കെ എസ് യു പ്രവര്‍ത്തകരെ കോടതിയിലെത്തിച്ചത് കറുത്ത മാസ്‌കും കൈ വിലങ്ങും അണിയിച്ച്; എന്ത് തിരിച്ചറിയലാണ് നടത്താനുള്ളതെന്ന് കോടതി; വ്യക്തമായ ഉത്തരമില്ലാതെ പൊലീസ്; പൊലീസിന് ഷോ കോസ് നോട്ടീസ്
കെ എസ് യു പ്രവര്‍ത്തകരെ മുഖംമൂടി ധരിപ്പിച്ച് കോടതിയില്‍ ഹാജരാക്കി
തൃശൂര്‍: വിദ്യാര്‍ത്ഥി സംഘടന നേതാക്കളെ മുഖംമൂടി ധരിപ്പിച്ച് കോടതിയില്‍ ഹാജരാക്കിയതിന് പൊലീസിന് ഷോ കോസ് നോട്ടീസ്. തൃശ്ശൂരിലെ കൈ എസ് യു നേതാക്കളെയാണ് വടക്കാഞ്ചേരി പോലീസ് മുഖംമൂടി ധരിപ്പിച്ച് കോടതിയില്‍ ഹാജരാക്കിയത്. വടക്കാഞ്ചേരി എസ്എച്ച്ഒ ഷാജഹാനാണ് ഷോ കോസ് നല്‍കിയത്. സംഭവത്തില്‍ വടക്കാഞ്ചേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ചു.
മുള്ളൂര്‍ക്കരയില്‍ കെ എസ് യു-എസ്എഫ്‌ഐ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്ന് കെ എസ്.യു പ്രവര്‍ത്തകരെയാണ് കോടതിലേക്ക് കറുത്തമുഖം മൂടി വച്ച് മുഖം മറച്ച് കൊണ്ട് വന്നത്. കെ എസ് യു ജില്ലാ വൈസ് പ്രസിഡന്റ് ഗണേഷ് ആറ്റൂര്‍ , ജില്ലാ കമ്മിറ്റി അംഗം അല്‍ അമീന്‍, കിള്ളി മംഗലം ആട്‌സ് കോളേജ് യൂണിറ്റ് പ്രസിഡന്റ് അസ്ലം കെ.കെ എന്നിവരെയാണ് മുഖം മൂടി ധരിപ്പിച്ച് കോടതിയിലെത്തിച്ചത്.
വിദ്യാര്‍ഥികളെ കറുത്ത മാസ്‌കും കൈ വിലങ്ങും അണിയിച്ച് കൊണ്ടുവന്നത് എന്തിനാണെന്ന് വടക്കാഞ്ചേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ചോദിച്ചു. അഭിഭാഷകന്‍ മജിസ്ട്രേറ്റിനെ ഈ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് കോടതി വടക്കാഞ്ചേരി എസ്‌ഐ ഹുസൈനാരോട് വിശദീകരണം തേടിയത്. തിരിച്ചറിയല്‍ പരേഡ് നടത്താനാണ് പ്രതികളെ മുഖംമൂടി ധരിപ്പിച്ചത് എന്നായിരുന്നു പൊലീസിന്റെ വിശദീകരണം. എന്നാല്‍, പരാതിക്കാര്‍ എഫ്‌ഐആറില്‍ പേര് രേഖപ്പെടുത്തിയ അതേ പ്രതികളെ തന്നെയാണ് കോടതിയില്‍ ഹാജരാക്കിയത് എന്നതിനാല്‍ എന്ത് തിരിച്ചറിയലാണ് നടത്താനുള്ളതെന്ന കോടതിയുടെ ചോദ്യത്തിന് പൊലീസ് ഉദ്യോഗസ്ഥന് വ്യക്തമായ മറുപടി നല്‍കാനായില്ല.
തിങ്കളാഴ്ച എസ്എച്ച്ഒ നേരിട്ട് കോടതിയില്‍ എത്തി വിശദീകരണം നല്‍കണമെന്നും നോട്ടീസില്‍ പറയുന്നു. സംഭവത്തില്‍ കോണ്‍ഗ്രസ് വലിയ പ്രതിഷേധവുമായി രംഗത്തെത്തി. തങ്ങളുടെ നേതാക്കളെ ഭീകരരെ പോലെ കോടതിയില്‍ എത്തിച്ചത് എന്തിനാണെന്ന ചോദ്യം കോണ്‍ഗ്രസും ഉന്നയിച്ചു. പേപ്പട്ടിയെപ്പോലെ പ്രവര്‍ത്തിക്കുന്ന പൊലീസുകാരെ പേപ്പട്ടിയെ കൈകാര്യം ചെയ്യുന്നതുപോലെ കൈകാര്യം ചെയ്യുമെന്ന് ഡിസിസി അധ്യക്ഷന്‍ ജോസഫ് ടാജറ്റ് പ്രതികരിച്ചു.
എസ്എച്ച്ഒയുടെ നടപടിക്കെതിരെ ജില്ലാ പൊലീസ് മേധാവിക്കും ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിനും റിപ്പോര്‍ട്ട് ചെയ്യാനും ഷോക്കോസ് നോട്ടീസ് നല്‍കാനും കോടതി നിര്‍ദ്ദേശം നല്‍കി. കെ എസ് യു പ്രവര്‍ത്തകരായ ഗണേഷ് ആറ്റൂര്‍, അല്‍ അമീന്‍, അസ്ലാം എന്നിവരെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയും ചെയ്തു. കേസിലെ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും. മുഖം മൂടി ധരിപ്പിച്ച് കോടതിയിലെത്തിച്ച നടപടിയ്‌ക്കെതിരെ കോണ്‍ഗ്രസ് തിങ്കഴാഴ്ച വടക്കാഞ്ചേരി സ്റ്റേഷനിലേക്ക് മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുമുണ്ട്.