'തെറ്റുപറ്റി, അത്തരം പരാമര്‍ശം വേണ്ടിയിരുന്നല്ല; ഇന്നലത്തെ സാഹചര്യത്തില്‍ അങ്ങനെ പ്രതികരിച്ചു പോയി'; 'പെന്‍ഷന്‍ വാങ്ങി ശാപ്പിട്ടിട്ട് വോട്ടു ചെയ്തില്ല' എന്ന അധിക്ഷേപ പരാമര്‍ശം തിരുത്തി എം എം മണി; . കേരളം കണ്ടതില്‍ ഏറ്റവും നിലവാരം കുറഞ്ഞ പ്രതിപക്ഷ നേതാവാണ് വി.ഡി. സതീശനെന്നും മണിയുടെ വിമര്‍ശനം
'തെറ്റുപറ്റി, അത്തരം പരാമര്‍ശം വേണ്ടിയിരുന്നല്ല; ഇന്നലത്തെ സാഹചര്യത്തില്‍ അങ്ങനെ പ്രതികരിച്ചു പോയി'
ഇടുക്കി: ക്ഷേമ പെന്‍ഷന്‍ വാങ്ങി വോട്ടര്‍മാര്‍ പറ്റിച്ചെന്ന പരാമര്‍ശം വിവാദമായതോടെ ഖേദം പ്രകടിപ്പിച്ച് മുതിര്‍ന്ന സിപിഎം നേതാവ് എം എം മണി. തനിക്ക് തെറ്റു പറ്റിയെന്ന് മണിയുടെ കുറ്റസമ്മതം. പറഞ്ഞത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയ പാര്‍ട്ടിയുടെ നിലപാട് അംഗീകരിക്കുന്നുവെന്നും എം.എം. മണി പറഞ്ഞു. ഇന്നലത്തെ സാഹചര്യത്തില്‍ പറഞ്ഞുപോയതാണെന്നും അദ്ദേഹം പറഞ്ഞു.
''ഞാന്‍ അങ്ങനെയങ്ങ് പ്രതികരിച്ചുവെന്നേ ഉള്ളൂ. പെന്‍ഷനും ഒരുപാട് വികസനവും ചെയ്തിട്ട് തിരഞ്ഞെടുപ്പില്‍ അങ്ങനെയൊരു വിധി വന്നപ്പോള്‍ പ്രതികരിച്ചു. അത് തെറ്റാണെന്ന് ജനറല്‍ സെക്രട്ടറി അടക്കം പറഞ്ഞു. ജനറല്‍ സെക്രട്ടറി പറഞ്ഞതാണ് പാര്‍ട്ടി നിലപാട്. പാവപ്പെട്ട ആളുകള്‍ക്ക് സഹായമൊന്നും ചെയ്യാത്ത ആള്‍ക്കാരാണ് യുഡിഎഫ്.
ഇടതുപക്ഷ സര്‍ക്കാരുകള്‍ ചെയ്തിട്ടുള്ള ക്ഷേമ പ്രവര്‍ത്തനങ്ങള്‍ യുഡിഎഫ് സര്‍ക്കാരുകള്‍ ചെയ്തിട്ടില്ല. രാഷ്ട്രീയ പ്രവര്‍ത്തകര്‍ സ്വര്‍ഗരാജ്യം കിട്ടാനാണോ പ്രവര്‍ത്തിക്കുന്നത്. പാര്‍ട്ടിയുടെ കാഴ്ചപ്പാടിലാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നത്. ആന്റണിയുടെയും ഉമ്മന്‍ ചാണ്ടിയുടെയും കരുണാകരന്റെയും സര്‍ക്കാരുകള്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ അത്ര ക്ഷേമ പ്രവര്‍ത്തനങ്ങളൊന്നും നടത്തിയിട്ടില്ല. അവരൊന്നും ചെയ്യാതിരുന്നിട്ട് നമ്മള്‍ നല്ല കാര്യങ്ങള്‍ ചെയ്യുമ്പോള്‍ എന്തെങ്കിലും ന്യായം പറഞ്ഞു നില്‍ക്കേണ്ടേ.
സിപിഐ എന്തുപറഞ്ഞു എന്നത് എനിക്ക് വിഷയമല്ല. എന്റെ പാര്‍ട്ടി പറഞ്ഞതാണ് ഞാന്‍ അംഗീകരിക്കുന്നത്. കേരളം കണ്ടതില്‍ ഏറ്റവും നിലവാരം കുറഞ്ഞ പ്രതിപക്ഷ നേതാവാണ് വി.ഡി. സതീശന്‍. സമീപനത്തില്‍ തന്നെ പാളിച്ചയുള്ള പ്രതിപക്ഷ നേതാവാണ് സതീശന്‍'' എം.എം. മണി പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ വോട്ടര്‍മാരെ അധിക്ഷേപിച്ച് എം.എം. മണി നടത്തിയ പരാമര്‍ശം വന്‍വിവാദമായിരുന്നു. ആനുകൂല്യങ്ങള്‍ കൈപ്പറ്റി, ജനങ്ങള്‍ പണി തന്നെന്നായിരുന്നു മണിയുടെ പരാമര്‍ശം. സംഭവത്തിന് പിന്നാലെ മന്ത്രി വി. ശിവന്‍കുട്ടിയടക്കം വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. അദ്ദേഹം പറഞ്ഞത് തെറ്റായിപ്പോയെന്ന് ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി. എല്‍ഡിഎഫിന് കനത്ത തിരിച്ചടി ഏറ്റതിന് പിന്നാലെയായിരുന്നു എം.എം. മണിയുടെ വിവാദപരാമര്‍ശം. നല്ല ഒന്നാന്തരം പെന്‍ഷന്‍ വാങ്ങി, നല്ല ശാപ്പാടും അടിച്ചു, എന്നിട്ട് നേരെ എതിര് വോട്ട് ചെയ്തു. ഇതിനൊക്കെ പറയുന്നത് വേറെ പേരാണ് എന്നായിരുന്നു എം.എം. മണിയുടെ പ്രതികരണം.
ഏതായാലും തോല്‍വിയാണ്. അത് സമ്മതിച്ചു. അത് എന്തുകൊണ്ട് എന്ന് പാര്‍ട്ടി പരിശോധിക്കും. തിരുത്തല്‍ നടപടി സ്വീകരിക്കും. അതാണ് പോംവഴി. അല്ലാതെ തോറ്റൂന്ന് പറഞ്ഞ് മോങ്ങി കൊണ്ട് ഇരിക്കാന്‍ പറ്റില്ലല്ലോയെന്നും മണി പറഞ്ഞു. മുണ്ടും മുറുക്കി കൊണ്ട് ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങും. ഇതുകൊണ്ട് ഒന്നും ഞങ്ങള്‍ പിറകോട്ട് പോകില്ല. തോല്‍വി പലപ്പോഴും ഞങ്ങള്‍ കണ്ടിട്ടുണ്ട്. വിലയിരുത്തിയിട്ടുമുണ്ട്. തോറ്റാലും മുണ്ട് മടക്കി കുത്തി നിന്ന പാരമ്പര്യമാണ് ഞങ്ങള്‍ക്കുള്ളതെന്നും മണി പറഞ്ഞു.
പരാമര്‍ശം വിവാദമായതിന് പിന്നാലെ മണിക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. ആനുകൂല്യങ്ങള്‍ പിണറായി വിജയന്റെ വീട്ടില്‍ നിന്ന് കൊടുക്കുന്നതല്ല എന്ന് മണി മനസിലാക്കണം, ഇതിലും വലിയ പണി ഇനി വരാനിരിക്കുന്നതെ ഉള്ളൂ എന്നായിരുന്നു ചെന്നിത്തലയുടെ മറുപടി.
