നിര്‍ണായക സന്ദര്‍ഭങ്ങളിലെല്ലാം ബിജെപിക്ക് ആയുധം കൊടുക്കുന്നത് വെറും രാഷ്ട്രീയ അവിവേകം മാത്രമാണോ? എന്തായിരുന്നു ആ പോസ്റ്റിന്റെ യഥാര്‍ഥ ഉദ്ദേശ്യം? ബിഹാര്‍-ബീഡി പോസ്റ്റ് വിവാദത്തില്‍ വി ടി ബല്‍റാമിനെതിരെ വിമര്‍ശനവുമായി മന്ത്രി എം ബി രാജേഷ്
വി ടി ബല്‍റാമിനെതിരെ വിമര്‍ശനവുമായി മന്ത്രി എം ബി രാജേഷ്
തിരുവനന്തപുരം: ബിഹാര്‍-ബീഡി പോസ്റ്റ് വിവാദത്തില്‍ കെപിസിസി സോഷ്യല്‍ മീഡിയ വിങ്ങിന്റെ ചുമതലയൊഴിഞ്ഞ് വി.ടി.ബല്‍റാമിനെതിരെ വിമര്‍ശനുമായ മന്ത്രി എം ബി രാജേഷ്. കേരളത്തിലെ കെപിസിസി ഡിജിറ്റല്‍ മീഡിയാ വിഭാഗത്തിന്റെ വക ബിജെപിക്ക് ഒരു ആയുധം ബിഹാറിലേക്ക് എറിഞ്ഞു കൊടുത്തുവെന്ന വിമര്‍ശനം ഉന്നയിച്ചു കൊണ്ടാണ് രാജേഷ് രംഗത്തുവന്നത്.
ഇന്ത്യാ സഖ്യത്തെ പിന്നില്‍ നിന്ന് കുത്താന്‍ തക്ക സമയത്ത് ബി ജെ പിക്ക് ആയുധം കൊടുത്ത ആ പോസ്റ്റിന്റെ ഉദ്ദേശ്യമെന്തായിരുന്നു എന്നാണ് എം ബി രാജേഷ് ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചത്. മുന്‍കാലങ്ങളില്‍ വി ടി ബല്‍റാം ഉയര്‍ത്തിയ വിവാദ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് രാജേഷിന്റെ വിമര്‍ശന പോസ്റ്റ്.
എം ബി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
രാജ്യം ഉറ്റുനോക്കുന്ന ഒരു തെരഞ്ഞെടുപ്പ് ബിഹാറില്‍ നടക്കുകയാണ്. എല്ലാ കുത്സിത തന്ത്രങ്ങളും പയറ്റിയിട്ടും ബി ജെ പിയാകെ അടിപതറി, അങ്കലാപ്പിലാണ്. ഇന്ത്യാ സഖ്യം ബിഹാറിനെ ഇളക്കിമറിച്ച പ്രചാരണത്തിലൂടെ ആത്മവിശ്വാസത്തിന്റെ നെറുകയിലും. അപ്പോഴതാ, കേരളത്തിലെ കെ പി സി സി ഡിജിറ്റല്‍ മീഡിയാ വിഭാഗത്തിന്റെ വക ബി ജെ പിക്ക് ഒരു ആയുധം ബിഹാറിലേക്ക് എറിഞ്ഞു കൊടുക്കുന്നു.
ആയുധം കിട്ടിയ സന്തോഷം കൊണ്ട് ഞങ്ങള്‍ക്ക് ഇരിക്കാന്‍ വയ്യേ എന്ന മട്ടില്‍ അവര്‍ അത് എടുത്തുപയോഗിക്കുന്നു. പ്രതിരോധത്തിലായ ഇന്ത്യാ സഖ്യത്തിന്റെ നേതാവ് തേജസ്വി യാദവ് തന്നെ കോണ്‍ഗ്രസ് മാപ്പ് പറയണമെന്ന് ആവശ്യപ്പെടുന്നു. ഇന്ത്യാ സഖ്യത്തെ പിന്നില്‍ നിന്ന് കുത്താന്‍ തക്ക സമയത്ത് ബി ജെ പിക്ക് ആയുധം കൊടുത്ത ആ പോസ്റ്റിന്റെ ഉദ്ദേശ്യമെന്തായിരുന്നു ?
അങ്ങനെയൊരായുധം ബി ജെ പിക്ക് കൊടുത്ത ഡിജിറ്റല്‍ മീഡിയാ വിഭാഗം തലവനെ മാറ്റിയതു കൊണ്ട് അതേല്‍പ്പിച്ച ആഘാതം തീരുമോ? സാമൂഹിക മാധ്യമങ്ങളെ ഒരിക്കലും അന്തസ്സുള്ള രാഷ്ട്രീയ വിമര്‍ശനത്തിന് ഉപയോഗിച്ച ചരിത്രമില്ലാത്ത ഒരാളെ ഡിജിറ്റല്‍ മീഡിയാ തലവനായി നിശ്ചയിച്ചതിന് പരിഗണിച്ച യോഗ്യത എന്തായിരുന്നിരിക്കണം? എന്താണ് ഇപ്പോള്‍ നീക്കം ചെയ്തയാളുടെ സോഷ്യല്‍ മീഡിയ ഇടപെടലിന്റെ ചരിത്രം?
അരങ്ങേറ്റം കുറിച്ചത് മഹാനായ എ കെ ജിയെ നീചമായി, മരണാനന്തര വ്യക്തിഹത്യ നടത്തിയായിരുന്നല്ലോ. പിന്നീട് ആരെല്ലാം? മലയാളികളുടെ പ്രിയ എഴുത്തുകാരി കെ ആര്‍ മീരയെ വിളിച്ചത് എന്തായിരുന്നുവെന്ന് മറക്കാമോ? ബെന്യാമിനെ ? സ്വന്തം പാര്‍ട്ടി പ്രസിഡന്റായിരുന്ന മുല്ലപ്പള്ളിയേയും വി എം സുധീരനെയും സാമൂഹിക മാധ്യമങ്ങളില്‍ കൈകാര്യം ചെയ്തത് എത്ര ഹീനമായായിരുന്നു. മുഖ്യമന്ത്രിയെ പിന്നെ നിരന്തരമായി അധിക്ഷേപിക്കലാണ്. ശ്രീ. ജി. സുകുമാരന്‍ നായരെ ആക്ഷേപിച്ചത് പെരുന്നയിലെ കോപ്പ് എന്നായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് എനിക്കെതിരായ അധിക്ഷേപം വാളയാര്‍ കുട്ടികളുടെ കൊലയാളികളെ രക്ഷിച്ചവന്‍ എന്നായിരുന്നു.
ഒടുവില്‍ സി ബി ഐ അന്വേഷിച്ച് സത്യം കോടതിയില്‍ സമര്‍പ്പിച്ചപ്പോഴും അദ്ദേഹം സ്വന്തം അധിക്ഷേപങ്ങളെ ന്യായീകരിക്കാനാണ് ശ്രമിച്ചത്. ആരെയാണ് വെറുതേ വിട്ടത്? വ്യക്തിഹത്യക്കും അധിക്ഷേപങ്ങള്‍ക്കും നേതൃത്വം കൊടുക്കാനുള്ള ഒരു തെറിക്കൂട്ടത്തെ വളര്‍ത്തിയെടുത്തു എന്നതായിരുന്നല്ലോ ഡിജിറ്റല്‍ മീഡിയ തലപ്പത്തിരുത്താനുള്ള യോഗ്യത? ഒടുവില്‍ ആ 'യോഗ്യത' ഹൈക്കമാന്‍ഡിനു തന്നെ ബോധ്യമായി.
ബിജെപിക്ക് എക്കാലത്തും ഉപയോഗിക്കാവുന്ന രാഷ്ട്രീയായുധം ഇതാദ്യമായാണോ കൊടുത്തത്? നോട്ട് നിരോധനത്തെ ഇന്ത്യയിലാദ്യം സ്വാഗതം ചെയ്ത് പോസ്റ്റിട്ട രാഷ്ട്രീയ ദാസ്യം ചെയ്തതും ഇതേ നേതാവായിരുന്നില്ലേ? അന്ന് കോണ്‍ഗ്രസ് നേതൃത്വം തിരുത്തിയോ? മന്‍മോഹന്‍സിങ് Organised Loot and Legalised plunder എന്നു വിശേഷിപ്പിച്ച നോട്ട് നിരോധനത്തിനും മോദിക്കും കയ്യടിച്ച രാഷ്ട്രീയ അവിവേകം ഇപ്പോള്‍ നിര്‍ണായകമായ മറ്റൊരു സന്ദര്‍ഭത്തില്‍ ആവര്‍ത്തിച്ചിരിക്കുന്നു.
കണ്ണില്‍ കാണുന്ന വിയോജിപ്പുള്ള വ്യക്തികളെ മുഴുവന്‍ അധിക്ഷേപിക്കുന്നത് ശീലമാക്കിയ ആള്‍ക്ക് ഡിജിറ്റല്‍ മീഡിയ തലവനായി സ്ഥാനക്കയറ്റം നല്‍കി പ്രോല്‍സാഹിപ്പിക്കുകയായിരുന്നോ ചെയ്യേണ്ടിയിരുന്നത്? ഇങ്ങനെ മനുഷ്യരെ മുഴുവന്‍ അപമാനിക്കരുതെന്ന് തിരുത്തുകയായിരുന്നില്ലേ ചെയ്യേണ്ടിയിരുന്നത്? രാഷ്ട്രീയ വിമര്‍ശനം അന്തസ്സുള്ള ഭാഷയില്‍ മാത്രം നടത്താന്‍ ഉപദേശിക്കുകയല്ലേ ചെയ്യേണ്ടിയിരുന്നത്. ഒടുവില്‍ ഒരു സംസ്ഥാനത്തെയും ജനതയേയും മുഴുവന്‍ അധിക്ഷേപിക്കേണ്ടി വന്നു ഹൈക്കമാന്റിന് കാര്യത്തിന്റെ ഗൗരവം തിരിച്ചറിയാന്‍. വ്യക്തികളെ അധിക്ഷേപിക്കുന്നതിനേക്കാള്‍ എത്രയോ ഗുരുതരമാണല്ലോ ഒരു സംസ്ഥാനത്തെയും ജനതയേയും മുഴുവന്‍ അധിക്ഷേപിക്കുകയെന്നത്.
പക്ഷേ ഒരു ചോദ്യം ഇപ്പോഴും അവശേഷിക്കുന്നു. നിര്‍ണായക സന്ദര്‍ഭങ്ങളിലെല്ലാം ബി ജെ പിക്ക് ആയുധം കൊടുക്കുന്നത് വെറും രാഷ്ട്രീയ അവിവേകം മാത്രമാണോ? എന്തായിരുന്നു ആ പോസ്റ്റിന്റെ യഥാര്‍ഥ ഉദ്ദേശ്യം?
നേരത്തെ ജിഎസ്ടി പരിഷ്‌കരണത്തെ പരിഹസിച്ച് കോണ്‍ഗ്രസിന്റെ കേരള ഘടകം എക്‌സില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് വിവാദമായതിനു പിന്നാലെ ബല്‍റാം കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ വിങ്ങിന്റെ ചുമതലയൊഴിഞ്ഞിരുന്നു. 'ബീഡിയും ബിഹാറും തുടങ്ങുന്നത് ബിയില്‍ നിന്നാണ്' എന്ന പോസ്റ്റാണ് വിവാദത്തിന് തിരിക്കൊളുത്തിയത്. പുകയില ഉല്‍പന്നങ്ങളുടെ ജിഎസ്ടി വെട്ടിക്കുറച്ചതിനെ പരാമര്‍ശിച്ചായിരുന്നു കോണ്‍ഗ്രസിന്റെ പോസ്റ്റ്.
സംഗതി വിവാദമായതോടെ പോസ്റ്റ് നീക്കം ചെയ്തു. പുകയില ഉല്‍പ്പന്നങ്ങളുടെ ജിഎസ്ടി വെട്ടിക്കുറച്ചതിനാല്‍ ഇനി അത് പാപമായി കണക്കാക്കാന്‍ കഴിയില്ലെന്നും പോസ്റ്റില്‍ പറഞ്ഞിരുന്നു. ബിഹാറില്‍ രാഹുല്‍ ഗാന്ധിയുടെ വോട്ട് അധികാര്‍ യാത്ര സമാപിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു വിവാദ പോസ്റ്റ്. ബിഹാറിനെ ഇകഴ്ത്തി കാണിച്ചെന്ന് ആരോപിച്ച് ബിജെപി ദേശീയതലത്തില്‍ ഈ പോസ്റ്റ് ചര്‍ച്ചാവിഷയമാക്കുകയും ചെയ്തു.
വിഷയത്തില്‍ ജാഗ്രതക്കുറവ് ഉണ്ടായെന്നും തെറ്റുപറ്റിയെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയ വിങ് പുനഃസംഘടിപ്പിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു. എന്നാല്‍ സോഷ്യല്‍ മീഡിയ വിഭാഗത്തിന്റെ ചുമതലയൊഴിയാന്‍ താന്‍ നേരത്തെ തീരുമാനിച്ചിരുന്നതാണെന്നും ബിഹാര്‍ബീഡി പോസ്റ്റുമായി ഇതിനും ബന്ധമില്ലെന്നും ബല്‍റാം പറഞ്ഞു. ഡിജിറ്റല്‍ മീഡിയ സെല്‍ പുനഃസംഘടിപ്പിക്കാനുള്ള നിര്‍ദേശം നേരത്തേ നല്‍കിയിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.