കേരള കോണ്‍ഗ്രസ് എം ഇല്ലെങ്കിലും യുഡിഎഫ് ജയിക്കും; പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അവര്‍ പരാജയപ്പെട്ടു; അവരില്ലാതെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന വിജയം യുഡിഎഫ് കരസ്ഥമാക്കി; യുഡിഎഫിനെ ദുര്‍ബലപ്പെടുത്തുന്ന ചര്‍ച്ചകള്‍ നടത്തരുത്; ജോസ് കെ മാണിയുടെ മുന്നണി പ്രവേശന ചര്‍ച്ചയില്‍ അതൃപ്തി പരസ്യമാക്കി മോന്‍സ് ജോസഫ്

കേരള കോണ്‍ഗ്രസ് എം ഇല്ലെങ്കിലും യുഡിഎഫ് ജയിക്കും; പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അവര്‍ പരാജയപ്പെട്ടു

Update: 2026-01-14 04:38 GMT

കോട്ടയം: കേരള കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫിലേക്ക് തിരിച്ചെടുക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം. കേരള കോണ്‍ഗ്രസ് എമ്മിന് പ്രസക്തിയില്ലെന്ന് ജോസഫ് വിഭാഗം നേതാവ് മോന്‍സ് ജോസഫ് എംഎല്‍എ പറഞ്ഞു. അവരില്ലെങ്കിലും ജയിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫിനെ ദുര്‍ബലപ്പെടുത്തുന്ന ചര്‍ച്ചകള്‍ നടത്തരുതെന്നും മോന്‍സ് ജോസഫ് കൂട്ടിച്ചേര്‍ത്തു.

'രാഷ്ട്രീയമായി ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളെല്ലാം അടിസ്ഥാനരഹിതമാണ്. ആരാണ് ഇവരെ ക്ഷണിക്കുന്നത്. യുഡിഎഫിനെ ദുര്‍ബലപ്പെടുത്തുന്ന ചര്‍ച്ചകള്‍ നല്ലതല്ലെന്ന് ഞങ്ങളുടെ പാര്‍ട്ടി പറഞ്ഞു. ഇന്ന് കേരളത്തില്‍ ഈ കക്ഷികളൊന്നും ഇല്ലാതെയല്ലേ ഇത്ര വലിയ വിജയമുണ്ടായത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അവര്‍ പരാജയപ്പെട്ടു. അവരില്ലാതെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന വിജയം യുഡിഎഫ് കരസ്ഥമാക്കി.

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും യുഡിഎഫ് അധികാരത്തില്‍ വരണമെന്നാണ് കേരള ജനത ആഗ്രഹിക്കുന്നത്. നിശ്ചയമായും ഈ കക്ഷികളില്ലാതെ തന്നെ വരും. കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ സ്വാധീനമേഖലകളെല്ലാം യുഡിഎഫ് തൂത്തുവാരി. ജനങ്ങളുടെ ശക്തമായ പിന്തുണ നേടി', മോന്‍സ് ജോസഫ് പറഞ്ഞു.

മാണി വിഭാഗം എല്‍ഡിഎഫ് വിട്ട് യുഡിഎഫിലേക്ക് എത്തുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കേയാണ് മോന്‍സ് ജോസഫിന്റെ പ്രതികരണം. കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി കേന്ദ്രത്തിന് എതിരായ എല്‍ഡിഎഫ് സമരത്തില്‍ നിന്ന് വിട്ടുനിന്നതോടെയാണ് ചര്‍ച്ചകള്‍ക്ക് ചൂടേറിയത്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും പ്രതിപക്ഷ നേതാവ് വി ഡി സതീശനുമടക്കമുള്ളവര്‍ മാണി വിഭാഗത്തെ യുഡിഎഫിലേക്ക് തിരികെയെത്തിക്കാനുള്ള ചരടുവലികള്‍ നടത്തുന്നുവെന്ന വാര്‍ത്തകളും പുറത്ത് വന്നിരുന്നു.

എന്നാല്‍ മുന്നണി മാറ്റ അഭ്യൂഹങ്ങള്‍ക്കിടെ ജോസ് കെ മാണി കഴിഞ്ഞ ദിവസം പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ് വലിയ ചര്‍ച്ചയായി. കേരള കോണ്‍ഗ്രസ് എമ്മിന്റെ രാഷ്ട്രീയ നിലപാട് പലവട്ടം ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണെന്നാണ് ജോസ് കെ മാണി ഫേസ്ബുക്കില്‍ കുറിച്ചത്. ഇടതുമുന്നണിയുടെ സമരപരിപാടിയില്‍ പങ്കെടുക്കാത്തതിന്റെ കാരണവും ജോസ് കെ മാണി വിശദീകരിച്ചിരുന്നു.

കേരള കോണ്‍ഗ്രസ് എമ്മിന്റെ മുന്നണി മാറ്റം സംബന്ധിച്ചുള്ള അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടെ ഇടതുമുന്നണിക്കൊപ്പം എന്ന് ആവര്‍ത്തിച്ച് പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ. മാണി ഇന്നലെ രംഗത്തുവന്നിരുന്നു. ഇപ്പോള്‍ പുറമേ നടക്കുന്ന ചര്‍ച്ചകള്‍ക്ക് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലെന്നും കേരള കോണ്‍ഗ്രസ് (എം) ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും ജോസ് കെ. മാണി സമൂഹമാധ്യമത്തില്‍ കുറിച്ചു.

കേരള കോണ്‍ഗ്രസ് (എം) പാര്‍ട്ടിയുടെ രാഷ്ട്രീയ നിലപാട് ഇടതുമുന്നണിക്കൊപ്പം എന്ന് പലവട്ടം ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്. ഒഴിവാക്കാനാവാത്ത ചില സ്വകാര്യ ആവശ്യങ്ങള്‍ ഉള്ളതിനാലാണ് കേരളത്തിനു പുറത്ത് ഇപ്പോള്‍ യാത്ര ചെയ്യേണ്ടി വരുന്നത്. ഇക്കാരണത്താലാണ് തിരുവനന്തപുരത്തെ ഇടതുമുന്നണി സംഘടിപ്പിച്ച സമരപരിപാടിയില്‍ പങ്കെടുക്കാതിരുന്നത്. ഈ വിവരം മുന്നണി നേതാക്കളെ മുന്‍കൂര്‍ അറിയിച്ചിട്ടുള്ളതാണ്. കൂടാതെ, പാര്‍ട്ടിയുടെ മുഴുവന്‍ എംഎല്‍എമാരും പ്രസ്തുത പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ട്.

ഇതിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയുടെ രാഷ്ട്രീയ നിലപാട് സംബന്ധിച്ച് ഇപ്പോള്‍ പുറമേ നടക്കുന്ന ചര്‍ച്ചകള്‍ക്ക് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ല. സത്യം ഇതായിരിക്കേ ആരെങ്കിലും ഇതുമായി ബന്ധപ്പെട്ട് അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നത് ബോധപൂര്‍വം പാര്‍ട്ടിയെ അസ്ഥിരപ്പെടുത്താനുള്ള അജന്‍ഡയുടെ ഭാഗമാണ്. കേരള കോണ്‍ഗ്രസ് (എം) ഒറ്റക്കെട്ടായി മുന്നോട്ടുപോകും.

Tags:    

Similar News