കോണ്‍ഗ്രസ് പുറത്താക്കിയയാള്‍ക്ക് നിയമനം: സംസ്‌കാര സാഹിതി ഭാരവാഹി ലിസ്റ്റ് മരവിപ്പിച്ചു; ലിസ്റ്റ് പുറത്തുവന്നത് കെപിസിസി അറിയാതെന്ന് ആരോപണം
കോണ്‍ഗ്രസ് പുറത്താക്കിയയാള്‍ക്ക് നിയമനം: സംസ്‌കാര സാഹിതി ഭാരവാഹി ലിസ്റ്റ് മരവിപ്പിച്ചു;
കണ്ണൂര്‍ : വിവാദത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് സാംസ്‌കാരിക സംഘടനയായ സംസ്‌കാര സാഹിതി ഭാരവാഹി ലിസ്റ്റ് മരവിപ്പിച്ചു. കോണ്‍ഗ്രസ് ജില്ലാ നേതൃത്വം സസ്‌പെന്‍ഡ് ചെയ്ത പ്രദീപ് പയ്യന്നൂരിനെ ഭാരവാഹിയാക്കിയതാണ് വിവാദമായത്.ലിസ്റ്റ് റദ്ദാക്കിയതായി സംസ്ഥാന ചെയര്‍മാന്‍ സി.ആര്‍ മഹേഷ് എം.എല്‍ എ അറിയിച്ചു.
ലിസ്റ്റ് പുറത്തുവന്നത് കെ.പി.സി.സി അറിയാതെയാണെന്നും ആരോപണമുണ്ട്. മാടായി കോളേജില്‍ രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ക്ക് നിയമനം നല്‍കിയെന്ന ആരോപണത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് നിയന്ത്രിതമായ പ്രിയദര്‍ശിനി ട്രസ്റ്റ് ബോര്‍ഡ് അംഗമായ പ്രദീപ് പയ്യന്നൂര്‍ ഉള്‍പെടെയുള്ള അംഗങ്ങളെ ഡി.സി.സി അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. സാംസ്‌കാരിക സാഹിതി വൈസ്‌ചെയര്‍മാനായാണ് പ്രദീപ് പയ്യന്നൂരിനെ നോമിനേറ്റ് ചെയ്തിരുന്നത്.
എം.കെ. രാഘവന്‍ എം.പിയാണ് ട്രസ്റ്റിന്റെ ചെയര്‍മാന്‍. എം.പിയുടെ നേതൃത്വത്തില്‍ കോഴ വാങ്ങിപിന്‍വാതില്‍ നിയമനം നടത്തിയെന്നാണ് മൂന്ന് ബ്‌ളോക്ക് കമ്മിറ്റി ഭാരവാഹികളുടെ ആരോപണം. ഇതേ തുടര്‍ന്ന് പയ്യന്നൂരിലെ കൊവ്വല്‍ പുറത്തുള്ള എം.കെ രാഘവന്റെ വീട്ടിലേക്ക് സ്ത്രികള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ചു നടത്തുകയും എം.കെ രാഘവന്റെ കോലം കത്തിക്കുകയും ചെയ്തിരുന്നു.
ഇതേ തുടര്‍ന്ന് ബ്‌ളോക്ക് ഭാരവാഹികളെയും പ്രവര്‍ത്തകരെയും പാര്‍ട്ടിയില്‍ നിന്നും ഡി.സി.സി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട് പ്രശ്‌നം അവസാനിപ്പിക്കുന്നതിനായി കെ.പി.സി.സി നിയോഗിച്ച അന്വേഷണ കമ്മിഷന്റെ ചെയര്‍മാനായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കണ്ണൂരിലെത്തി മൊഴിയെടുത്തുവെങ്കിലും മഞ്ഞുരുകിയിരുന്നില്ല.