'രാജേഷ് കൃഷ്ണയെ അറിയാമോ എന്ന ചോദ്യത്തിന്റെ ഉദ്ദേശം മനസിലായി; തലക്കെട്ട് ഉണ്ടാക്കാന്‍ ഉദ്ദേശിക്കുന്നില്ല; നാല് കൊല്ലമായി വാട്‌സപ്പില്‍ കറങ്ങുന്ന കത്താണ് ഇപ്പോള്‍ വിവാദമാക്കുന്നത്; മാധ്യമങ്ങള്‍ ഇമ്മാതിരി തോന്നിവാസങ്ങള്‍ വാര്‍ത്തയാക്കി ആഘോഷിക്കുന്നു'; സിപിഎമ്മിലെ കത്ത് ചോര്‍ച്ചാ വിവാദത്തില്‍ ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറി മന്ത്രി എം ബി രാജേഷ്
'രാജേഷ് കൃഷ്ണയെ അറിയാമോ എന്ന ചോദ്യത്തിന്റെ ഉദ്ദേശം മനസിലായി
തിരുവനന്തപുരം: സിപിഎമ്മിലെ പരാതിക്കത്ത് ചോര്‍ച്ചാ വിവാദവുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി മന്ത്രി എം ബി രാജേഷ്. നാല് കൊല്ലമായി വാട്‌സപ്പില്‍ കറങ്ങുന്ന കത്താണ് ഇപ്പോള്‍ മാധ്യമങ്ങള്‍ വിവാദമാക്കുന്നതെന്ന് എം ബി രാജേഷ് പരിഹസിച്ചു. രാജേഷ് കൃഷ്ണയെ അറിയാമോ എന്ന ചോദ്യത്തിന്റെ ഉദ്ദേശം മനസിലായെന്നും തലക്കെട്ട് ഉണ്ടാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.
മാധ്യമങ്ങള്‍ ഇമ്മാതിരി തോന്നിവാസങ്ങള്‍ വാര്‍ത്തയാക്കി ആഘോഷിക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എന്റെ ഭാര്യ ആയിരുന്നു ടാര്‍ഗറ്റ്. പിന്നീട് എന്റെ അളിയന്‍ ആയി. വാളയാര്‍ കേസിലെ കൊലയാളികളെ രക്ഷിച്ചുവെന്ന് വരെ എന്നെ കുറിച്ച് പറഞ്ഞു. വാളയാറില്‍ സത്യം പുറത്ത് വന്നപ്പോള്‍ നിങ്ങള്‍ ഒരാളെങ്കിലും വാര്‍ത്ത കൊടുത്തോ എന്നും രാജേഷ് ചോദിച്ചു. ആളുകളെ അപമാനിക്കാന്‍ ആരെങ്കിലും എന്തെങ്കിലും വിളിച്ചു പറഞ്ഞാല്‍ എല്ലാം വാര്‍ത്തയാക്കുമെന്നും മന്ത്രി കുറ്റപ്പെടുത്തി.
അതേസമയം ചെന്നൈ വ്യവസായി മുഹമ്മദ് ഷര്‍ഷാദ് നല്‍കിയ പരാതിയില്‍ ഉന്നത സിപിഎം നേതാക്കളുടെ പേരുകള്‍ ഉള്‍പ്പെട്ടതാണ് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്നത്. ഡോ. ടി എം തോമസ് ഐസക്, എം ബി രാജേഷ്, പി ശ്രീരാമകൃഷ്ണന്‍ എന്നിവരുടെ പേരുകളാണ് പരാതിക്കത്തിലുള്ളത്. തോമസ് ഐസക്കിന്റേയും മന്ത്രി എം ബി രാജേഷിന്റേയും പി ശ്രീരാമകൃഷ്ണന്റേയും ബിനാമിയാണ് താനെന്ന് ബ്രിട്ടനിലെ വ്യവസായി രാജേഷ് കൃഷ്ണ അവകാശപ്പെട്ടതായി കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
2023ല്‍ ഷര്‍ഷാദ് പൊലീസിന് സമര്‍പ്പിച്ച പരാതിയിലാണ് മന്ത്രിമാരുടെ ഉള്‍പ്പെടെ പേരുള്ളത്. സാമ്പത്തിക കുറ്റങ്ങളിലുള്‍പ്പെടെ ആരോപണവിധേയനായ രാജേഷ് കൃഷ്ണയുമായി സിപിഐഎം നേതാക്കള്‍ക്കുള്ള ബന്ധത്തെക്കുറിച്ച് പൊലീസോ പാര്‍ട്ടിയോ കൃത്യമായി പ്രതികരിച്ചിട്ടില്ല. ഷര്‍ഷാദ് പാര്‍ട്ടിക്ക് മുമ്പാകെ ഉന്നയിച്ച ഗുരുതര ആരോപണങ്ങളില്‍ അന്വേഷണം നടത്തിയോ എന്ന പ്രതിപക്ഷ നേതാവിന്റെ ഉള്‍പ്പെടെ ചോദ്യങ്ങളില്‍ ഇതുവരേയും വ്യക്തമായ മറുപടി ഉണ്ടായിട്ടില്ല. രാജേഷുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ മകന് ബന്ധമുണ്ടെന്നും മകന് വേണ്ടി എം വി ഗോവിന്ദന്‍ വിഷയത്തില്‍ കണ്ണടച്ചെന്നും ഷര്‍ഷാദ് ആരോപിച്ചിരുന്നു.
ചോര്‍ച്ചക്ക് പിന്നില്‍ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ മകന്‍ ശ്യാംജിത്താണെന്ന് കാണിച്ച് ചെന്നൈ വ്യവസായി മുഹമ്മദ് ഷെര്‍ഷാദ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി എംഎം ബേബിയ്ക്ക് കത്ത് നല്‍കിയിരുന്നു. ലണ്ടനില്‍ വ്യവസായിയായ രാജേഷ് കൃഷ്ണയ്ക്കെതിരെ 2023ല്‍ താന്‍ ഡിജിപിയ്ക്ക് നല്‍കിയ പരാതിയില്‍ ഇന്നുവരെ യാതൊരു നടപടിയുമുണ്ടായിട്ടില്ലെന്ന് ഷെര്‍ഷാദ് ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിച്ചത്. രാജേഷ് കിംഗ്ഡം എന്ന പേരില്‍ കടലാസ് കമ്പനിയുണ്ടാക്കി സംസ്ഥാന സര്‍ക്കാര്‍ പദ്ധതികളില്‍ നിന്നടക്കം പണം തട്ടിയെന്ന് ഷെര്‍ഷാദ് പരാതി നല്‍കിയിരുന്നു.
ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ മസാല ബോണ്ട് സമാഹരണ പരിപാടിയ്ക്ക് മുഖ്യമന്ത്രിയെ കൈപിടിച്ച് കയറ്റിയത് രാജേഷ് കൃഷ്ണയായിരുന്നു. ഈ ചിത്രം സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. ഇതടക്കം കാട്ടിയാണ് പലരില്‍ നിന്ന് രാജേഷ് പണം സമാഹരിച്ചതെന്നും ഷെര്‍ഷാദ്ആരോപിച്ചു. സിപിഎം നേതാക്കള്‍ രാജേഷിന്റെ തട്ടിപ്പില്‍ വീഴുകയാണെന്നും അദ്ദേഹം പറഞ്ഞു.സംഭവത്തില്‍ 2023ല്‍ ഡിജിപിയ്ക്ക് താന്‍ നല്‍കിയ പരാതി മെയില്‍ കേന്ദ്ര ആദായനികുതി വകുപ്പിനും അയച്ചിരുന്നു. ഇതില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഷെര്‍ഷാദ് അറിയിച്ചു. ലണ്ടനില്‍ വ്യവസായിയാണെന്ന പേരില്‍ രാജേഷ് കൃഷ്ണ അവിടെ തങ്ങുന്നെങ്കിലും അവിടെ രാജേഷിന് ബിസിനസ് ഒന്നുമില്ലെന്നും അദ്ദേഹം ഏറിയ സമയവും ഇന്ത്യയിലായതിനാല്‍ ടാക്സ് അടയ്ക്കേണ്ടതാണെന്നും ഷെര്‍ഷാദ് പറയുന്നു.
2021ല്‍ പി.ബിയ്ക്ക് ഷെര്‍ഷാദ് നല്‍കിയ പരാതികത്ത് ചോര്‍ന്നത് കഴിഞ്ഞദിവസമാണ് രാഷ്ട്രീയ വിവാദമായത്. ആരോപണ വിധേയനും പരാതിക്കാരനും പാര്‍ട്ടിക്ക് വേണ്ടപ്പെട്ടവരും മുന്‍ പ്രവര്‍ത്തരുമാണ്.അടുത്തിടെ മധുരയില്‍ നടന്ന സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രതിനിധിയായി എത്തുകയും പങ്കെടുപ്പിക്കാത്തതിനാല്‍ തിരിച്ചു പോകേണ്ടിയും വന്നയാളാണ് രാജേഷ് കൃഷ്ണ. ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്ത മാദ്ധ്യമങ്ങള്‍ക്കെതിരെ രാജേഷ് കൊടുത്ത മാനനഷ്ടക്കേസില്‍ രേഖയായി കത്ത് ഉള്‍പ്പെടുത്തിയതാണ് പാര്‍ട്ടിക്ക് നാണക്കേടായത്.
മാദ്ധ്യമങ്ങള്‍ക്ക് അയച്ച നോട്ടീസില്‍ ഡല്‍ഹി ഹൈക്കോടതി കത്ത് ഉള്‍പ്പെടുത്തുകയും ചെയ്തതോടെ നിഷേധിക്കാന്‍ കഴിയാതായി.കത്ത് ചോര്‍ന്നതിനെതിരെ സി.പി.എം ജനറല്‍ സെക്രട്ടറി എം.എ.ബേബിക്ക് കഴിഞ്ഞ ദിവസം ഷെര്‍ഷാദ് പരാതി നല്‍കി. രാജേഷ് കൃഷ്ണ മധുരയില്‍ പ്രതിനിധിയായി എത്തുമെന്ന് അറിഞ്ഞ മുഹമ്മദ് ഷെര്‍ഷാദ് വിഷയം തമിഴ്‌നാട്ടിലെ നേതാക്കള്‍ വഴി പി.ബി. അംഗമായ അശോക് ധാവ്ളെയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇതോടെയാണ് ഇയാളെ തിരിച്ചയച്ചത്. വിദേശത്തെ ചില കടലാസ് സ്ഥാപനങ്ങളുമായി ചേര്‍ന്ന് സര്‍ക്കാര്‍ പദ്ധതികളില്‍ നിന്ന് പണം തട്ടുകയും ചെന്നൈയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കമ്പനിവഴി ഈ പണം നേതാക്കളുടെയും മന്ത്രിമാരുടെയും അക്കൗണ്ടുകളിലേക്ക് എത്തിക്കുകയും ചെയ്തു എന്നാണ് ആക്ഷേപം.