യുഡിഎഫും ബിജെപിയും നാട്ടില്‍ എന്തോ സംഭവിച്ചു എന്ന മട്ടില്‍ ആഘോഷിക്കുകയാണ്; ദേശീയപാത വികസനം യഥാര്‍ഥ്യമാകാന്‍ കാരണം ഇടത് സര്‍ക്കാര്‍; ദേശീയ പാത ആകെ തകരാറില്‍ എന്ന് കരുതേണ്ട; നേട്ടങ്ങള്‍ എണ്ണി പറഞ്ഞുകൊണ്ട് പ്രോഗ്രസ് റിപ്പോര്‍ട്ട് പ്രകാശനം ചെയ്ത് മുഖ്യമന്ത്രി

ദേശീയപാത വികസനം യഥാര്‍ഥ്യമാകാന്‍ കാരണം ഇടത് സര്‍ക്കാര്‍

Update: 2025-05-23 15:23 GMT

തിരുവനന്തപുരം:ദേശീയപാത വികസനം യഥാര്‍ഥ്യമാകാന്‍ കാരണം ഇടത് സര്‍ക്കാര്‍ആണെന്ന് എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട്. സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ സമാപന ദിനത്തില്‍ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞുള്ള പ്രോഗ്രസ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി പ്രകാശനം ചെയ്തു. എല്‍ഡിഎഫ് പ്രകടന പത്രികയിലെ 900 വാഗ്ദാനങ്ങളുടെ നിര്‍വഹണ പുരോഗതി വിലയിരുത്തുന്ന റിപ്പോര്‍ട്ടാണിത്.തുറന്ന ജീപ്പില്‍ അഭിവാദ്യങ്ങള്‍ ഏറ്റുവാങ്ങിയാണ് മുഖ്യമന്ത്രി വേദിയിലെത്തിയത്.

ദേശീയ പാത നിര്‍മാണവുമായ ബന്ധപ്പെട്ട പ്രശ്നങ്ങള്‍ സര്‍ക്കാരിന്റെ വീഴ്ചയാണ് എന്ന് സ്ഥാപിക്കാനാണ് യുഡിഎഫ്, ബിജെപി ശ്രമമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ നാഷണല്‍ ഹൈവേ അതോറിറ്റി സംസ്ഥാനം വിട്ടു പോയിരുന്നു. എല്‍ഡിഎഫ് സര്‍ക്കാരാണ് നാഷണല്‍ ഹൈവേ അതോറിറ്റിയെ തിരികെ വിളിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖവുരയോടെയാണ് റിപ്പോര്‍ട്ട് ആരംഭിക്കുന്നത്. പശ്ചാത്തലസൗകര്യ വികസനത്തിനും സാമൂഹ്യക്ഷേമത്തിനും തുല്യപ്രാധാന്യം നല്‍കുന്ന സര്‍ക്കാരാണ് കേരളത്തിലുള്ളതെന്നും നവകേരള സൃഷ്ടിക്കായുള്ള സമഗ്രമായ സമീപനമാണ് സര്‍ക്കാരിനുള്ളതെന്നും മുഖവുരയില്‍ മുഖ്യമന്ത്രി വ്യക്തമാക്കുന്നു.

കേന്ദ്രം ഉപേക്ഷിക്കാനൊരുങ്ങിയ ദേശീയ പാത പദ്ധതി യഥാര്‍ഥ്യമാക്കിയത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇടപെടലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ക്ക് പുറമെ വിവിധ വകുപ്പുകള്‍ നടപ്പിലാക്കിയ പ്രധാന പദ്ധതികളെ കുറിച്ചും പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഒന്‍പത് ഭാഗങ്ങളാക്കി തിരിച്ചാണ് റിപ്പോര്‍ട്ട് പുറത്തിറക്കിയിരിക്കുന്നത്.

'ദേശീയപാത വികസനം നല്ല നിലയില്‍ നടക്കുകയാണ്. അപ്പോഴാണ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങള്‍ ഉണ്ടായത്. തകര്‍ച്ചയില്‍ ഗൗരവമായ പരിശോധന നടത്തും. അത് കേരളത്തിലെ പൊതുമരാമത്ത് വകുപ്പ് അല്ല നടത്തുന്നത്. ദേശീയ പാതയുടെ നിര്‍മാണ പ്രശ്നങ്ങള്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ തലയില്‍ വെക്കാന്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

എല്‍ഡിഎഫ് കാലത്ത് എല്ലാ നിലയിലും നാടിന് വലിയ പുരോഗതി ഉണ്ടായെന്നും കേരളത്തിന്റെ മാറ്റം ജനം സ്വീകരിക്കുന്നതാണ് മഹാറാലിയിലെ ജനകൂട്ടമെന്നും പിണറായി വിജയന്‍ പറഞ്ഞു. യുഡിഎഫും ബിജെപിയും നാട്ടില്‍ എന്തോ സംഭവിച്ചു എന്ന മട്ടില്‍ ആഘോഷിക്കുകയാണ്. എല്‍ഡിഎഫ് ആയതുകൊണ്ട് മാത്രമാണ് ഇത്രയും പുരോഗതി ഉണ്ടായത്. സാങ്കേതിക പിഴവുകളാണ് നിര്‍മാണത്തില്‍ സംഭവിച്ചത്. ചില ഇടത്ത് പ്രശ്നങ്ങള്‍ ഉണ്ടായി എന്നതുകൊണ്ട് ദേശീയ പാത ആകെ തകരാറില്‍ എന്ന് കരുതണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സാമൂഹ്യക്ഷേമത്തിനും പശ്ചാത്തലവികസനത്തിനും സര്‍ക്കാര്‍ തുല്യപ്രാധാന്യമാണു നല്‍കുന്നതെന്ന് മുഖവുരയില്‍ മുഖ്യമന്ത്രി വ്യക്തമാക്കുന്നു. എല്ലാ നിലയിലും നാടിനു വലിയ പുരോഗതിയാണുള്ളതെന്ന് പൊതുസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തുണ്ടാകുന്ന മാറ്റവും പുരോഗതിയും ജനം സ്വീകരിക്കുന്നുവെന്നതിന്റെ തെളിവാണ് പരിപാടികളിലെ ജനപങ്കാളിത്തമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേരളം കടക്കെണിയിലാണെന്ന തരത്തില്‍ തെറ്റായ പ്രചാരണം നടക്കുകയാണെന്നും ഇതില്‍ വസ്തുതയുടെ കണിക പോലുമില്ലെന്നും സര്‍ക്കാര്‍ വാര്‍ഷികത്തിന്റെ തിരുവനന്തപുരം ജില്ലാതല യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. റിസര്‍വ് ബാങ്കിന്റെ കണക്കനുസരിച്ച് കടവും ആഭ്യന്തര വരുമാനവും തമ്മിലെ അനുപാതം മറ്റു സംസ്ഥാനങ്ങളെക്കാള്‍ കേരളത്തില്‍ കുറവാണ്. എന്നാല്‍, മറിച്ചാണ് പ്രചാരണം. അനുപാതം ഇനിയും കുറയും. ചിട്ടയായ ധനകാര്യ മാനേജ്മെന്റ് കൊണ്ടാണ് ഈ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒന്‍പത് വര്‍ഷം കൊണ്ട് കേരളത്തില്‍ അഭിമാനമകരമായ നേട്ടമാണ് ഉണ്ടായത്. എന്നാല്‍ ഇവിടെ ധനകാര്യ മാനേജ്മെന്റിന് കുഴപ്പമുണ്ടെന്ന് വ്യാജപ്രചരണം നടത്തുകയാണ്. ഐടി രംഗത്ത് വലിയ വളര്‍ച്ചയുണ്ടാകുന്നു. സ്റ്റാര്‍ട്ടപ്പുകളുടെ പ്രധാന ഇടമായി കേരളം മാറി. രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് കേരളത്തിലാണ്. 200 കോടി ചെലവിട്ട് മൂന്ന് സയന്‍സ് പാര്‍ക്കുകള്‍ കൂടി കേരളത്തില്‍ വരും. കൂടാതെ നിക്ഷേപവും സംരംഭങ്ങളും വര്‍ധിക്കുകയാണ്. രണ്ടോ മൂന്നോ സ്ഥാപനങ്ങള്‍ക്ക് പ്രതിസന്ധിയുണ്ടെങ്കില്‍ അതാണ് പ്രചരിപ്പിക്കുന്നത്. നിസാനും എയര്‍ബസും കേരളത്തിലേക്കു വരുന്നു എന്നതാണ് ഇപ്പോഴത്തെ മാറ്റമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിവേചനപരമായി പെരുമാറുന്ന കേന്ദ്രത്തെ വെള്ളപൂശാനാണ് ചിലര്‍ ശ്രമിക്കുന്നത്. കേരളത്തോട് താല്‍പര്യമുള്ളവര്‍ സര്‍ക്കാര്‍ ശബ്ദം ഉയര്‍ത്തുന്നതിന് ഒപ്പം നില്‍ക്കണം. വിലക്കയറ്റം ഏറ്റവും കുറഞ്ഞ, വര്‍ഗീയ സംഘര്‍ഷങ്ങളോ പ്രശ്നങ്ങളോ ഇല്ലാതെ സമാധാനപരമായി ജീവിക്കാന്‍ കഴിയുന്ന സംസ്ഥാനമാണ് കേരളം. അതിദരിദ്ര കുടുംബങ്ങളില്ലാത്ത സംസ്ഥാനമായി കേരളം നവംബര്‍ ഒന്നിന് മാറും. ക്ഷേമ പെന്‍ഷന്‍ വിതരണത്തില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ 18 മാസം കുടിശിക വരുത്തി. 665 കോടിയായിരുന്നു യുഡിഫ് കാലത്തെ ആരോഗ്യ മേഖലയുടെ ബജറ്റ് വിഹിതം. എന്നാല്‍ എല്‍ഡിഎഫ് 2500 കോടിയാണ് നല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    

Similar News