പ്രതാപന്‍ മത്സരിച്ചെങ്കില്‍ ജയിച്ചേനേ എന്ന ചെന്നിത്തലയുടെ വാദം തൃശൂര്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറിയാകുന്നു; ഐ ഗ്രൂപ്പ് വിട്ട് സുന്ദരനും കോടങ്കണ്ടത്തും; നേട്ടമുണ്ടാക്കാന്‍ കരുക്കള്‍ നീക്കി വിഡി സതീശന്‍; കരുണാകരന്റെ തട്ടകത്തില്‍ കോണ്‍ഗ്രസില്‍ മുന്‍തൂക്കം ഇനി ആര്‍ക്ക്? ആ പ്രസ്താവനയില്‍ മുരളീധരന്‍ കട്ടക്കലിപ്പില്‍; ആ റിപ്പോര്‍ട്ട് പുറത്തു വരുമോ?
തൃശൂര്‍: ലോകസഭാ തെരഞ്ഞെടുപ്പാനന്തരം തൃശൂര്‍ കോണ്‍ഗ്രസില്‍ ആളിപ്പടര്‍ന്ന കാട്ടുതീ അണയുന്നില്ല. ടി.എന്‍. പ്രതാപനെ ചൊല്ലി സംസ്ഥാനനേതാക്കള്‍ തമ്മിലടിക്കുമ്പോള്‍ ജില്ലയിലും പ്രതിസന്ധി രൂക്ഷം. പുതിയ ഡിസിസി പ്രസിഡന്റിനെ പോലും നിയമിക്കാനാകാതെ വലയുകയാണ് കെപിസിസി- എഐസിസി നേതൃത്വം. ഡിസംബര്‍ 20 നു മുമ്പ് പുതിയ പ്രസിഡന്റ് വരുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും മാസമൊന്ന് കഴിഞ്ഞിട്ടും അതില്‍ തീരുമാനമായിട്ടില്ല. ഇതിനിടെ ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് സജീവപരിഗണയിലുണ്ടായിരുന്ന സുന്ദരന്‍ കുന്നത്തുള്ളിയും ഷാജി കോടങ്കണ്ടത്തും ചെന്നിത്തല ഗ്രൂപ്പ് വിട്ടു. ടി.എന്‍. പ്രതാപന്‍ ചെന്നിത്തല ടീമിന്റെ ഭാഗമായതോടെയാണ് ഏറെക്കാലമായി ചെന്നിത്തലയുടെ വിശ്വസ്തരും ജില്ലയില്‍ ഗ്രൂപ്പിന്റെ വക്താക്കളുമായിരുന്ന ഇരുവരും ഗ്രൂപ്പ് വിട്ടത്. ഇരുവരും വി.ഡി. സതീശനോട് അടുക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
പുതുക്കാട് നിയമസഭാ മണ്ഡലത്തിലെ മുന്‍സ്ഥാനാര്‍ത്ഥിയും ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റുമായ സുന്ദരന്‍ കുന്നത്തുള്ളിയും കെ.പി.സി.സി. സെക്രട്ടറി ഷാജി കോടങ്കണ്ടത്തും തൃശൂരിലെ ജനകീയരായ നേതാക്കളായാണ് കണക്കാക്കപ്പെടുന്നത്. ചെന്നിത്തല ഗ്രൂപ്പിന് ആലപ്പുഴ കഴിഞ്ഞാല്‍ ഏറ്റവും കരുത്തുള്ള ജില്ലകളിലൊന്നാണ് ലീഡറുടെ പഴയ തട്ടകമായ തൃശൂര്‍. ഗ്രൂപ്പില്‍നിന്ന് കെ.സി. പക്ഷത്തേക്കും വി.ഡി. സതീശന്‍ പക്ഷത്തേക്കും ഒഴുക്കുണ്ടായപ്പോഴും ചെന്നിത്തലയ്ക്കൊപ്പം ജില്ലയെ ഉറപ്പിച്ചുനിര്‍ത്തിയത് സുന്ദരന്‍ കുന്നത്തുള്ളിയും ഷാജി കോടങ്കണ്ടത്തുമായിരുന്നു.
കഴിഞ്ഞ ദിവസമാണ് ടി.എന്‍. പ്രതാപനെ പരസ്യമായി പിന്തുണച്ചുകൊണ്ട് രമേശ് ചെന്നിത്തല രംഗത്ത് വന്നത്. പ്രതാപന്‍ മത്സരിച്ചിരുന്നെങ്കില്‍ തൃശൂരില്‍ ജയിച്ചേനെ എന്നായിരുന്നു രമേശിന്റെ പ്രസ്താവന. തൃശൂരില്‍ സ്വാധീനമുറപ്പിക്കാന്‍ ശ്രമിക്കുന്ന കെ. മുരളീധരനുള്ള അടിയായും ഇതിനെ കാണുന്നവരുണ്ട്. കെ.സി. വേണുഗോപാലും കൈവിട്ടതോടെയാണ്, അടുത്ത മുഖ്യമന്ത്രിയാകാന്‍ കച്ച മുറുക്കുന്ന രമേശ് ചെന്നിത്തലയുമായി പ്രതാപനും ജോസ് വള്ളൂരും അടുക്കുന്നത്. ചെന്നിത്തലയുടെ അടുത്ത അനുയായിയും ഹനീഫ കൊലക്കേസിനെ തുടര്‍ന്ന് കോണ്‍ഗ്രസ് ഭാരവാഹിത്വങ്ങളില്‍നിന്നും ഒഴിഞ്ഞുനില്‍ക്കുന്ന ഗോപപ്രതാപന്‍ സംഘടിപ്പിച്ച പരിപാടിയിലാണ് രമേശ് ചെന്നിത്തലയുടെ പ്രതാപന്‍ അനുകൂല പ്രസ്താവന എന്നതും ശ്രദ്ധേയമാണ്. മുരളീധരന്‍ തികഞ്ഞ അതൃപ്തിയിലാണ്.
തൃശൂര്‍ പരാജയത്തെ തുടര്‍ന്ന് കെപിസിസി അന്വേഷണ റിപ്പോര്‍ട്ടില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുമ്പോഴാണ് കോണ്‍ഗ്രസ് നേതാവായിരുന്ന വി. ബലറാമിന്റെ പേരിലുള്ള പുരസ്‌കാരം ടി.എന്‍. പ്രതാപന് രമേശ് ചെന്നിത്തല സമ്മാനിക്കുന്നത്. തൃശൂര്‍ പരാജയത്തിന് പുറമേ ചാലക്കുടിയില്‍ ബെന്നി ബഹ്നാന് വോട്ട് കുറഞ്ഞതും തൃശൂര്‍ ഡിസിസിയുടെ പരാജയമായി റിപ്പോര്‍ട്ടില്‍ കണ്ടെത്തലുണ്ടെന്നാണ് സൂചന.
ചാലക്കുടി മണ്ഡലത്തില്‍ എറണാകുളം ജില്ലയിലെ പഞ്ചായത്തുകളിലും ആലുവ മുന്‍സിപ്പാലിറ്റിയിലും ബെന്നി ബഹ്നാന്‍ ലീഡ് നേടിയപ്പോള്‍ തൃശൂരിലെ എം.എല്‍.എ. ഉള്ള ഏക മണ്ഡലമായ ചാലക്കുടിയിലും കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചായത്തുകളിലും പിന്നില്‍ പോകുകയോ ലീഡ് ഗണ്യമായി കുറയുകയോ ചെയ്യുന്ന സ്ഥിതിയുണ്ടായി. അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടാതിരിക്കാന്‍ കടുത്ത സമ്മര്‍ദ്ദമാണ് പ്രതാപന്‍ നേതൃത്വത്തില്‍ ചെലുത്തുന്നത്. കെ. മുരളീധരനെ പോലൊരു മുതിര്‍ന്ന നേതാവിനെ പരാജയപ്പെടുത്തി ബിജെപിക്ക് അക്കൗണ്ട് തുറക്കാന്‍ സൗകര്യമൊരുക്കിയവരെ ഒരു കാരണവശാലും സംരക്ഷിക്കാനാവില്ലെന്ന് കെ. സുധാകരനും വി.ഡി. സതീശനും കൈമലര്‍ത്തിയതോടെയാണ് പ്രതാപന്‍ ചെന്നിത്തല ക്യാമ്പില്‍ അഭയം പ്രാപിച്ചത്. സജീവ രാഷ്ട്രീയത്തില്‍ നിന്നൊഴിയാന്‍ ഒരു ഘട്ടത്തില്‍ താന്‍ ആലോചിച്ചിരുന്നതായി പ്രതാപന്‍ തന്നെ വെളിപ്പെടുത്തിയിരുന്നു.
ചെന്നിത്തല അടക്കമുള്ളവരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് കെപിസിസി റിപ്പോര്‍ട്ട് പുറത്തുവിടാതിരിക്കുന്നതെന്നാണ് തൃശൂരിലെ പ്രതാപന്‍ വിരുദ്ധവിഭാഗം ആരോപിക്കുന്നത്. സുന്ദരന്‍ കുന്നത്തുള്ളിയും ഷാജി കോടങ്കണ്ടത്തും ഇപ്പോള്‍ ഗ്രൂപ്പ് വിടുന്നതോടെ ഈ ആരോപണങ്ങള്‍ ശരിയാകുകയാണ്.