വാപ്പയും ഉപ്പാപ്പയും കോണ്‍ഗ്രസ് ആയിരുന്നതിന്റെ തഴമ്പ് അന്‍വറിന്റെ പിന്നാമ്പുറത്ത് ഉണ്ടാകില്ല; ജയശങ്കറിനെതിരായ പരാമര്‍ശം വൃത്തികെട്ടത്; പിണറായിക്ക് ഓശാന പാടുന്നതിലെ തിണ്ണമിടുക്ക് എറണാകുളത്ത് വേണ്ടെന്ന് മുഹമ്മദ് ഷിയാസ്

ജയശങ്കറിന്റെ വീട്ടിലും ഓഫീസിലും വന്ന് മുണ്ടൂരി കളയും തലയില്‍ കക്കൂസ് മാലിന്യമൊഴിക്കുമെന്ന് പറയുന്ന അന്‍വര്‍ ഇത് എറണാകുളമാണെന്ന് മറക്കണ്ട.

Update: 2024-09-14 14:24 GMT

കൊച്ചി: അഡ്വ. എ ജയശങ്കറിനെതിരായ പി വി അന്‍വറിന്റെ പ്രസ്താവന ജനാതിപത്യ സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. വാപ്പയും ഉപ്പാപ്പയും കോണ്‍ഗ്രസ് ആയിരുന്നതിന്റെ തഴമ്പ് അന്‍വറിന്റെ പിന്നാമ്പുറത്ത് ഉണ്ടാകുമെന്ന് കരുതണ്ട. സിപിഎമ്മിന് പടുകുഴി തോണ്ടുന്ന പിണറായി വിജയന് ഓശാന പാടുന്ന ലാഘവത്തോടെ എതിരഭിപ്രായം പറയുന്നവരുടെ മേല്‍ കയറാന്‍ വന്നാല്‍ ആ തിണ്ണമിടുക്കൊന്നും ഇവിടെ നടക്കില്ല.

രാഷ്ട്രീയ അഭിപ്രായ വ്യത്യാസത്തിന്റെ പേരില്‍ ജയശങ്കറിന്റെ വീട്ടിലും ഓഫീസിലും വന്ന് മുണ്ടൂരി കളയും തലയില്‍ കക്കൂസ് മാലിന്യമൊഴിക്കുമെന്ന് പറയുന്ന അന്‍വര്‍ ഇത് എറണാകുളമാണെന്ന് മറക്കണ്ട. ഇത്രയും മോശമായ പ്രതികരണം നടത്തിയ അന്‍വറിന്റെ ഈ വൃത്തികെട്ട പ്രസ്താവനക്ക് പാര്‍ട്ടി പിന്തുണയുള്ളത് കൊണ്ടാണോ സിപിഎം നേതൃത്വം മൗനം പാലിക്കുന്നത്. അന്‍വര്‍ ആണോ അജിത്കുമാര്‍ ആണോ മാഫിയ എന്നുള്ള തകര്‍ക്കമാണ് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നത്. ഇത്രയും ഗുരുതരമായ വെളിപ്പെടുത്തലുകളില്‍ ഗൗരമായ ചര്‍ച്ചകള്‍ പാര്‍ട്ടിയും സര്‍ക്കാരും നടത്തുന്നില്ല.

തൃശൂര്‍ പൂരം പോലും അലങ്കോലമാക്കിയ പിണറായി വിജയന്റെ ആഭ്യന്തരവകുപ്പിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്ന അതെ അന്‍വര്‍ തന്നെ പറയുന്നു പിണറായി വിജയന്‍ അച്ഛനെപ്പോലെയാണ് എന്ന്. നിലപാടില്‍ ഉറപ്പുള്ളവന്‍ ആണെങ്കില്‍ താന്‍ തന്നെ പറഞ്ഞ ആരോപണങ്ങളില്‍ വേണ്ടത്ര ഗൗരവമായ അന്വേഷണം നടത്താത്തവര്‍ക്ക് എതിരെ എന്തുകൊണ്ടാണ് നിയമപരമായി നീങ്ങാത്തത്. അതിനര്‍ത്ഥം തന്റെ കൊള്ളകള്‍ മുഴുവന്‍ മൂടിവെക്കാന്‍ സര്‍ക്കാരിനെ ചൊല്പടിക്ക് നിര്‍ത്താന്‍ വേണ്ടി മാത്രമുള്ള അഭ്യാസമായി കണ്ടാല്‍ മതിയെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.

കഴിഞ്ഞ ദിവസമായിരുന്നു നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിന്റെ നിലവിട്ടുള്ള പെരുമാറ്റം. രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. ജയശങ്കറിനെതിരെ അസഭ്യവര്‍ഷവും ഭീഷണിയുമായി പി വി അന്‍വര്‍ എംഎല്‍എ രംഗത്ത്. കക്കൂസ് മാലിന്യം ബക്കറ്റിലാക്കി കൊണ്ടുവന്ന് തലയിലൊഴിക്കുമെന്നാണ് ഭീഷണി. ഉടുമുണ്ട് ഉരിഞ്ഞ് നടത്തുമെന്നും ഭീഷണി മുഴക്കിയിട്ടുണ്ട്. ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് അസഭ്യവര്‍ഷവും ഭീഷണിയും.

ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ ജയശങ്കര്‍ കേരളം ആദരിക്കുന്ന രാഷ്ട്രീയ നിരീക്ഷകന്‍ കൂടിയാണ്. എല്ലാ പൊതു വിഷയങ്ങളിലും തന്റെ അഭിപ്രായം പറയാറുണ്ട്. എഡിജിപി അജിത് കുമാറിനെതിരെ അന്‍വര്‍ ഉയര്‍ത്തുന്ന ആരോപണങ്ങളേയും ശരിപക്ഷത്തു നിന്ന് നോക്കി കണ്ട വ്യക്തിയാണ് അദ്ദേഹം. ചാനല്‍ ചര്‍ച്ചകളിലും മറ്റും നിരീക്ഷണം അന്‍വറിന് എതിരാവുകയും ചെയ്തു. ഇതിലെ പ്രകോപനമാകും പുതിയ വീഡിയോയ്ക്ക് പിന്നിലെന്ന നിരീക്ഷണം ശക്തമാണ്.

നിയമ വ്യവസ്ഥയേയും പോലീസിനേയും എല്ലാം വെല്ലുവിളിക്കുകയാണ് അന്‍വര്‍. കേരളത്തിലെ ക്രമസമാധാനം തകര്‍ന്നതിന് തെളിവ് കൂടിയാണ് ഈ വീഡിയോ. ഭരണ പക്ഷ പിന്തുണയുള്ള എംഎല്‍എയാണ് അന്‍വര്‍. അതുകൊണ്ട് തന്നെ ഈ വീഡിയോയില്‍ പോലീസ് എന്ത് നടപടി എടുക്കുമെന്നത് നിര്‍ണ്ണായകമാണ്.

ഭക്ഷ്യ സുരക്ഷ വകുപ്പ് ഈ മാഫിയയിലെ രണ്ട് കണ്ണികള്‍ മാത്രമാണ് സുജിത് ദാസും അജിത് കുമാറും. മലപ്പുറം എന്നും ഇതിന്റെ കേന്ദ്രമാക്കിയിരിക്കുകയാണ്. മയക്കുമരുന്ന് എത്തിക്കുന്നതും കച്ചവടം ചെയ്യുന്നതും പിടിക്കുന്നതും കേസുണ്ടാക്കുന്നതുമെല്ലാം ഇവര്‍ തന്നെയാണ്. ഇതിന്റെ ഉത്ഭവസ്ഥാനം ഇതുവരെ പിടിക്കുകയും മുറിക്കുകയും ചെയ്യാത്തത് എന്തുകൊണ്ടാണ്. ഇതിന്റെ പിന്നില്‍ ഇവര്‍ തന്നെയായതുകൊണ്ടാണിതെന്നും അന്‍വര്‍ പറഞ്ഞു. എഡിജിപി അജിത് കുമാര്‍ ഡിജിപിക്കു നല്‍കിയ മൊഴിയിലും അന്‍വര്‍ പ്രതികരിച്ചിരുന്നു.


തിരുവോണം പ്രമാണിച്ച് നാളെ ( 15.09.2024)ഓഫീസിന് അവധി ആയതിനാല്‍ അപ്‌ഡേഷന്‍ ഉണ്ടായിരിക്കുന്നതല്ല- എഡിറ്റര്‍.

Tags:    

Similar News