എം വി സഞ്ജു സിപിഎം പത്തനംതിട്ട ഏരിയ സെക്രട്ടറി; തിരഞ്ഞെടുത്തത് മത്സരത്തിലൂടെ; സമ്മേളനത്തില്‍ ആരോഗ്യമന്ത്രിക്ക് എതിരെ വിമര്‍ശനം; മന്ത്രിയെ കാണാനില്ലെന്നും ഫോണില്‍ കിട്ടുന്നില്ലെന്നും അംഗങ്ങള്‍

എം വി സഞ്ജു സിപിഎം പത്തനംതിട്ട ഏരിയ സെക്രട്ടറി

Update: 2024-11-24 14:03 GMT

പത്തനംതിട്ട: സിപിഎം പത്തനംതിട്ട ഏരിയ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം. നിലവിലെ ആക്ടിങ് സെക്രട്ടറി എം വി സഞ്ജുവുലം ഓമല്ലൂരില്‍ നിന്നുള്ള പ്രതിനിധി പി ജി പ്രസാദും തമ്മിലാണ് മത്സരിച്ചത്. എം വി സഞ്ജു 16 വോട്ടുകളോടെ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. പ്രസാദിന് അഞ്ചു വോട്ടുകള്‍ കിട്ടി. രണ്ടുപേര്‍ തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ജില്ലാ സെക്രട്ടറി കെ പി ഉദയഭാനുവിന്റെ സാന്നിധ്യത്തിലാണ് മത്സരം നടന്നത്.

സമ്മേളന ചര്‍ച്ചയില്‍ ആരോഗ്യമന്ത്രിക്ക് എതിരെ വിമര്‍ശനം ഉയര്‍ന്നു. മന്ത്രിയെ കാണാനില്ലെന്നും ഫോണില്‍ കിട്ടുന്നില്ലെന്നും അംഗങ്ങള്‍ പറഞ്ഞു. ആന്റോ ആന്റണി എം പി വിവാഹ വീടുകളിലും മരണവീടുകളിലും ഒക്കെ ഓടിയെത്തുന്നു. ഏരിയ സമ്മേളനത്തില്‍ മന്ത്രി പങ്കെടുക്കാതിരുന്നത് അംഗങ്ങള്‍ ശ്ര്ദ്ധയില്‍ പെടുത്തി. മ്ന്ത്രി അസൗകര്യം അറിയിച്ചതായി നേതൃത്വം പറഞ്ഞു.

അബാന്‍ മേല്‍പ്പാലം പണി ഇഴഞ്ഞുനീങ്ങുന്നുവെന്നും ഉത്തരവാദിത്വത്തപ്പെട്ടവര്‍ അതുശ്രദ്ധിക്കുന്നില്ല എന്നുമായിരുന്നു മറ്റൊരു വിമര്‍ശനം. അബാന്‍ പാലം ആവശ്യമുണ്ടായിരുന്നോ എന്ന ചോദ്യവും ഉയര്‍ന്നു. ദേശീയ പാത 183 യുടെ അലൈന്റ്‌മെന്റ് ചങ്ങനാശേരി, കോട്ടയം വഴിയാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇലന്തൂര്‍ ഗവ.കോളേജിന്റെ നിര്‍മ്മാണത്തിനുള്ള തടസങ്ങള്‍ നീക്കണം. പത്തനംതിട്ട ജില്ലയെ തീര്‍ഥാടന ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

Tags:    

Similar News