'പാര്‍ട്ടിയുടെ മുഴുവന്‍ സിസ്റ്റത്തെ ഹൈജാക്ക് ചെയ്യാനുള്ള ശക്തിയില്ല; സാധാരണ പ്രവര്‍ത്തകന്‍ മാത്രമാണ്'; തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുമെന്ന് ഷാഫി പറമ്പില്‍; പുറത്താക്കിയ എ കെ ഷാനിബ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകും; അനുനയിപ്പിക്കാന്‍ നീക്കം

പി.വി.അന്‍വറിന്റെ സ്ഥാനാര്‍ഥി കോണ്‍ഗ്രസിനെ ബാധിക്കില്ലെന്നും ഷാഫി

Update: 2024-10-21 07:23 GMT

പാലക്കാട്: പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് തനിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് ഫലപ്രഖ്യാപനത്തിന് ശേഷം മറുപടി നല്‍കുമെന്ന് ഷാഫി പറമ്പില്‍ എം.പി. താന്‍ പാര്‍ട്ടിയുടെ ഒരു സാധാരണ പ്രവര്‍ത്തകന്‍ മാത്രമാണ്, മുഴുവന്‍ സിസ്റ്റത്തെ ഹൈജാക്ക് ചെയ്യാനുള്ള ശക്തിയൊന്നും തനിക്കില്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

ഈ പറയുന്നത്ര ശക്തിയൊന്നും എനിക്കില്ല, ഞാന്‍ പാര്‍ട്ടിയുടെ ഒരു സാധാരണ പ്രവര്‍ത്തകനും പാര്‍ട്ടി തന്ന അവസരിങ്ങളില്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ ശ്രമിച്ചിട്ടുള്ള ഒരാളും മാത്രമാണ്. കൂടുതല്‍ കാര്യങ്ങള്‍ നവംബര്‍ 13-ന് ശേഷം പറയാമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള രാഷ്ട്രിയബന്ധത്തിന് മറുപടി പറയാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. അതിനുള്ള ഏറ്റവും നല്ലമാര്‍ഗം യു.ഡി.എഫിന് മികച്ച വിജയം നല്‍കുകയെന്നതാണ്. അതാണ് ഏറ്റവും നല്ല രാഷ്ട്രീയ സന്ദേശവും. അത് നല്‍കാന്‍ പാലക്കാട് മണ്ഡലത്തിലെ ജനങ്ങള്‍ തയാറെടുത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇവിടുത്തെ രണ്ട് ഭരണസംവിധാനങ്ങളും പരാജയപ്പെടണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. ഭരണകൂടങ്ങളുടെ നയങ്ങളോട് ജനങ്ങള്‍ക്ക് എതിര്‍പ്പുണ്ട്. ജനങ്ങളാണ് തിരുമാനിച്ചിരിക്കുന്നത് സി.പി.എമ്മിനേയും ബി.ജെ.പിയേയും പരാജയപ്പെടുത്താന്‍. പി.വി.അന്‍വറിന്റെ സ്ഥാനാര്‍ഥി കോണ്‍ഗ്രസിനെ ബാധിക്കില്ല. ആരാണ് നല്ല സ്ഥാനാര്‍ഥിയെന്നും ആരാണ് ബി.ജെ.പിയോട് പോരാടുന്നതെന്നും ജനങ്ങള്‍ക്ക് നല്ല ബോധ്യമുണ്ടെന്നും ഷാഫി പറഞ്ഞു.

തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമുള്ള മറുപടി ഇപ്പോള്‍ പറയുന്നില്ല. മറുപടി ഇല്ലാത്തത് കൊണ്ടല്ല. പാലക്കാട്ടെ പാര്‍ട്ടിയും നിയോജക മണ്ഡലത്തിലെ ജനങ്ങളും എങ്ങനെയാണ് ഇതിനോട് പ്രതികരിക്കുന്നതെന്ന് ഞങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. അതാണ് ഏറ്റവും പ്രധാനം. ഞങ്ങളുടെ ഏറ്റവും കംഫര്‍ട്ടബിള്‍ ആയിട്ടുള്ള ജയത്തിലേക്ക് കാര്യങ്ങള്‍ എത്തും. ആരോപണങ്ങള്‍ക്കുള്ള ഏറ്റവും നല്ല മറുപടി 13-നും 23-നും ആയിരിക്കും അതുകഴിഞ്ഞ് പറയാം.

അതേ സമയം പാര്‍ട്ടി നേതൃത്വത്തിനും ഷാഫി പറമ്പിലിനുമെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചതിന് പാര്‍ട്ടി നിന്ന് പുറത്താക്കിയ എ കെ ഷാനിബ് പാലക്കാട് സ്വതന്ത്ര സ്ഥാനാര്‍ഥിയാകും. ഷാനിബ് യൂത്ത് കോണ്‍. മുന്‍ സംസ്ഥാന സെക്രട്ടറിയായിരുന്നു. ഷാനിബിനെ അനുനയിപ്പിക്കാനുള്ള നീക്കം നടക്കുന്നുണ്ട്.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതിഷേധിച്ച് ആണ് എ കെ ഷാനിബ് രംഗത്തെത്തിയത്. പാര്‍ട്ടി നേതൃത്വത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് എ കെ ഷാനിബിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. വൈകാരികമായായിരുന്നു എ കെ ഷാനിബിന്റെ പടിയിറക്കം. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ നേതൃത്വം കൂടിയാലോചനകള്‍ നടത്തില്ലെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവിനെതിരെയും, ഷാഫി പറമ്പില്‍ എംപിക്കെതിരെയും ഗുരുതര ആരോപണങ്ങളായിരുന്നു ഷാനിബ് ഉയര്‍ത്തിയത്. പാലക്കാട് ഡിസിസി നേതൃത്വമാണ് എ കെ ഷാനിബിനെതിരെ നടപടി എടുത്തത്.

പാര്‍ട്ടിക്കകത്ത് നടക്കുന്ന തെറ്റായ സമീപനങ്ങളില്‍ സഹികെട്ടാണ് പാര്‍ട്ടി വിടുന്നതെന്ന് ഷാനിബ് പ്രതികരിച്ചിരുന്നു. അതിവൈകാരികമായിട്ടായിരുന്നു ഷാനിബിന്റെ പാര്‍ട്ടിയില്‍ നിന്നുള്ള പടിയിറക്കം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പാര്‍ട്ടിയെടുത്ത പല തീരുമാനങ്ങളും തെറ്റാണെന്നും രാഷ്ട്രീയവഞ്ചനയുടെ കഥകളാണ് ഷാഫി പറമ്പിലിന്റെയും വി ഡി സതീശന്റെയും നേതൃത്വത്തില്‍ പാര്‍ട്ടിയില്‍ നടക്കുന്നതെന്നും ഷാനിബ് വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചിരുന്നു.

വടകര-പാലക്കാട്-ആറന്മുള കരാറിന്റെ ഭാഗമായാണ് ഷാഫി പറമ്പില്‍ വടകര ലോക്സഭാ മണ്ഡലത്തില്‍ മത്സരിച്ചത്. കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ സരിന്‍ പറഞ്ഞത് കൃത്യമായ ബോധ്യത്തോടെയുള്ള കാര്യങ്ങളാണെന്നും ഷാനിബ് പറഞ്ഞിരുന്നു. ഇങ്ങനെ പോയാല്‍ കേരളത്തില്‍ പാര്‍ട്ടിയുടെ അവസ്ഥ പരിതാപകരമാവും. തുടര്‍ച്ചയായി പ്രതിപക്ഷത്തിരുന്നിട്ടും തിരുത്താന്‍ പാര്‍ട്ടി തയ്യാറായില്ലെന്നും ഷാനിബ് വിമര്‍ശിച്ചിരുന്നു.

സംഭവത്തിന് പിന്നാലെ ഷാനിബിന് പിന്തുണയറിയിച്ച് കോണ്‍ഗ്രസ് പ്രാദേശിക നേതാവായിരുന്ന വിമല്‍ പി ജി രാജി പ്രഖ്യാപിച്ചിരുന്നു. യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റായിരുന്നു വിമല്‍. മറ്റു രാഷ്ട്രീയ പാര്‍ട്ടികളില്‍ അംഗത്വം എടുക്കില്ലെന്നും വിമല്‍ പറഞ്ഞിരുന്നു.

പി.വി.അന്‍വറിന്റെ സ്ഥാനാര്‍ഥി കോണ്‍ഗ്രസിനെ ബാധിക്കില്ലെന്നും ഷാഫി

Tags:    

Similar News