ബിജെപിക്കൊപ്പം കേന്ദ്ര ഭരണത്തിലുള്ള ജെഡിയുവിന് ഇടതു മുന്നണിയില്‍ അയിത്തമില്ല; തോമസ് കെ തോമസിനെ മന്ത്രിയാക്കാതിരിക്കാന്‍ മുഖ്യമന്ത്രി പ്രയോഗിച്ചത് പതിനെട്ടാം അടവ്; ശരത് പവാറിന് നിരാശ; എന്‍സിപിയില്‍ പിളര്‍പ്പിനും സാധ്യത; തോമസ് കെ തോമസ് യുഡിഎഫിലേക്കോ?
തിരുവനന്തപുരം: രണ്ട് എല്‍ഡിഎഫ് എംഎല്‍എമാരെ പാര്‍ട്ടി മാറാന്‍ തോമസ് കെ.തോമസ് പ്രേരിപ്പിച്ചെന്ന വിവാദത്തില്‍ യുഡിഎഫ് പ്രതികരണം കരുതലോടെ മാത്രം. എല്ലാം അറിയാമെന്ന് പറയുന്ന മുഖ്യമന്ത്രി എന്തുകൊണ്ട് അന്വേഷണം നടത്തിയില്ലെന്നത് കോണ്‍ഗ്രസ് ചര്‍ച്ചയാക്കും. അതിനിടെ തോമസ് കെ തോമസിനെ മന്ത്രിയാക്കില്ലെങ്കില്‍ എന്‍സിപി ഇടതു മുന്നണി വിട്ടേക്കുമെന്നും സൂചനയുണ്ട്. അപമാനം സഹിച്ച് ഇടതു മുന്നണിയില്‍ തുടരാന്‍ തോമസ് കെ തോമസിനും താല്‍പ്പര്യമില്ല. തോമസ് കെ തോമസിനെ മന്ത്രിയാക്കണമെന്ന എന്‍സിപി നേതാവ് ശരത് പവാറിന്റെ നിര്‍ദ്ദേശം മുഖ്യമന്ത്രി അംഗീകരിക്കാത്തത് എന്‍സിപി ദേശീയ നേതൃത്വത്തേയും ചൊടിപ്പിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുഡിഎഫിലേക്കുളള മാറ്റം അടക്കം പവാറും ചിന്തിക്കുന്നുണ്ട്.
എന്തു വന്നാലും മന്ത്രി എകെ ശശീന്ദ്രന്‍ ഇടതുപക്ഷത്തേ നില്‍ക്കൂ. ഫലത്തില്‍ രണ്ട് എന്‍സിപി കേരളത്തിലുണ്ടാകാനും സാധ്യത ഏറെയാണ്. ബിജെപി ബന്ധത്തിന്റെ പേരില്‍ ഇടതുമുന്നണിയിലെ 2 കക്ഷികളോടുള്ള സിപിഎമ്മിന്റെ നിലപാട് ചര്‍ച്ചയാകുന്നുണ്ട്. ദേശീയതലത്തില്‍ ബിജെപി സഖ്യത്തിലുള്ള ജനതാദള്‍ എസിന്റെ (ജെഡിഎസ്) കേരളഘടകം ഇപ്പോഴും എല്‍ഡിഎഫിലും പിണറായി മന്ത്രിസഭയിലുമുണ്ട്. ബിജെപി സഖ്യത്തിനു വേണ്ടി കൂറുമാറ്റശ്രമം നടത്തിയെന്ന ആക്ഷേപത്തില്‍ എന്‍സിപി എംഎല്‍എയ്ക്കു മന്ത്രിസ്ഥാനം നിഷേധിച്ചത് ഇക്കാരണം കൊണ്ടാണെങ്കില്‍ ജെഡിഎസിനോടുള്ള നിലപാട് എന്തുകൊണ്ട് അങ്ങനെയായി എന്നാണ് ഉയരുന്ന ചോദ്യം. തോമസ് കെ തോമസിനെ അപമാനിക്കും വിധം വാര്‍ത്ത വന്നതിലും എന്‍സിപിയില്‍ ഒരു വിഭാഗത്തിന് വേദനയുണ്ട്. ഇടതു മുന്നണിയില്‍ നില്‍ക്കുന്നത് എന്തിനാണെന്ന ചോദ്യമാണ് അവര്‍ ഉയര്‍ത്തുന്നത്.
ബിജെപിക്കൊപ്പം കേന്ദ്ര ഭരണത്തിലുള്ള ജെഡിയുവിന് ഇടതു മുന്നണിയില്‍ അയിത്തമില്ലെന്നതാണ് വസ്തുത. നരേന്ദ്ര മോദി സര്‍ക്കാരില്‍ മന്ത്രിയാണ് കുമാര സ്വാമി. കുമാരസ്വാമിയുടെ പാര്‍ട്ടി പ്രതിസന്ധി കേരളത്തില്‍ പിണറായി മന്ത്രിസഭയിലുണ്ട്. എന്നാല്‍ എന്‍സിപിയുടെ തോമസ് കെ തോമസിനെ മന്ത്രിയാക്കാതിരിക്കാന്‍ മുഖ്യമന്ത്രി പ്രയോഗിച്ചത് പതിനെട്ടാം അടവായിരുന്നു. കുറുമാറ്റ കോഴ ആരോപണത്തില്‍ ഗൂഡാലോചനയുണ്ടെന്നാണ് വിലയിരുത്തല്‍. ഇങ്ങനെ എന്‍സിപി എംഎല്‍എയെ അപമാനിച്ചതില്‍ ശരത് പവാറിന് നിരാശയുണ്ട്. ഇതിനിടെ എന്‍സിപിയില്‍ പിളര്‍പ്പിനും സാധ്യത കേരളത്തില്‍ തെളിയുകയാണ്. അങ്ങനെ വന്നാല്‍ തോമസ് കെ തോമസ് യുഡിഎഫിലേക്ക് പോകുമെന്നാണ് വിലയിരുത്തല്‍. ഇതിനെ പവാര്‍ പിന്തുണച്ചാല്‍ ഇന്ത്യാ സഖ്യത്തില്‍ പ്രധാന സഖ്യകക്ഷിയായ എന്‍സിപി പവാര്‍ വിഭാഗവും കേരളത്തില്‍ യുഡിഎഫിനൊപ്പമാകും.
ജെഡിഎസ് ദേശീയതലത്തില്‍ ബിജെപി നയിക്കുന്ന സഖ്യത്തിന്റെ ഭാഗമായിട്ട് ഒരുവര്‍ഷമായി. പാര്‍ട്ടിയുടെ കെ.കൃഷ്ണന്‍കുട്ടി ഇപ്പോഴും പിണറായി മന്ത്രിസഭയിലുണ്ട്. ആ പാര്‍ട്ടിയെയോ, അവരുടെ നിലപാടിനെയോ സിപിഎം ഇതുവരെ പരസ്യമായി തള്ളിപ്പറഞ്ഞിട്ടില്ല. കേരളത്തിലെ 2 എന്‍സിപി എംഎല്‍എമാരും ജയിച്ചുവന്നതു 'ക്ലോക്ക്' ചിഹ്നത്തിലാണ്. വ്യവസ്ഥകള്‍ക്കു വിധേയമായി ക്ലോക്ക് ചിഹ്നം സുപ്രീംകോടതി ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത് ബിജെപി സഖ്യത്തിലുള്ള എന്‍സിപി അജിത് പവാര്‍ പക്ഷത്തിനാണ്. അതുകൊണ്ട് തോമസ് കെ.തോമസും എ.കെ.ശശീന്ദ്രനും സാങ്കേതികമായി അജിത് പവാറിന്റെ എന്‍സിപിയുടെ ഭാഗമാണ്. എന്നാല്‍ ഇരുവരും നില്‍കുന്നത് ശരത് പവാറിനൊപ്പവും. അതിനിടെയാണ് മന്ത്രിമാറ്റത്തിന് ശരത് പവാര്‍ നിര്‍ദ്ദേശിച്ചത്. എന്നാല്‍ ഇത് പിണറായി അംഗീകരിച്ചില്ല. ഇതിനെ കടുത്ത അവഗണനയായാണ് എന്‍സിപി കാണുന്നത്. അതിനിടെ എന്‍സിപി കേരളത്തില്‍ പിളരാനുള്ള സാധ്യതയും തെളിയുകയാണ്.
കുട്ടനാട് എംഎല്‍എ തോമസ് കെ. തോമസിനെതിരെ കേന്ദ്ര നേതൃത്വത്തെ സമീപിക്കാന്‍ ഒരുങ്ങുകയാണ് എ.കെ ശശീന്ദ്രന്‍ വിഭാഗം. ഇടത് എംഎല്‍എമാരെ ബിജെപി പാളയത്തില്‍ എത്തിക്കാന്‍ തോമസ് കെ. തോമസ് നീക്കം നടത്തി എന്ന പരാതി ആയിരിക്കും ശശീന്ദ്രന്‍ വിഭാഗം ഉന്നയിക്കുക. ശരത് പവാറിന് രേഖാമൂലം പരാതി നല്‍കാനാണ് ശശീന്ദ്രന്‍ വിഭാഗത്തിന്റെ ആലോചന. ഇതില്‍ ശരത് പവാറിന്റെ നിലപാട് നിര്‍ണായകമാകും. പരാതിയെ അവഗണിച്ച് തോമസ് കെ. തോമസിനെ മന്ത്രിയാക്കണമെന്ന ആവശ്യം വീണ്ടും എന്‍സിപി ദേശീയ നേതൃത്വം മുന്നോട്ടുവച്ചാല്‍ മുഖ്യമന്ത്രി അതിനെ അവഗണിക്കുമോ എന്നതും എന്‍സിപി നേതൃത്വത്തില്‍ ചര്‍ച്ചയാകുന്നുണ്ട്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ തോമസ് കെ.തോമസ് മന്ത്രി ആകാന്‍ സാധ്യതയില്ല എന്നാണ് സിപിഎം കേന്ദ്രങ്ങള്‍ പറയുന്നത്. എന്നാല്‍ ഇത് ശരത് പവാര്‍ അംഗീകരിക്കുമോ എന്നതാണ് നിര്‍ണ്ണായകം.
തോമസ് കെ. തോമസ് എല്‍ഡിഎഫിന്റെ രണ്ട് എംഎല്‍എമാരെ അജിത് പവാര്‍ പക്ഷത്തേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചെന്നായിരുന്നു മുഖ്യമന്ത്രി ഉന്നയിച്ച ആരോപണം. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് മുഖ്യമന്ത്രി ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ആന്റണി രാജുവിനും കോവൂര്‍ കുഞ്ഞുമോനും 50 കോടി രൂപ വീതമാണ് വാഗ്ദാനം ചെയ്തതെന്നും ആരോപണത്തിലുണ്ടായിരുന്നു. എന്നാല്‍ ആരോപണം അടിസ്ഥാന രഹിതമാണെന്ന് തോമസ് കെ. തോമസ് പ്രതികരിച്ചിരുന്നു. മന്ത്രിയാകും എന്ന് കണ്ടതോടെയാണ് ആരോപണങ്ങള്‍ ഉയര്‍ന്നു വന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ആരോപണങ്ങള്‍ക്കു പിന്നില്‍ ആന്റണി രാജുവാണെന്നും തോമസ് ആരോപിച്ചിരുന്നു.
അതേസമയം ആരോപണം കോവൂര്‍ കുഞ്ഞുമോന്‍ നിഷേധിച്ചു. എന്നാല്‍ തോമസ് കെ. തോമസ് അപക്വമായ പ്രസ്താവന നടത്തുകയാണെന്നും അതെല്ലാം പരസ്പര വിരുദ്ധമായ കാര്യങ്ങളാണെന്നുമായിരുന്നു ആന്റണി രാജുവിന്റെ പ്രതികരണം.