'കൃത്യമായ വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ സര്‍ക്കാറിനെതിരെ നടപടി; സുപ്രീം കോടതിയില്‍ പോയി കാലുപിടിക്കേണ്ടിവരും'; ഇടമുളയ്ക്കല്‍ സഹകരണ ബാങ്ക് ക്രമക്കേടില്‍ ഇ.ഡി. കേസെടുക്കണമെന്നും ഹൈക്കോടതി
ഇടമുളയ്ക്കല്‍ സഹകരണ ബാങ്ക് ക്രമക്കേടില്‍ ഇ.ഡി. കേസെടുക്കണം
കൊല്ലം: കൊല്ലം ഇടമുളയ്ക്കല്‍ സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേടില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്(ഇ.ഡി.) ഹൈക്കോടതിയുടെ നിര്‍ദ്ദേശം. കേസില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് നല്‍കണമെന്നും ഹൈക്കോടതി ഡിവിഷന് ബെഞ്ച് അറിയിച്ചു. പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തോ എന്നത് ഉള്‍പ്പടെയുള്ള വിവരങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ അറിയിക്കണം.
കേസിലെ പ്രതികളുടെ സ്വത്ത് വിവരങ്ങളും സര്‍ക്കാര്‍ അറിയിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. പ്രതികളുടെ സ്വത്തുക്കള്‍ ക്രയവിക്രയം നടത്തുന്നതിനും ഹൈക്കോടതിയുടെ വിലക്ക് ഏര്‍പ്പെടുത്തി. നിക്ഷേപം തിരികെ ആവശ്യപ്പെട്ട് നിക്ഷേപകന് നല്കിയ ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്. കോണ്‍ഗ്രസ് വിമതര്‍ ഭരിക്കുന്ന ബാങ്കാണ് ഇടമുളയ്ക്കല്‍ സര്‍വീസ് സഹകരണ ബാങ്ക്.
ഇടമുളയ്ക്കല്‍ സഹകരണ ബാങ്കിലെ കള്ളപ്പണ ഇടപാടുകളെപ്പറ്റി ഇതുവരെ അന്വേഷിച്ചിട്ടില്ലെന്നായിരുന്നു ഹൈക്കോടതി ഡിവിഷന് ബെഞ്ച് നിരീക്ഷണം. ബാങ്ക് ഭരണസമിതിയുടെ ധനസമ്പാദനത്തിന്റെ ഉത്തമ ഉദാഹരണമാണ് ക്രമക്കേട്. സഹകാരികളുടെ നിക്ഷേപത്തുക ഉപയോഗിച്ചാണ് ബാങ്കിലെ ക്രമക്കേട് നടത്തിയതെന്നുമായിരുന്നു ഇന്നലെ ഡിവിഷന് ബെഞ്ചിന്റെ നിരീക്ഷണം.
രാവിലെ ഹര്‍ജി പരിഗണിക്കവെ സംസ്ഥാന സര്‍ക്കാരിനെതിരെ ഹൈക്കോടതി വിമര്‍ശനമുയര്‍ത്തി. ക്രമക്കേട് നടത്തിയവരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് സംശയിക്കുന്നു എന്നായിരുന്നു ഡിവിഷന് ബെഞ്ചിന്റെ വിമര്‍ശനം.
ഇടമുളയ്ക്കല്‍ സഹകരണ ബാങ്കില്‍ നടന്ന ക്രമക്കേടുകളെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ പോലീസ് നല്‍കിയില്ലെന്ന കാര്യം ചൂണ്ടിക്കാട്ടി രൂക്ഷമായ വിമര്‍ശനമാണ് കോടതി നടത്തിയത്. ആരോപണവിധേയരെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നവെന്ന കാര്യത്തിലും സംശയമുള്ളതായി കോടതി നിരീക്ഷിച്ചു. കൃത്യമായ വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ സര്‍ക്കാറിനെതിരെ നടപടിയുണ്ടാവുമെന്നും സുപ്രീം കോടതിയില്‍ പോയി കാലുപിടിക്കേണ്ടിവരുമെന്നും കോടതി വിമര്‍ശിച്ചു.
കൊല്ലം ജില്ലയിലെ വലിയ സഹകരണ ബാങ്കുകളിലൊന്നായ ഇടമുളയ്ക്കല്‍ സഹകരണ ബാങ്കില്‍ 20 കോടിയിലധികം രൂപയുടെ തിരിമറി നടന്നതായി നവംബറില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബാങ്കിന്റെ അഴിമതി സഹകരണവകുപ്പ് തന്നെയാണ് കണ്ടെത്തിയത്. ബാങ്ക് സെക്രട്ടറി കൈപ്പള്ളി മാധവന് കുട്ടിയുടെ നേതൃത്വത്തിലാണ് ക്രമക്കേട് നടന്നതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതിനെത്തുടര്‍ന്ന് ഇയാളെ പാര്‍ട്ടി ഉത്തരവാദിത്തത്തില്‍നിന്നും ബാങ്ക് സെക്രട്ടറി സ്ഥാനത്തുനിന്നും പുറത്താക്കിയിരുന്നു.
സാമ്പത്തിക ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി ഒരു നിക്ഷേപകന് നല്കിയ പരാതി പരിശോധിക്കവേ ഇ.ഡിയെ ഈ കേസില്‍ കോടതി കക്ഷി ചേര്‍ത്തിരുന്നു.