ചേവായൂര്‍ സഹകരണ ബാങ്ക് ഭരണം പിടിച്ചെടുത്ത് ജനാധിപത്യ സംരക്ഷണ സമിതി; സിപിഎം പിന്തുണയുള്ള വിമതര്‍ക്ക് അട്ടിമറി ജയം; 61 കൊല്ലത്തെ കോണ്‍ഗ്രസ് ഭരണത്തിന് അന്ത്യം
പാനലില്‍ നാല് പേര്‍ സിപിഎമ്മില്‍ നിന്നും ഏഴ് പേര്‍ കോണ്‍ഗ്രസ് വിമതരും
കോഴിക്കോട്: കോഴിക്കോട് ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ സിപിഎം പിന്തുണച്ച കോണ്‍ഗ്രസ് വിമതര്‍ക്ക് അട്ടിമറി ജയം. ഇവരുടെ 11 അംഗ പാനല്‍ എല്ലാ സീറ്റിലും ജയിച്ചു. പാനലില്‍ നാല് പേര്‍ സിപിഎമ്മില്‍ നിന്നും ഏഴ് പേര്‍ കോണ്‍ഗ്രസ് വിമതരുമാണ്. ജനാധിപത്യ സംരക്ഷണ സമിതി എന്ന പേരിലായിരുന്നു ഇവര്‍ മത്സരിച്ചത്. ജിസി പ്രശാന്ത് കുമാറിനെ ചെയര്‍മാനായി തെരഞ്ഞെടുത്തു. ഇദ്ദേഹമാണ് ബാങ്കിലെ നിലവിലെ പ്രസിഡന്റ്.
കോണ്‍ഗ്രസിനകത്തെ ആഭ്യന്തര പ്രശ്‌നങ്ങളെ തുടര്‍ന്ന് പ്രശാന്ത് കുമാറിന്റെ നേതൃത്വത്തില്‍ വിമതര്‍ സിപിഎമ്മിനൊപ്പം ചേര്‍ന്ന് മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് ബാങ്ക് തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് ആരംഭിച്ചത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാവിലെ മുതല്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. കള്ളവോട്ട് സംബന്ധിച്ചായിരുന്നു പരാതി.
രാവിലെ എട്ടുമണിക്ക് വോട്ടെടുപ്പ് തുടങ്ങിയതിന് പിന്നാലെ തന്നെ കോണ്‍ഗ്രസും സിപിഎം പിന്തുണയുള്ള കോണ്‍ഗ്രസ് വിമതരും തമ്മില്‍ കള്ളവോട്ട് സംബന്ധിച്ച ആരോപണ പ്രത്യാരോപണങ്ങള്‍ തുടങ്ങി. വോട്ടര്‍മാരുമായി എത്തിയ ഏഴ് വാഹനങ്ങള്‍ക്ക് നേരെ വിവിധ ഇടങ്ങളില്‍ ആക്രമണം ഉണ്ടായി.
സഹകരണ വകുപ്പിന്റെയും പോലീസിന്റെയും പിന്തുണയോടെ വ്യാപകമായി കള്ളവോട്ട് നടക്കുകയാണെന്ന് എംകെ രാഘവന്‍ എംപി ആരോപിച്ചു. വ്യാജ ഐഡി കാര്‍ഡുകള്‍ നിര്‍മ്മിച്ചും മറ്റും കോണ്‍ഗ്രസാണ് കള്ളവോട്ടിന് നേതൃത്വം നല്‍കുന്നതെന്ന് സിപിഎമ്മും തിരിച്ചടിച്ചു. വോട്ടെടുപ്പ് നടക്കുന്ന പറയഞ്ചേരി സ്‌കൂളിന് പുറത്ത് കോണ്‍ഗ്രസ് - സിപിഎം പ്രവര്‍ത്തകര്‍ പലവട്ടം ഏറ്റുമുട്ടി. വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ യുഡിഎഫ് നേതാക്കള്‍ കോഴിക്കോട് വാര്‍ത്താസമ്മേളനം നടത്തി ജില്ലയില്‍ നാളെ ഹര്‍ത്താല്‍ പ്രഖ്യാപിക്കുകയായിരുന്നു.
1963 രൂപവത്കരിച്ച ബാങ്ക് 61 വര്‍ഷമായി കോണ്‍ഗ്രസ് ആണ് ഭരിക്കുന്നത്. കോഴിക്കോട് ജില്ലയിലെ ആദ്യ സൂപ്പര്‍ ക്ലാസ് ബാങ്കാണ് ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക്. 100 കോടിയുടെ ആസ്തിയും 504 കോടി നിക്ഷേപവുമുള്ള ബാങ്ക് 224 കോടി രൂപയാണ് ലോണ്‍ നല്‍കിയിട്ടുള്ളത്. എട്ട് ബ്രാഞ്ചും മൂന്ന് സൂപ്പര്‍ മാര്‍ക്കറ്റും മൂന്ന് നീതി മെഡിക്കല്‍ സ്റ്റോറുകളും സഞ്ചരിക്കുന്ന എ.ടി.എം. കോര്‍ബാങ്കിങ് സംവിധാനവും ഉള്ള ബാങ്കിന് തൊണ്ടയാട് 65 സെന്റ് സ്ഥലവും പാറോപ്പടിയിലും കോവൂരിലും സ്വന്തമായി ഭൂമിയും കെട്ടിടവുമുണ്ട്.
ചേവായൂര്‍, നെല്ലിക്കോട്, കോവൂര്‍, കോട്ടൂളി, പറയഞ്ചേരി എന്നീ അഞ്ച് ശാഖകളാണ് ബാങ്കിന് കീഴില്‍ ഉള്ളത്. 36000 ത്തോളം എ-ക്ലാസ് മെമ്പര്‍മാര്‍ ഉള്ള ബാങ്കിന്റെ ഭരണസമിതി തിരഞ്ഞെടുപ്പില്‍ 8500 മെമ്പര്‍മാരാണ് വോട്ട് ചെയ്തത്.