളതിനാല്‍ ഇത് എന്‍എസ്എസിനു മാത്രം ബാധകമാണെന്ന് നിയമോപദേശം വന്നിരുന്നു. അതിനുശേഷം മുഖ്യമന്ത്രി ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു ചേര്‍ത്തു.
എന്‍എസ്എസിന്റെ വിധി മറ്റു മാനേജ്മെന്റുകള്‍ക്കും ബാധകമാക്കാന്‍ സത്യവാങ്മൂലം നല്കാന്‍ ആവശ്യപ്പെട്ടു. ഇതിനുസരിച്ചു സത്യവാങ്മൂലം ഫയല്‍ ചെയപ്പോള്‍ 400 അധ്യാപകരും 10ല്‍ താഴെ മാനേജ്മെന്റും തങ്ങളുടെ ഭഗം കൂടി കേട്ടതിനുശേഷമേ അന്തിമതീരുമാനം എടുക്കാവൂമെന്ന് പറഞ്ഞ് എസ്എല്‍പി ഫയല്‍ ചെയ്തു. തുടര്‍ന്നു സുപ്രീംകോടതി രണ്ടു തവണ കേസ് മാറ്റിവച്ചിരിക്കുകയാണ്.
താമസിക്കാതെ തന്നെ വിഷയത്തിനു പരിഹാരം കാണണമെന്ന് സുപ്രീംകോടതിയില്‍ വാദിക്കുന്നവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥനത്തെ അഡ്വക്കേറ്റ് ജനറലിനോടും നിയമപദേശം വാങ്ങിയിട്ടുണ്ട്. ഇവരെ എങ്ങനെ സഹായിക്കാന്‍ കഴിയുമെന്ന കാര്യം സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണ്. സര്‍ക്കാര്‍ തുറന്ന മനസോടെയാണ് ഇക്കാര്യത്തെ കാണുന്നത്. എല്ലാവരും ഒരുമിച്ചു നിന്നിരുന്നെങ്കിലും മാനേജ്മെന്റുകളുടെ ബുദ്ധിമുട്ട് കോടതിയെ ബോധ്യപ്പെടുത്താമായിരുന്നുവെന്നും മന്ത്രി വി. ശിവന്‍ കുട്ടി വ്യക്തമാക്കി.
