തന്നെയും കുടുംബത്തെയും അപമാനിക്കുന്നതിനായി വസ്തുതാ വിരുദ്ധമായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു; നിയമ നടപടി സ്വീകരിക്കുമെന്ന് പി പി ദിവ്യ

വ്യാജ വാര്‍ത്തകള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പി പി ദിവ്യ

Update: 2024-11-12 10:06 GMT

കണ്ണൂര്‍: വ്യാജവാര്‍ത്തകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യ. തന്നെയും കുടുംബത്തെയും അപമാനിക്കുന്നതിനായി വ്യാജവാര്‍ത്തകള്‍ കെട്ടിച്ചമച്ചവര്‍ക്കും പ്രചരിപ്പിച്ചവര്‍ക്കുമെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പി പി ദിവ്യ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ദിവ്യയുടെ പ്രതികരണം.

'വ്യാജ വാര്‍ത്തകള്‍ക്ക് എതിരെ നിയമ നടപടി സ്വീകരിക്കും. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി എന്നെയും എന്റെ കുടുംബത്തെയും മുഖ്യധാര മാധ്യമങ്ങളിലും, സമൂഹമാധ്യമങ്ങളിലൂടെയും അപമാനിക്കുന്നതിനായി വസ്തുതാവിരുദ്ധമായ വ്യാജവാര്‍ത്തകള്‍ കെട്ടിച്ചമച്ചവര്‍ക്കും, വാട്സ്അപ് ഫേസ്ബുക്ക് ഇന്‍സ്റ്റാഗ്രാമിലൂടെ അത് പ്രചരിപ്പിക്കുകയും ചെയ്തവര്‍ക്കെതിരെയും നിയമ നടപടി സ്വീകരിക്കും', പി പി ദിവ്യ ഫേസ്ബുക്കില്‍ കുറിച്ചു.

കണ്ണൂര്‍ എഡിഎം ആയിരുന്ന കെ നവീന്‍ ബാബു മരണപ്പെട്ട കേസില്‍ ജയിലില്‍ നിന്നിറങ്ങിയ ശേഷം ചില മാധ്യമങ്ങള്‍ വ്യാജ പ്രചരണങ്ങള്‍ നടത്തിയിരുന്നതായി ദിവ്യ പറഞ്ഞിരുന്നു. ജയില്‍മോചിതയായ ശേഷം മാധ്യമങ്ങളെ കാണേണ്ട എന്ന് വിചാരിച്ചിരുന്നതാണ്. അത്രയേറെ മാധ്യമവേട്ടയ്ക്ക് ഇരയായെന്ന് പിപി ദിവ്യ പറഞ്ഞു. സമൂഹത്തിന് മുന്നില്‍ തെറ്റിദ്ധാരണ പടര്‍ത്തുന്ന ഒട്ടേറെ വാര്‍ത്തകള്‍ നല്‍കി. വിമര്‍ശനങ്ങള്‍ ആകാം. എന്നാല്‍ തന്നെ അവസാനിപ്പിക്കണമെന്ന രീതിയിലാണ് മാധ്യമങ്ങള്‍ മുന്നോട്ടുവന്നത്. അതില്‍ പ്രയാസമുണ്ടെന്ന് പിപി ദിവ്യ പ്രതികരിച്ചിരുന്നു.

പതിനൊന്ന് ദിവസങ്ങള്‍ക്ക് ശേഷം കഴിഞ്ഞ വെള്ളിയാഴ്ചയാണ് എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പി പി ദിവ്യയ്ക്ക് ജാമ്യം ലഭിച്ചത്. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. കര്‍ശന ഉപാധികളോടെയായിരുന്നു ജാമ്യം നല്‍കിയത്. എല്ലാ തിങ്കളാഴ്ചയും പി പി ദിവ്യ 10 മണിക്കും 11 മണിക്കും ഇടയില്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്പാകെ ഹാജരാക്കണമെന്നാണ് പ്രധാന ഉപാധി.

പിന്നാലെ ദിവ്യയ്ക്കെതിരെ പാര്‍ട്ടി നടപടിയും സ്വീകരിച്ചിരുന്നു. ദിവ്യയെ പാര്‍ട്ടി അംഗം മാത്രമായി തരംതാഴ്ത്താനായിരുന്നു തീരുമാനം. സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയോട് സംസ്ഥാന നേതൃത്വമാണ് നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടത്.

Tags:    

Similar News