'വീണ്ടും രണ്ട് കേന്ദ്ര ബജറ്റുകൾ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സാർ'; ഭൂമി കൊടുക്കാത്തതാണ് കാരണമാണെന്ന് ന്യായീകരിച്ചു കഷ്ടപ്പെടുന്നവരോട്..; കുറിപ്പുമായി മന്ത്രി വീണ ജോർജ്
തിരുവനന്തപുരം: കേരളത്തിന് അർഹമായ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) കേന്ദ്ര ബജറ്റിൽ ഉൾപ്പെടുത്താത്തത് ഭൂമി ഏറ്റെടുത്ത് നൽകാത്തതിനാലാണെന്ന ആരോപണങ്ങൾ തള്ളി സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 2024-ൽ തന്നെ എയിംസ് സ്ഥാപിക്കുന്നതിനായി കേന്ദ്രം ആവശ്യപ്പെട്ട ഭൂമി സംബന്ധമായ രേഖകൾ കേരളം സമർപ്പിച്ചിരുന്നുവെന്ന് മന്ത്രി അറിയിച്ചു. എയിംസ് അടുത്ത പ്രഖ്യാപനത്തിൽ ഉൾപ്പെടുത്തുമെന്ന കേന്ദ്രസർക്കാർ ഉറപ്പ് പാലിക്കപ്പെട്ടില്ലെന്നും രണ്ട് കേന്ദ്ര ബജറ്റുകൾ കൂടി കടന്നുപോയെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
മന്ത്രി വീണാ ജോർജ് തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഈ വിശദീകരണം നൽകിയത്. കേരളത്തിന് എയിംസ് അനുവദിക്കുന്നതിന് അംഗീകാരം നൽകാൻ ധനമന്ത്രാലയത്തോട് അഭ്യർഥിച്ചുവെന്നും അടുത്ത പ്രഖ്യാപനത്തിൽ കേരളത്തിന്റെ എയിംസ് ഉൾപ്പെടുമെന്നും അറിയിച്ചുള്ള കത്ത് കേന്ദ്ര സർക്കാർ കേരളത്തിന് കൈമാറിയിരുന്നുവെന്ന് മന്ത്രി വെളിപ്പെടുത്തി. ഈ കത്തിന്റെ ചിത്രം ഉൾപ്പെടെ പങ്കുവെച്ച മന്ത്രി, "രണ്ട് ബജറ്റ് കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സാർ" എന്ന് തന്റെ പോസ്റ്റിൽ കുറിച്ചു.
കുറിപ്പിന്റെ പൂർണരൂപം:
ഭൂമി കൊടുക്കാത്തത് കൊണ്ടാണ് കേരളത്തിന് എയിംസ് കിട്ടാത്തതെന്ന് ന്യായീകരിച്ചു കഷ്ടപ്പെടുന്നവരോട്. ഇത് 2024 ൽ കേന്ദ്രത്തിൽ നിന്നും കേരളത്തിന് ലഭിച്ച കത്താണ്. കേന്ദ്രം ആവശ്യപ്പെട്ട ഭൂമി സംബന്ധമായ രേഖകള്‍ ഉള്‍പ്പെടെ കേരളം സമര്‍പ്പിച്ചതിന് ശേഷം ലഭിച്ച കത്തിൽ പറഞ്ഞിരിക്കുന്നത്, കേരളത്തിന് എയിംസ് അനുവദിക്കുന്നതിന് തത്വത്തിൽ അംഗീകാരം നൽകാൻ ധനമന്ത്രാലയത്തോട് അഭ്യർത്ഥിച്ചു എന്നും അടുത്ത പ്രഖ്യാപനത്തിൽ കേരളത്തിന്റെ എയിസ് ഉൾപ്പെടും എന്നുമാണ്! വീണ്ടും രണ്ട് കേന്ദ്ര ബജറ്റുകൾ കൂടി കഴിഞ്ഞു. എയിംസ് കണ്ടില്ല സര്‍!
കേരളത്തിലേക്ക് എയിംസിന്റെ പ്രൊപ്പോസൽ വന്ന കാലം മുതൽ അന്നത്തെ സംസ്ഥാന സർക്കാർ ക്രമീകരണങ്ങൾ പൂർത്തിയാക്കിയിരുന്നു. ഇതിനായി നാല് സ്ഥലങ്ങളാണ് സംസ്ഥാനം കണ്ടെത്തി നൽകിയത്. തിരുവനന്തപുരം കള്ളിക്കാട് പഞ്ചായത്തിലെ നെട്ടുകാൽത്തേരി (തുറന്ന ജയിലിനോട് ചേർന്ന സ്ഥലം), കോട്ടയം മെഡിക്കൽ കോളേജിനോട് ചേർന്ന സ്ഥലം, എറണാകുളത്ത് എച്ച്.എം.ടി.യുടെ സ്ഥലം, കോഴിക്കോട് കിനാലൂർ എന്നിവയായിരുന്നു ഈ സ്ഥലങ്ങൾ. ഈ നാല് നിർദേശങ്ങളിൽ ആവശ്യമായ സ്ഥലം ലഭ്യമായിരുന്നത് നെട്ടുകാൽത്തേരിയിൽ മാത്രമായിരുന്നു.
പിന്നീട്, ഓരോ സ്ഥലത്തിന്റെയും സൗകര്യങ്ങൾ സംബന്ധിച്ച വിശദവിവരങ്ങൾ കേന്ദ്രം ആരായുകയും വിവിധ കാര്യങ്ങൾ പരിശോധിച്ച് കോഴിക്കോട് കിനാലൂരിലെ സ്ഥലം എയിംസിനായി അനുവദിക്കുന്നതിലേക്ക് കാര്യങ്ങളെത്തുകയുമായിരുന്നു. സ്ഥലത്തിന്റെ സർവേ നമ്പർ, ജില്ല, താലൂക്ക്, അടുത്തുള്ള റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം, മെഡിക്കൽ കോളേജ്, റോഡ്, കുടിവെള്ളം, വൈദ്യുതി സൗകര്യം, മറ്റ് ആശുപത്രികളുടെ അവസ്ഥ തുടങ്ങിയ വിവരങ്ങളാണ് കേന്ദ്രം അന്ന് സംസ്ഥാന സർക്കാരിൽ നിന്ന് തേടിയത്.
