അധികാരമേറ്റ ഉടന്‍ 'വിഎസ് ' ഔട്ട്'! പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് ഹാളിലെ മുന്‍മുഖ്യമന്ത്രിയുടെ പേരും ചിത്രവും നീക്കം ചെയ്ത് കോണ്‍ഗ്രസ്; പുതിയ പ്രസിഡന്റ് ചുമതലയേറ്റതിന് പിന്നാലെ പ്രതിഷേധവുമായി സിപിഎം; കോണ്‍ഗ്രസിന് അധികാരം കിട്ടിയാല്‍ ഇങ്ങനെയെന്ന് എ.എ റഹീം എംപി

അധികാരമേറ്റ ഉടന്‍ 'വിഎസ് ' ഔട്ട്'!

Update: 2025-12-28 09:46 GMT

തിരുവനന്തപുരം: പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ സ്ഥാപിച്ചിരുന്ന മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ചിത്രവും ഹാളിന്റെ പേരും നീക്കം ചെയ്തത് രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി. കോണ്‍ഗ്രസ് പ്രതിനിധി എസ്. ഉഷാ കുമാരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റതിന് തൊട്ടുപിന്നാലെയാണ് ഈ നടപടി. സംഭവത്തില്‍ സിപിഎം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ചിത്രവും പേരും നീക്കം ചെയ്തതെന്നാണ് സിപിഎമ്മിന്റെ ആരോപണം. 'വി.എസ്. അച്യുതാനന്ദന്‍ കോണ്‍ഫറന്‍സ് ഹാള്‍' എന്ന പേര് ചുരണ്ടിക്കളയുന്നതിന്റെയും ചിത്രം മാറ്റുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. യു.ഡി.എഫ്. അധികാരം ഏറ്റെടുത്തതിന് പിന്നാലെയാണ് ഈ നടപടിയുണ്ടായതെന്നാണ് പ്രധാന പരാതി.

ഈ വര്‍ഷം ഒക്ടോബറിലാണ് പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ ഈ കോണ്‍ഫറന്‍സ് ഹാള്‍ ഉദ്ഘാടനം ചെയ്തത്. വി.എസിന്റെ പേരും ചിത്രവും നീക്കം ചെയ്ത നടപടിയില്‍ എ.എ. റഹീം എം.പി. രൂക്ഷവിമര്‍ശനമുയര്‍ത്തി. കോണ്‍ഗ്രസിന് അധികാരം ലഭിക്കുന്നിടത്ത് എന്താണ് സംഭവിക്കുന്നതെന്ന് ജനം കാണുന്നുണ്ടെന്നും വി.എസിനെ സ്‌നേഹിക്കുന്നവര്‍ ഇടതുപക്ഷക്കാര്‍ മാത്രമല്ലെന്നും റഹീം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഉഷാ കുമാരി സ്ഥാനം രാജിവെച്ച് പൊതുസമൂഹത്തോട് മാപ്പ് പറയണമെന്ന് സിപിഐ(എം) ആവശ്യപ്പെട്ടു.

അതേസമയം, ചിത്രം മാറ്റിയോ എന്നറിയില്ലെന്നും വിഷയം പരിശോധിക്കാമെന്നുമാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഉഷാ കുമാരിയുടെ പ്രതികരണം.

Tags:    

Similar News