ക്രൈസ്തവ പുരോഹിതര്‍ക്കൊപ്പം സാദിക്കലി തങ്ങള്‍ കേക്ക് മുറിച്ചതിനെ ചൊല്ലി സമസ്ത നേതാവിന്റെ വിമര്‍ശനം; പച്ചവെള്ളത്തിന് തീ പിടിപ്പിക്കുന്ന പ്രസ്താവനകളെ കേരളം അവജ്ഞയോടെ നേരിടുമെന്ന് കുഞ്ഞാലിക്കുട്ടി; ഹമീദ് ഫൈസിക്കെതിരെ ലീഗ് ദേശീയ ജന.സെക്രട്ടറി
ഹമീദ് ഫൈസിക്കെതിരെ കുഞ്ഞാലിക്കുട്ടി
കൊച്ചി: സാദിഖലി തങ്ങള്‍ ക്രൈസ്തവ പുരോഹിതന്മാര്‍ക്കൊപ്പം കേക്ക് മുറിച്ചു കഴിച്ചതിന്റെ പേരില്‍ 'തങ്ങളെ' വമര്‍ശിച്ച സമസ്ത നേതാവ് ഹമീദ് ഫൈസി അമ്പലക്കടവിന് ചുട്ടമറുപടിയുമായി മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ലീഗ് ഉയര്‍ത്തി പിടിക്കുന്ന പാരമ്പര്യമാണ് തങ്ങളും ഉയര്‍ത്തി പിടിച്ചതെന്ന് ചൂണ്ടിക്കാണിച്ച കുഞ്ഞാലിക്കുട്ടി പൊതു സമൂഹത്തെ കൂട്ടു പിടിച്ച് മാത്രമേ പാര്‍ട്ടി മുന്നോട്ട് പോകൂ എന്നും വ്യക്തമാക്കി. അല്ലാത്തതൊക്കെ വിഭാഗീയതയോ വര്‍ഗീയതയോ ആണ്. ആര് പറഞ്ഞാലും ലീഗ് അത് അവജ്ഞയോടെ തള്ളി കളയുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
ഹമീദ് ഫൈസിയുടെ പ്രസ്താവനയെ പൊതു സമൂഹം വില കുറഞ്ഞ രീതിയിലാണ് കാണുക. അത്തരം കാര്യങ്ങള്‍ നിര്‍ത്തുകയാണ് നല്ലത്. ഇത്തരക്കാരെ നിയന്ത്രിക്കേണ്ടത് സമസ്ത നേതൃത്വത്തിന്റെ ഉത്തരവാദിത്തമാണ്. നിരന്തരം ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതിന്റെ ഉദ്ദേശം വേറെയാണ്. പച്ചവെള്ളത്തിന് തീ പിടിപ്പിക്കുന്ന പ്രസ്താവനകളെ കേരളം അവജ്ഞയോടെ നേരിടുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
ക്ലിമീസ് ബാവയും സാദിഖലി തങ്ങളും തമ്മിലുള്ള കൂടിക്കാഴ്ച നല്ല കാര്യമാണെന്നും സമുദായങ്ങള്‍ തമ്മിലുള്ള സൗഹൃദം കേരളത്തിന്റെ പാരമ്പര്യമാണെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാണിച്ചു. കേരള കോണ്‍ഗ്രസ് മറ്റൊരു മുന്നണിയില്‍ നില്‍ക്കുകയാണ്. അവര്‍ നിലപാട് പറയാതെ യാതൊരു ചര്‍ച്ചയ്ക്കും സാധ്യതയില്ല. ഇതുവരെ ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
എസ്ഡിപിഐ പിന്തുണ സംബന്ധിച്ച വിഷയത്തിലും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ആര് ആരെ സഹായിച്ചു എന്ന് ഗവേഷണം നടത്താനാവില്ല. ഞങ്ങള്‍ യുഡിഎഫ് ആയാണ് മത്സരിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ സാമ്പാര്‍ മുന്നണിയായി യുഡിഎഫിനെ തോല്‍പ്പിക്കാന്‍ ശ്രമിച്ചവരുണ്ട്. ആ സാമ്പാറിലെ കഷ്ണങ്ങള്‍ തപ്പി നോക്കിയാല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാണിച്ചു.
സാദിഖലി തങ്ങള്‍ ക്രൈസ്തവ ആചാരങ്ങളുടെ ഭാഗമാകുന്നതിലാണ് ഹമീദ് ഫൈസി വിമര്‍ശനം ഉന്നയിച്ചത്. ഇതര മതങ്ങളുടെ ആചാരങ്ങളുടെ ഭാഗമാകുന്നത് മുസ്ലിം ധര്‍മ ശാസ്ത്രത്തിന് വിരുദ്ധമാണെന്നാണ് വിമര്‍ശനം. സാദിഖലി തങ്ങള്‍ ക്രൈസ്തവ പുരോഹിതന്മാര്‍ക്കൊപ്പം കേക്ക് മുറിച്ചു കഴിച്ചതിന്റെ പേരിലാണ് സമസ്ത നേതാവ് പാണക്കാട് തങ്ങള്‍ക്കെതിരെ തിരിഞ്ഞത്. വൈലത്തൂരില്‍ നടന്ന എസ്‌കെഎസ്എസ്എഫ് ആദര്‍ശ സമ്മേളനത്തിലായിരുന്നു ഹമീദ് ഫൈസിയുടെ വിമര്‍ശനം.
ജമാഅത്ത് ഇസ്ലാമിയെയും പിഎംഎ സലാമിനെയും ഹമീദ് ഫൈസി അമ്പലക്കടവ് വിമര്‍ശിക്കുന്നുണ്ട്. പിഎംഎ സലാം മുസ്ലിംലീഗിലേക്ക് തിരിച്ചെത്തിയതിനു പിന്നിലും ചരട് വലിച്ചത് ജമാഅത്തെ ഇസ്ലാമിയെന്നാണ് കുറ്റപ്പെടുത്തല്‍. സമസ്തയില്‍ ജമാഅത്തെ ഇസ്ലാമി നുഴഞ്ഞുകയറി. മുസ്ലീംലീഗിനും സമസ്തക്കും ഇടയില്‍ ജമാഅത്തെ ഇസ്ലാമി വിള്ളലുണ്ടാക്കി. മുസ്ലീം ലീഗിനെ പിളര്‍ത്തി ഐഎന്‍എല്‍ ഉണ്ടാക്കിയതില്‍ ജമാഅത്തെ ഇസ്ലാമിയുടെ മുഖപത്രത്തിനും സിമിയുടെ കോഴിക്കോടുള്ള ആസ്ഥാനമായ ഇസ്ലാമിക് യൂത്ത് സെന്ററിനും പങ്കുണ്ട്.
നേരത്തെ ക്രിസ്മസ് ദിനത്തില്‍ സാദിഖലി ശിഹാബ് തങ്ങള്‍ കോഴിക്കോട് മലാപ്പറമ്പിലെ ബിഷപ്പ് ഹൗസില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ബിഷപ്പ് വര്‍ഗീസ് ചക്കാലക്കലിനൊപ്പം സാദിഖലി തങ്ങള്‍ ക്രിസ്മസ് കേക്കും മുറിച്ചിരുന്നു. ക്രിസ്തീയ സമൂഹവുമായി എന്നും ഊഷ്മളമായ ബന്ധം നിലനിര്‍ത്തുമെന്ന് സന്ദര്‍ശനത്തിന് ശേഷം തങ്ങള്‍ വ്യക്തമാക്കിയിരുന്നു. ക്രിസ്മസ് ദിനത്തില്‍ ആശംസകള്‍ അറിയിക്കാനായി തങ്ങള്‍ എത്തിയതില്‍ വലിയ സന്തോഷമുണ്ടെന്നായിരുന്നു സന്ദര്‍ശനത്തോടുള്ള കോഴിക്കോട് രൂപത ബിഷപ്പ് വര്‍ഗീസ് ചക്കാലക്കലിന്റെ പ്രതികരണം. മുസ്ലിം ലീഗ് നേതാക്കളായ ഡോ. എം കെ മുനീര്‍ എംഎല്‍എ, ഉമര്‍ പാണ്ടികശാല, പി ഇസ്മായില്‍, ടിപിഎം ജിഷാന്‍, എന്‍ സി അബൂബക്കര്‍ എന്നിവരും സാദിഖലി തങ്ങള്‍ക്കൊപ്പം കോഴിക്കോട് മലാപ്പറമ്പിലെ ബിഷപ്പ് ഹൗസില്‍ സന്ദര്‍ശനം നടത്തിയിരുന്നു.
കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ക്ലീമിസ് ബാവാ കഴിഞ്ഞ ദിവസം പാണക്കാട് സന്ദര്‍ശനം നടത്തിയിരുന്നു. മുസ്ലിം ലീഗ് നേതാക്കള്‍ ക്ലീമിസ് ബാവായെ സ്വീകരിച്ചു. മുസ്ലിം ലീഗ് നേതാക്കളായ സാദിഖലി തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി എന്നിവരുമായി കെസിബിസി പ്രസിഡന്റ് ചര്‍ച്ച നടത്തി. സമകാലിക രാഷ്ട്രീയ വിഷയങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. യുഡിഎഫിലെ വിഷയങ്ങളും ഇവര്‍ ചര്‍ച്ച ചെയ്തു. സാമുദായിക നേതൃത്വങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ കോണ്‍ഗ്രസ് നേതാക്കള്‍ നീക്കം നടത്തുന്നതിനിടെയിലാണ് ക്ലീമിസ് ബാവാ പാണക്കാട് എത്തിയിരിക്കുന്നത്. രാഷ്ട്രീയ നീക്കങ്ങളുടെ ഭാഗമായുള്ള നിര്‍ണ്ണായക കൂടിക്കാഴ്ചയെന്നാണ് വിവരം.
നേരത്തെ മുനമ്പം വിഷയത്തില്‍ തലശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുമായി മുസ്ലിം ലീഗ് അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. തലശേരി ബിഷപ്പ് ഹൗസിലെത്തിയായിരുന്നു കൂടിക്കാഴ്ച. ഇന്നത്തെ സാഹചര്യത്തില്‍ തങ്ങളുടെ കൂടിക്കാഴ്ചയ്ക്ക് പ്രസക്തിയുണ്ടെന്നും ഇത്തരം കൂടിക്കാഴ്ചകള്‍ ആവശ്യമാണെന്നുമായിരുന്നു സാദിഖലി ശിഹാബ് തങ്ങള്‍ അന്ന് പ്രതികരിച്ചത്. മുനമ്പം വിഷയത്തില്‍ സമുദായങ്ങള്‍ തമ്മില്‍ അകല്‍ച്ച ഉണ്ടാവരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു. കൂടിക്കാഴ്ചയില്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഇല്ലെന്നായിരുന്നു മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞത്.