മുഖ്യമന്ത്രിയെ തിരുത്താന്‍ പാര്‍ട്ടിയിലോ മുന്നണിയിലോ ആരുമില്ല; പ്രധാന തീരുമാനങ്ങള്‍ ഒറ്റയ്‌ക്കെടുത്ത് അടിച്ചേല്‍പ്പിക്കുന്നു; തിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം ഭരണവിരുദ്ധ വികാരം; സിപിഎമ്മിന്റെ ഏകാധിപത്യപരമായ സമീപനത്തില്‍ അമര്‍ഷം; സിപിഐ സംസ്ഥാന കൗണ്‍സില്‍ റിപ്പോര്‍ട്ട് പുറത്ത്

സിപിഐ സംസ്ഥാന കൗണ്‍സില്‍ റിപ്പോര്‍ട്ട് പുറത്ത്

Update: 2025-12-31 04:54 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടതുമുന്നണിക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത തിരിച്ചടിക്ക് പ്രധാന കാരണങ്ങള്‍ ഭരണവിരുദ്ധ വികാരവും ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനകളും ശബരിമല വിവാദവുമാണെന്ന് സിപിഐ സംസ്ഥാന കൗണ്‍സില്‍ റിപ്പോര്‍ട്ട്. മുന്നണിയിലെ സിപിഎമ്മിന്റെ ഏകാധിപത്യപരമായ സമീപനത്തെക്കുറിച്ചും മുഖ്യമന്ത്രി ഏകപക്ഷീയമായി തീരുമാനങ്ങള്‍ എടുക്കുന്നതിനെക്കുറിച്ചും രൂക്ഷമായ വിമര്‍ശനങ്ങളുണ്ട്.

കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഐ സംസ്ഥാന കൗണ്‍സിലിലാണ് തിരഞ്ഞെടുപ്പ് തോല്‍വിയുടെ കാരണങ്ങള്‍ വിശദീകരിക്കുന്ന റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. ഭരണവിരുദ്ധ വികാരം തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായി എന്നതിനൊപ്പം ചില ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനകളും ശബരിമല വിഷയവും പരാജയത്തിന് കാരണമായെന്ന് റിപ്പോര്‍ട്ട് വിലയിരുത്തുന്നു.

സിപിഎമ്മിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് റിപ്പോര്‍ട്ടിലും കൗണ്‍സിലിലെ ചര്‍ച്ചകളിലും ഉയര്‍ന്നുവന്നത്. സര്‍ക്കാരിലും മുന്നണിയിലും സിപിഎമ്മിന് ഏകാധിപത്യപരമായ നിലപാടുകളാണുള്ളതെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. സര്‍ക്കാരിന്റെ പ്രധാന തീരുമാനങ്ങളെല്ലാം മുഖ്യമന്ത്രി ഒറ്റയ്‌ക്കെടുക്കുന്നതായും ജില്ല മുതല്‍ സംസ്ഥാന തലം വരെയുള്ള മുന്നണിയോഗങ്ങളില്‍ കാര്യമായ ചര്‍ച്ചകള്‍ നടക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇടതു നയങ്ങളില്‍ നിന്നുള്ള വ്യതിചലനങ്ങള്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. മുഖ്യമന്ത്രിയെ തിരുത്താന്‍ പാര്‍ട്ടിയിലോ മുന്നണിയിലോ ആരുമില്ലെന്നും, തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കപ്പെടുകയാണെന്നും സംസ്ഥാന കൗണ്‍സിലില്‍ ജില്ലാ സെക്രട്ടറിമാര്‍ തുറന്നടിച്ചു.

എക്‌സിക്യൂട്ടീവിലും സിപിഎമ്മിന് രൂക്ഷ വിമര്‍ശനം

തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടി അവലോകനം ചെയ്യാന്‍ ചേര്‍ന്ന രണ്ട് ദിവസത്തെ സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവിലും മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മിനുമെതിരെ രൂക്ഷ വിമര്‍ശനം. സര്‍ക്കാര്‍ തീരുമാനങ്ങളെല്ലാം മുഖ്യമന്ത്രി ഒറ്റയ്ക്കെടുക്കുന്നുവെന്നും, തെറ്റുകള്‍ ചൂണ്ടിക്കാണിക്കാനോ തിരുത്താന്‍ സി.പി.എം മുന്‍കൈയെടുക്കാനോ ശ്രമിക്കുന്നില്ലെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. സമൂഹമാധ്യമങ്ങളില്‍ പിണറായി വിരുദ്ധതയും ഭരണവിരുദ്ധ വികാരവുമാണ് നിറയുന്നതെന്നും സി.പി.ഐ എക്‌സിക്യൂട്ടീവ് വിലയിരുത്തി.

മുഖ്യമന്ത്രിയുടെ സാമുദായിക നേതാക്കളുമായുള്ള അമിത അടുപ്പം തിരിച്ചടിയായെന്നും എക്‌സിക്യൂട്ടീവ് ചൂണ്ടിക്കാട്ടി. സര്‍ക്കാരിലും മുന്നണിയിലും സി.പി.എമ്മിന് ഏകപക്ഷീയമായ നിലപാടുകളാണെന്നും, നയപരമായ വിഷയങ്ങളില്‍ പോലും ക്രിയാത്മകമായ ചര്‍ച്ചകള്‍ നടക്കുന്നില്ലെന്നും വിമര്‍ശനമുയര്‍ന്നു. പി.എം ശ്രീ പദ്ധതി ഇതിനൊരു ഉദാഹരണമായി ചൂണ്ടിക്കാട്ടപ്പെട്ടു. സര്‍ക്കാരിന്റെ വികസന, സേവന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്താന്‍ വൈകിയെന്നും യോഗം വിലയിരുത്തി. മുന്നണി യോഗങ്ങളില്‍ ചര്‍ച്ചയില്ലാതെ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നുവെന്നും ആക്ഷേപമുയര്‍ന്നു.

മുസ്ലിം ന്യൂനപക്ഷങ്ങളെ ഇടതുപക്ഷത്ത് നിന്ന് അകറ്റാനുള്ള യു.ഡി.എഫ് അജണ്ട ഏറെക്കുറെ വിജയിച്ചെന്നും, ഭരണത്തിന് നേതൃത്വം നല്‍കുന്നവരുടെ ചില പ്രസ്താവനകള്‍ ഇതിന് സഹായകമായെന്നും എക്‌സിക്യൂട്ടീവ് വിലയിരുത്തി. മുഖ്യമന്ത്രിയുടെ പല പ്രവര്‍ത്തനങ്ങളും പ്രതിപക്ഷത്തിന്റെ ദൗത്യം എളുപ്പമാക്കിയെന്നും സി.പി.ഐ കുറ്റപ്പെടുത്തി.

തിരഞ്ഞെടുപ്പ് തോല്‍വിയേക്കാള്‍ ഗൗരവതരമായ വിഷയം ഇടതുപക്ഷ മൂല്യങ്ങളില്‍ നിന്നുള്ള വ്യതിചലനമാണെന്ന് ജില്ലാ സെക്രട്ടറിമാര്‍ ചൂണ്ടിക്കാട്ടി. ജനങ്ങളെ സര്‍ക്കാരിന് എതിരാക്കുന്ന നുണപ്രചാരണങ്ങളെ പ്രതിരോധിക്കാന്‍ കഴിയാതിരുന്നതും തിരിച്ചടിയായി. സംസ്ഥാനത്ത് ഇടതുമുന്നണിക്കെതിരെ പ്രവര്‍ത്തിച്ച പ്രമുഖ രാഷ്ട്രീയ തന്ത്രജ്ഞരുടെ സംഘങ്ങളെ തടയാന്‍ കഴിഞ്ഞില്ലെന്നും വിമര്‍ശമുയര്‍ന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് അതിവേഗ തിരുത്തലുകള്‍ അനിവാര്യമാണെന്നും യോഗം ശക്തമായി അഭിപ്രായപ്പെട്ടു.

Tags:    

Similar News