'എല്ലാ ദിവസവും ആരോപണം ഉന്നയിക്കല്‍ ഒരു നല്ല ലക്ഷണമല്ല; ഫോണ്‍ ചോര്‍ത്തല്‍ ആരു ചെയ്താലും തെറ്റ്'; അന്‍വറിനെ 'കുത്തി' എല്‍ഡിഎഫ് കണ്‍വീനര്‍; എഡിജിപി തെറ്റുകാരനെന്ന് കണ്ടെത്തിയാല്‍ കടുത്തശിക്ഷയെന്നും ടി പി രാമകൃഷ്ണന്‍

ആശങ്ക വേണ്ടെന്നും കുറച്ച് കാത്തിരിക്കാനും മുന്നണി യോഗത്തിനുശേഷം കണ്‍വീനര്‍

Update: 2024-09-11 13:30 GMT

തിരുവനന്തപുരം: പി വി അന്‍വറിന്റെ തുടര്‍ ആരോപണങ്ങള്‍ സംസ്ഥാന സര്‍ക്കാറിനെ വെട്ടിലാക്കുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. എല്ലാ ദിവസവും ആരോപണം ഉന്നയിക്കല്‍ ഒരു നല്ല ലക്ഷണമല്ലെന്ന് അന്‍വറുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞു. ഫോണ്‍ ചോര്‍ത്തല്‍ ആരു ചെയ്താലും തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി. താനും ഫോണ്‍ചോര്‍ത്തിയിട്ടുണ്ടെന്ന് അന്‍വര്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

അതേസമയം എഡിജിപി എം.ആര്‍.അജിത് കുമാറിനെതിരായ പരാതികള്‍ ആഭ്യന്തരവകുപ്പ് പരിശോധിക്കുകയാണെന്നും തെറ്റുകാരനാണെന്ന് കണ്ടെത്തിയാല്‍ കടുത്തശിക്ഷയുണ്ടാകുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ വ്യക്തമാക്കി. അജിത് കുമാറുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുന്നണിയില്‍ അതൃപ്തിയില്ല. ആശങ്ക വേണ്ടെന്നും കുറച്ച് കാത്തിരിക്കാനും മുന്നണി യോഗത്തിനുശേഷം കണ്‍വീനര്‍ പറഞ്ഞു.

അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി ചര്‍ച്ച നടത്തിയെങ്കില്‍ എന്താണ് ചര്‍ച്ച നടത്തിയതെന്നാണ് പ്രധാനമായി പരിശോധിക്കേണ്ടതെന്നു കണ്‍വീനര്‍ പറഞ്ഞു. പി.വി.അന്‍വര്‍ എംഎല്‍എ നല്‍കിയ പരാതിയിലും തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ടുള്ള പരാതിയിലും അജിത് കുമാറിന്റെ പേര് പരാമര്‍ശിക്കുന്നുണ്ട്. പരാതികള്‍ സമഗ്ര പരിശോധനയ്ക്ക് വിധേയമാക്കണം. പരിശോധന ആഭ്യന്തര വകുപ്പ് ആരംഭിച്ചു. അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയാല്‍, തെറ്റ് ചെയ്‌തെങ്കില്‍ സംരക്ഷിക്കില്ല. കടുത്ത നടപടി സ്വീകരിക്കും. അതാണ് എല്‍ഡിഎഫിന്റെ നിലപാട്.

അജിത് കുമാറിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ ഉചിതമായ നിലപാട് എടുത്തതായാണ് മുന്നണിയുടെ ബോധ്യം. ആര്‍എസ്എസുമായി ബന്ധമുണ്ടാക്കുന്ന നിലപാട് എടുക്കുന്നവരല്ല എല്‍ഡിഎഫ്. അത്തരത്തിലുള്ള ഒരു നീക്കവും സിപിഎമ്മിന്റെയോ ഇടതു പാര്‍ട്ടികളുടെയോ ഭാഗത്തുനിന്ന് ഉണ്ടാകില്ല. ആര്‍എസ്എസിന്റെ ആക്രമണങ്ങളെ നേരിടുന്നവരാണ് ഇടതു പാര്‍ട്ടികള്‍. ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ ശിക്ഷിക്കാനാകില്ല. ആരോപണം ശരിയാണെങ്കില്‍ കടുത്ത ശിഷ കൊടുക്കണം. ആ നിലപാടില്‍നിന്ന് മാറുന്നില്ല. കുറച്ച് കാത്തിരിക്കൂ. ഒരു ആശങ്കയും വേണ്ട. മുന്നണിയില്‍ ഒരു അതൃപ്തിയും ഇല്ല ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു.

ആര്‍എസ്എസ് നേതാക്കളെ അജിത് കുമാര്‍ കണ്ടതല്ല പ്രശ്‌നം, എന്തിന് കണ്ടു എന്നതാണ്. കാണാന്‍ പാടില്ല എന്നു പറയാന്‍ കഴിയില്ല. ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറെ കണ്ടതിനല്ല ഇ.പി.ജയരാജനെ മാറ്റിയത്. സംഘടനാപരമായ കാര്യമാണത്. എന്ത് ജോലി ചെയ്യണമെന്ന് പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്. എ.എന്‍.ഷംസീര്‍ സ്പീക്കറാണ്. സ്പീക്കറുടേത് ഭരണഘടനാപദവിയാണ്. അദ്ദേഹത്തിന് അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ട്. എല്ലാ അഭിപ്രായങ്ങളോടും പ്രതികരിക്കേണ്ടതില്ലെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞു.

അജിത്കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടതില്‍ തെറ്റില്ലെന്നും ആര്‍എസ്എസ് രാജ്യത്തെ പ്രധാന സംഘടന ആണെന്നുമായിരുന്നു ഷംസീര്‍ പ്രതികരിച്ചത്. വയനാട് ലോക്സഭാ മണ്ഡലത്തിലേക്കും ചേലക്കര, പാലക്കാട് നിയമസഭാ മണ്ഡലത്തിലേക്കും നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകള്‍ സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്തു. വയനാടിന്റെ പുനരധിവാസം സംബന്ധിച്ച് ശക്തമായ പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുകയാണെന്നും ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു.ആശങ്ക വേണ്ടെന്നും കുറച്ച് കാത്തിരിക്കാനും മുന്നണി യോഗത്തിനുശേഷം കണ്‍വീനര്‍

Tags:    

Similar News