'കായികവകുപ്പിന് മാത്രമായി ഒരു മന്ത്രി ഉണ്ടായിട്ടും ഒന്നും ചെയ്യുന്നില്ല; സര്‍ക്കാരിന്റെ ഫണ്ട് കൃത്യമായി വിനിയോഗിക്കുന്നില്ല; വി അബ്ദുറഹിമാന്‍ വട്ടപ്പൂജ്യം'; കായിക മന്ത്രിക്കെതിരെ തുറന്നടിച്ച് കേരള ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ്
'കായിക മന്ത്രി വി അബ്ദുറഹിമാന്‍ വട്ടപ്പൂജ്യം'
തിരുവനന്തപുരം: സംസ്ഥാന കായിക വകുപ്പ് മന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേരള ഒളിമ്പിക് അസോസിയേഷന്‍. കായിക മന്ത്രി വി അബ്ദുറഹിമാന്‍ വട്ടപ്പൂജ്യമാണെന്ന് കേരള ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റ് വി സുനില്‍കുമാര്‍ തുറന്നടിച്ചു. ദേശീയ ഗെയിംസിലെ കേരളത്തിന്റെ മോശം പ്രകടനത്തിന് പിന്നാലെയാണ് രൂക്ഷവിമര്‍ശനം.
സംസ്ഥാന ചരിത്രത്തിലാദ്യമായി കായികവകുപ്പിന് മാത്രമായി ഒരു മന്ത്രി ഉണ്ടായിട്ടും കഴിഞ്ഞ നാലു വര്‍ഷത്തില്‍ ഒരു സംഭാവനയും നല്‍കിയിട്ടില്ലെന്നും സുനില്‍കുമാര്‍ പറഞ്ഞു. ദേശീയ ഗെയിംസ് ചരിത്രത്തിലാദ്യമായി കേരളം ആദ്യ 10 സ്ഥാനങ്ങളില്‍ ഉള്‍പ്പെടാതെ പോയതിന് പിന്നാലെയാണ് രൂക്ഷവിമര്‍ശനം.
ദേശീയ ഗെയിംസില്‍ കേരളത്തിന്റേത് ഏറ്റവും മോശപ്പെട്ട പ്രകടനമാണെന്നും ഇതിന് ഉത്തരവാദി കായിക മന്ത്രിയും സ്‌പോര്‍ട് കൗണ്‍സിലുമാണെന്നും ഒളിമ്പിക് അസോസിയേഷന്‍ കുറ്റപ്പെടുത്തി.
കായിക മേഖലയില്‍ ഒരു സംഭാവനയും കായിക മന്ത്രിയില്‍ നിന്നോ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നിന്നോ ലഭിക്കുന്നില്ല. ദേശീയ ഗെയിംസ് ആരംഭിക്കുന്നതിനു പത്തുദിവസം മുമ്പാണ് ഫണ്ട് അനുവദിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ ഫണ്ട് കൃത്യമായി വിനിയോഗിക്കുന്നില്ല. കായിക മേഖലയെ മുന്നോട്ട് കൊണ്ടുവരാന്‍ ഒരു പ്രവര്‍ത്തിയും ചെയ്തില്ലായെന്നും ഒളിമ്പിക് അസോസിയേഷന്‍ വിമര്‍ശനം ഉയര്‍ത്തി.
ഉത്തരാഖണ്ഡില്‍ നടന്ന ദേശീയ ഗെയിംസില്‍ കേരളം 14ാം സ്ഥാനവുമായാണ് മടങ്ങുന്നത്. 13 സ്വര്‍ണം ഉള്‍പ്പെടെ 54 മെഡലുകളാണ് കേരളത്തിന്റെ സമ്പാദ്യം. ഒളിമ്പിക്‌സ് മാതൃകയില്‍ ദേശീയ ഗെയിംസ് സംഘടിപ്പിച്ചു തുടങ്ങിയ 1985നു ശേഷം കേരളത്തിന്റെ ഏറ്റവും മോശം പ്രകടനമാണിത്. കഴിഞ്ഞ ഗെയിംസില്‍ 36 സ്വര്‍ണമുള്‍പ്പെടെ 87 മെഡലുകളുമായി അഞ്ചാം സ്ഥാനത്തായിരുന്നു കേരളം.