അന്‍വറിന്റെ പരാമര്‍ശങ്ങള്‍ വലതുപക്ഷ ശക്തികളുടെ കൈയിലെ ആയുധമായി മാറുന്നു; മുഖ്യമന്ത്രിയുടെ പ്രതികരണം വന്നതിന് ശേഷം പ്രതികരണം ഒഴിവാക്കണമായിരുന്നു; നിലമ്പൂര്‍ എംഎല്‍എ തിരുത്തിയേ പറ്റൂവെന്ന് എം വി ഗോവിന്ദന്‍

അന്‍വറിന്റെ പരാമര്‍ശങ്ങള്‍ വലതുപക്ഷ ശക്തികളുടെ കൈയിലെ ആയുധമായി മാറുന്നു

Update: 2024-09-25 12:16 GMT

തിരുവനന്തപുരം: നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിനെ തള്ളിപ്പറഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പി.വി.അന്‍വര്‍ എംഎല്‍എ ഇടത് മുന്നണിയുടെ ഭാഗമായി നില്‍ക്കുന്ന ആളാണ്. അദ്ദേഹം ചില കാര്യങ്ങള്‍ പാര്‍ട്ടിക്ക് പരാതിയായി നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ പരിശോധനകള്‍ നടത്തി വരുന്നുണ്ട്. അന്‍വറിന്റെ പരാമര്‍ശങ്ങള്‍ വലതുപക്ഷ ശക്തികളുടെ കൈയിലെ ആയുധമായി മാറിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ പ്രതികരണം വന്നതിന് ശേഷവും തുടര്‍ച്ചയായ പ്രതികരണം ഒഴിവാക്കാമായിരുന്നു. ഇത്തരം നടപടികളില്‍ നിന്ന് അന്‍വര്‍ പിന്‍വാങ്ങണമെന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനം, എം.വി.ഗോവിന്ദന്‍ പറഞ്ഞു.

അന്‍വര്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അന്‍വറിന്റെ പരാതി പരിശോധിക്കുമെന്ന് പറഞ്ഞ ഗോവിന്ദന്‍, എന്നാല്‍ ശശി അത്തരം കാര്യങ്ങളൊന്നും ചെയ്യില്ലെന്നും അടിവരയിട്ടു. തങ്ങള്‍ ഒപ്പം പ്രവര്‍ത്തിച്ച സഖാക്കളാണെന്നും ദീര്‍ഘകാലത്തെ അനുഭവമുണ്ടെന്നും ഗോവിന്ദന്‍ പറഞ്ഞു. പാര്‍ട്ടിക്കും സര്‍ക്കാരിനും പരാതി നല്‍കിയിട്ട് വീണ്ടും പരസ്യപ്രസ്താവന നടത്തിയ പി.വി. അന്‍വര്‍ തിരുത്തകതന്നെ വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇടതുപക്ഷ മുന്നണിയുടെ ഭാഗമായി നില്‍ക്കുന്ന ആളാണ് അന്‍വര്‍. അദ്ദേഹം ചില പ്രശ്നങ്ങള്‍ സര്‍ക്കാരിന്റെ മുന്നില്‍ ഉന്നയിക്കുകയുണ്ടായി. അതിന്റെ ഭാഗമായി ചില കാര്യങ്ങള്‍ പാര്‍ട്ടിയുടെ മുന്നിലുംവെച്ചു. സര്‍ക്കാര്‍ അതില്‍ കൃത്യമായ അന്വേഷണത്തിന് ഉത്തരവിട്ടു. പാര്‍ട്ടിക്ക് നല്‍കിയ കാര്യങ്ങള്‍ സംബന്ധിച്ച പരിശോധന നടത്തിവരികയുമാണ്. അതിനുശേഷം പലവിധത്തിലുള്ള പ്രസ്താവന അന്‍വറിന്റെ ഭാഗത്തുനിന്നുണ്ടായി. ഇത്തര പ്രസ്താവനകളെല്ലാം ആരെയാണ് സഹായിക്കുന്നതെന്നും വലതുപക്ഷ ശക്തികളുടെ കൈയിലെ ആയുധമായി അവര്‍ എങ്ങനെയാണ് ഉപയോഗിക്കുന്നതെന്നും നമുക്ക് കാണാനാകും.

പാര്‍ട്ടിയുടെ മുന്നിലും സര്‍ക്കാരിന്റെ മുന്നിലും കാര്യങ്ങള്‍ ഉന്നയിച്ച ശേഷം ആവര്‍ത്തിച്ച പ്രസ്താവന അന്‍വര്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ അഭിപ്രായം. സര്‍ക്കാരിനെതിരായും പാര്‍ട്ടിക്കെതിരായും അന്തരീക്ഷത്തില്‍ ഒരു മുഴക്കമുണ്ടാക്കാന്‍ ഈ പ്രസ്താവനകള്‍ ഇടംനല്‍കി. വലിയ വാര്‍ത്താ ശൃംഖല ഉണ്ടാക്കാന്‍ സാധിക്കുന്ന ഇത്തരത്തിലുള്ള ഇടപെടലില്‍നിന്ന് അടിയന്തരമായി അന്‍വര്‍ പിന്‍മാറണമെന്നാണ് ചൂണ്ടിക്കാട്ടാനുള്ളതെന്നും ഗോവിന്ദന്‍ പറഞ്ഞു.

സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി അംഗം എന്ന നിലയിലാണ് അന്‍വര്‍ പ്രവര്‍ത്തിക്കുന്നത്. സ്വാഭാവികമായും ഇക്കാര്യം അദ്ദേഹത്തെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലും എല്‍ഡിഎഫ് എംഎല്‍എമാരുടെ യോഗത്തിലുമെല്ലാം ഇക്കാര്യം വ്യക്തമാക്കുകയും ആവശ്യമായ തിരുത്തല്‍ വരുത്തുകയും ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ഇനി തുടര്‍ന്ന് ഇത്തരത്തിലുള്ള പ്രസ്താവനകളും രീതികളും അവലംബിക്കരുതെന്നാണ് പാര്‍ട്ടിക്ക് പറയാനുള്ളതെന്നും ഗോവിന്ദന്‍ താക്കീത് നല്‍കി.

നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും അന്‍വറിനെ തള്ളിയും ശശിയെ പിന്തുണച്ചും രംഗത്തെത്തിയിരുന്നു. ശശി മാതൃകാപരമായ പ്രവര്‍ത്തനം നടത്തുന്ന ആളാണെന്നും അന്‍വറിന്റെ ആരോപണത്തെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കുകയുണ്ടായി.

Tags:    

Similar News