കണ്ണൂര്‍ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ അതീവ ഗുരുതരം; മാടായി കോളേജ് നിയമന വിവാദത്തില്‍ കെപിസിസി ഇടപെടല്‍; മൂന്നംഗ സമിതിയെ നിയോഗിക്കും; വിവാദം പ്രാദേശിക പ്രശ്‌നം മാത്രമെന്ന് വി ഡി സതീശന്‍
കണ്ണൂര്‍ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ അതീവ ഗുരുതരം
കണ്ണൂര്‍: മാടായി കോളേജ് നിയമനവുമായി ബന്ധപ്പെട്ട് എംകെ രാഘവനും പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വവും തമ്മിലുളള പ്രശ്‌നത്തിന്റെ പരിഹാരത്തിന് കെപിസിസി ഇടപെടുന്നു. തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ കെപിസിസി മൂന്നംഗ സമിതിയെ നിയോഗിക്കാനാണ് തീരുമാനം. ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ള സമിതി അംഗങ്ങളെ ഇന്നുതന്നെ തീരുമാനിക്കും. എം കെ രാഘവനെതിരെ പ്രവര്‍ത്തക വികാരം ആളിക്കെത്തിയ വിഷയം കണ്ണൂരിലെ ഗുരുതര പ്രശ്‌നമായി മാറിയെന്നാണ് കെപിസിസി വിലയിരുത്തിയത്. വിഷയം ഇനിയും നീട്ടിക്കൊണ്ടു പോകാനാകില്ലെന്നും മുതിര്‍ന്ന നേതാക്കള്‍ വിലയിരുത്തി.
പ്രദേശത്ത് പാര്‍ട്ടി രണ്ട് തട്ടിലായതോടെ കണ്ണൂര്‍ ഡിസിസി കെപിസിസിയുടെ അടിയന്തര ഇടപെടല്‍ തേടിയിരുന്നു. പ്രതിപക്ഷ നേതാവ് വിഡി സതീശനെ കണ്ട ഡിസിസി അധ്യക്ഷന്‍ അടക്കം നേതാക്കള്‍, പയ്യന്നൂര്‍ മേഖലയില്‍ പാര്‍ട്ടി സംവിധാനം പ്രതിസന്ധിയിലാണെന്നും എം കെ രാഘവന് ഒപ്പമുള്ള കോളേജ് ഡയറക്ടര്‍മാര്‍ക്കെതിരെ നടപടിയെടുത്തത് മതിയായ കാരണമുള്ളത് കൊണ്ടാണെന്നും വിശദീകരിച്ചു.
അതേസമയം മാടായി കോളേജിലെ നിയമനവിവാദം പ്രാദേശിക പ്രശ്‌നം മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പ്രതികരിച്ചു. ഇതു സംബന്ധിച്ചു എം.കെ. രാഘവന്‍ എം.പി തന്നോട് സംസാരിച്ചിരുന്നു. ഇന്ന് രാവിലെ പയ്യാമ്പലം ഗസ്റ്റ് ഹൗസില്‍ കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഈ വിഷയം ഉടന്‍ കെ.പി.സി.സി പരിഹരിക്കും. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനെ ബാധിക്കില്ല. താന്‍ പയ്യന്നൂരില്‍ പോകണോ വേണ്ടയോ യെന്ന് തീരുമാനിക്കേണ്ടത് സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസില്‍ നിന്നല്ല ആ വിചാരം അങ്ങ് കൈയ്യില്‍ വെച്ചാല്‍ മതി. എം.വി ജയരാജന്‍ കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് എന്തെല്ലാം പറഞ്ഞു. അദ്ദേഹത്തിന് മറുപടി പറയലല്ല തന്റെ പണിയൊന്നും വി.ഡി സതീശന്‍ പറഞ്ഞു.
മാടായി കോളേജ് ഭരണാസമിതി സംഘടനാ താല്‍പ്പര്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്നും സംഘടന ജനറല്‍ സെക്രട്ടറിക്ക് അയച്ച കത്തില്‍ ഡിസിസി പ്രസിഡന്റ് ചൂണ്ടിക്കാട്ടുന്നു. എം.കെ രാഘവന്‍ എഐസിസി, കെപിസിസി നേതൃത്വങ്ങളെയും പരാതി അറിയിച്ചു. ഇങ്ങനെ പാര്‍ട്ടിയില്‍ തുടരാനാവില്ലെന്ന് രാഘവന്‍ മുന്നറിയിപ്പ് നല്‍കിയതായാണ് വിവരം.
എം.പി ചെയര്‍മാനായ മാടായി കോളേജില്‍ അദ്ദേഹത്തിന്റെ ബന്ധുവായ സിപിഎം പ്രവര്‍ത്തകന് ജോലി നല്‍കിയതുമായി ബന്ധപ്പെട്ടാണ് പ്രതിഷേധം പുകയുന്നത്. കോളേജിലെ അനധ്യാപക തസ്തികയില്‍ കല്യാശ്ശേരിയിലെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പരിഗണിക്കാതിരുന്നതാണ് എതിര്‍പ്പുകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും കാരണം. എംപി ബന്ധുവായ സിപിഎം അനുഭാവിക്ക് ജോലി നല്‍കിയത് കൂടുതല്‍ പ്രകോപനമായി.
ഇതില്‍ പ്രതിഷേധിച്ച് രാഘവനെ തടഞ്ഞ പ്രാദേശിക നേതാക്കള്‍ക്കെതിരെ കെപിസിസി പറഞ്ഞതനുസരിച്ച് ഡിസിസി നടപടിയെടുത്തിരുന്നു. ഇതോടെ പ്രശ്‌നം കൂടുതല്‍ കലുഷിതമായി. രാഘവന്റെ നാട്ടിലെ കോണ്‍ഗ്രസ് കമ്മിറ്റി കഴിഞ്ഞ ദിവസം ഒന്നടങ്കം രാജിവച്ചു. പ്രശ്‌നം ദിനംപ്രതി കടുത്തതോടെയാണ് കെപിസിസി നേതൃത്വത്തിന്റെ ഇടപെടല്‍.