ഇനിയുള്ള ഏത് വീഴ്ചയും ബിജെപിയുടെ വാഴ്ചയിലേക്കാകും വഴി തുറക്കുക! നേമം വാര്‍ഡ് തല മഹാത്മാ ഗാന്ധി കുടുംബ സംഗമം നടക്കുമോ? നേമത്തെ കോണ്‍ഗ്രസ് നേതാക്കളുടെ 'ബിജെപി ബന്ധത്തില്‍' വീണ്ടും വിവാദം
തിരുവനന്തപുരം: നേമത്തെ കോണ്‍ഗ്രസ് നേതാക്കളുടെ 'ബിജെപി ബന്ധത്തില്‍' വീണ്ടും വിവാദം. കെപിസിസിയ്ക്ക് പരാതി നല്‍കിയിരിക്കുകയാണ് ഒരു വിഭാഗം. കഴിഞ്ഞ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ നേമം വാര്‍ഡില്‍ പല പ്രധാനികളും ബിജെപി നേതാക്കള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചവരാണെന്നും ഇവരെ പുനഃസംഘടനയില്‍ എതിര്‍പ്പ് അവഗണിച്ച് സ്ഥാനമാനങ്ങള്‍ നല്‍കിയെന്നുമാണ് ആരോപണം. സുധാകരനു പുറമെ രമേശ് ചെന്നിത്തല, കെ. മുരളീധരന്‍, ഡിസിസി പ്രസിഡന്റ് പാലോട് രവി എന്നിവര്‍ക്കും പരാതി കൈമാറിയിട്ടുണ്ട്.
നേമത്തെ സുധാകരന്റെ വിശ്വസ്തന്മാര്‍ക്കെതിരെയാണ് അറുപതോളം പ്രവര്‍ത്തകരുടെ പരാതി. നേതാക്കളുടെ ഏകപക്ഷീയ നിലപാടും ധാര്‍ഷ്ട്യവും തെറ്റായസമീപനവും കാരണം പ്രവര്‍ത്തനങ്ങള്‍ നിലച്ചിരിക്കുകയാണ്. ഇത് ചോദ്യംചെയ്യുന്ന പ്രവര്‍ത്തകരെ വെല്ലുവിളിക്കുകയാണെന്നും പരാതിയില്‍ പറയുന്നു. ഇനിയുള്ള ഏത് വീഴ്ചയും ബിജെപിയുടെ വാഴ്ചയിലേക്കാകും വഴി തുറക്കുക. ഇതിന് വേണ്ടിയുള്ള നടപടികള്‍ എടുക്കണമെന്നാവശ്യപ്പെട്ടാണ് പരാതി. പൊതു സ്വീകാര്യതയില്ലാത്തവരെ ഭാരവാഹികള്‍ ആക്കുന്നതിനെയാണ് എതിര്‍ക്കുന്നതെന്നും വിശദീകരിക്കുന്നുണ്ട് പരാതിയില്‍.
പുനഃസംഘടനയില്‍ പ്രാദേശിക എതിര്‍പ്പ് അവഗണിച്ചാണ് കണ്ണൂര്‍ സ്വദേശിയായ കെ.പി. അജിത് ലാലിനെ കെ. സുധാകരന്‍ ബ്ലോക്ക് പ്രസിഡന്റാക്കിയതെന്നും ആരോപിക്കുന്നു. മണ്ഡലം പ്രസിഡന്റ് നേമം രാജനും സുധാകരന്‍ പക്ഷത്താണ്. വര്‍ഷങ്ങളായി നേമത്ത് നേതാക്കള്‍ക്കിടയില്‍ ചേരിപ്പോര് രൂക്ഷമാണ്. സംസ്ഥാനത്ത് പ്രവര്‍ത്തനങ്ങളില്‍ കോണ്‍ഗ്രസ് ഏറ്റവും പിന്നോക്കം നില്‍ക്കുന്ന മണ്ഡലമാണ് നേമം എന്ന വിലയിരുത്തല്‍ സംഘടനയ്ക്ക് തന്നെയുണ്ട്. കുറേ കാലമായി നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്നാമതാണ് യുഡിഎഫ്. കഴിഞ്ഞ തവണ കെ മുരളീധരന്‍ മത്സരിച്ചതു കൊണ്ട് മാത്രമാണ് വോട്ട് കൂടിയത്.
കെപിസിസി 27 ന് നിശ്ചയിച്ച നേമം മണ്ഡലത്തിലെ നേമം വാര്‍ഡ് തല മഹാത്മാ ഗാന്ധി കുടുംബ സംഗമം മുടക്കുമെന്ന് ഒരു വിഭാഗം പറയുന്നുണ്ട്. എതിര്‍പ്പിനെ തുടര്‍ന്ന് മണ്ഡലം കോര്‍ കമ്മറ്റി കുടുംബ സംഗമം തല്‍കാലം നടത്തേണ്ടെന്ന് തീരുമാനിച്ചിരുന്നു. മണക്കാട് സുരേഷും വിന്‍സന്റ് എം. പോളുമായിരുന്നു ഈ റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ കെ.പി. അജിത് ലാല്‍ കെ.സുധാകരനെ സമീപിച്ച് 27 ന് തന്നെ പരിപാടി നടത്താന്‍ അനുമതി വാങ്ങിയിട്ടുണ്ട്.
പരാതി പരിഹരിക്കാതെ നടത്തരുതെന്നാണ് പ്രവര്‍ത്തകരുടെ ആവശ്യം. സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം. ലിജു ഉദ്ഘാടനം ചെയ്യാനിരുന്ന യോഗത്തില്‍ നിന്നും അസൗകര്യം അറിയിച്ച് അദ്ദേഹം പിന്മാറി. ഇതോടെ കുടുംബസംഗമത്തില്‍ പങ്കെടുക്കാന്‍ സുധാകരന്‍ എത്തുമെന്നും സൂചനയുണ്ട്. അങ്ങനെ വന്നാല്‍ വിവാദം പുതിയ തലത്തിലെത്തും.