ചുവപ്പണിഞ്ഞ് കൊല്ലം; സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊടിയേറി; തുടര്‍ഭരണം ലക്ഷ്യമിട്ട് 'വികസനരേഖ' ചര്‍ച്ചയാകും; പാര്‍ട്ടിയുടെ നയവ്യതിയാനം പ്രധാനവിഷയം; സംസ്ഥാന സമിതിയില്‍ പിണറായി വിജയന് പ്രായപരിധിയില്‍ ഇളവ് നല്‍കിയേക്കും

ചുവപ്പണിഞ്ഞ് കൊല്ലം; സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊടിയേറി

Update: 2025-03-05 13:48 GMT

കൊല്ലം: സി.പി.എം. സംസ്ഥാന സമ്മേളനത്തിന് കൊല്ലം ആശ്രാമം മൈതാനത്തില്‍ കൊടിയുയര്‍ന്നു. മന്ത്രി കെ.എന്‍. ബാലഗോപാലാണ് പതാക ഉയര്‍ത്തിയത്. പതാക, ദീപശിഖ, കൊടിമര ജാഥകള്‍ ബുധനാഴ്ച വൈകീട്ട് പൊതുസമ്മേളന നഗരിയില്‍ എത്തിച്ചേര്‍ന്നു.

കൊടിമരം കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീം ഏറ്റുവാങ്ങി. പതാക കേന്ദ്ര കമ്മിറ്റിയംഗം പി.കെ. ശ്രീമതി ടീച്ചര്‍ ഏറ്റു വാങ്ങി. ദീപശിഖ സംസ്ഥാന സെക്രട്ടറിയറ്റംഗം ടി പി രാമകൃഷ്ണന്‍ ഏറ്റു വാങ്ങി. മധുരയില്‍ ഏപ്രില്‍ രണ്ടുമുതല്‍ ആറുവരെ നടക്കുന്ന 24-ാം പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായി മാര്‍ച്ച് ആറുമുതല്‍ ഒമ്പതുവരെയാണ് സംസ്ഥാന സമ്മേളനം നടക്കുക. സ്വാഗതസംഘം ചെയര്‍മാന്‍ കെ എന്‍ ബാലഗോപാല്‍ ആണ് പതാക ഉയര്‍ത്തിയത്. നാളെ പ്രതിനിധി സമ്മേളനവും തുടങ്ങും.

സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊല്ലം വേദിയാകുന്നത് മൂന്നാം തവണയാണ്. ആദ്യം 1971ലും പിന്നെ 1995ലും. സമ്മേളനത്തിന്റെ മുന്നോടിയായി വിവിധ മത്സരങ്ങളും തൊഴിലാളി സംഗമങ്ങളും വിവിധ വിഷയങ്ങളില്‍ സെമിനാറുകളും സംവാദങ്ങളും സംഘടിപ്പിച്ചിരുന്നു. പാര്‍ടിയെ കൂടുതല്‍ ശക്തിപ്പെടുത്താനുള്ള കര്‍മപദ്ധതികള്‍ക്കൊപ്പം 'നവകേരളത്തിനുള്ള പുതുവഴികള്‍' എന്ന വികസനരേഖ പ്രതിനിധി സമ്മേളനത്തില്‍ പ്രധാനചര്‍ച്ചയാകും. മുഖ്യമന്ത്രി പിണറായി വിജയനാണ് രേഖ അവതരിപ്പിക്കുക. പാര്‍ട്ടിയുടെ നയവ്യതിയാനവും ചര്‍ച്ചയാകും. സംസ്ഥാന സമിതിയില്‍ നിന്നും 75 വയസ്സ് പിന്നിട്ടവരെ ഒഴിവാക്കിയേക്കും. മുഖ്യമന്ത്രി പിണറായി വിജയന് ഇളവ് നല്‍കുമെന്നാണ് സൂചന.

കയ്യൂര്‍, വയലാര്‍, ശൂരനാട് എന്നിവിടങ്ങളിലെ രക്തസാക്ഷി കുടീരങ്ങളില്‍നിന്ന് തുടങ്ങിയ പതാക, ദീപശിഖ, കൊടിമര ജാഥകള്‍ ആണ് പൊതുസമ്മേളന നഗരിയായ ആശ്രാമം മൈതാനത്തെ സീതാറാം യെച്ചൂരി നഗറില്‍ ഇന്ന് വൈകിട്ടോടെ എത്തിച്ചേര്‍ന്നത്. വ്യാഴാഴ്ച മുതല്‍ ഒമ്പത് വരെ സി. കേശവന്‍ മെമ്മോറിയല്‍ ടൗണ്‍ ഹാളിലെ കോടിയേരി ബാലകൃഷ്ണന്‍ നഗറിലാണ് പ്രതിനിധി സമ്മേളനം. പൊളിറ്റ് ബ്യൂറോ കോഡിനേറ്റര്‍ പ്രകാശ് കാരാട്ട് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും.

പിബി അംഗങ്ങളായ പിണറായി വിജയന്‍, എം എ ബേബി, ബി വി രാഘവലു, ബൃന്ദ കാരാട്ട്, സുഭാഷിണി അലി, അശോക് ധാവ്‌ളെ, എ വിജയരാഘവന്‍, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, വിജൂകൃഷ്ണന്‍, എ ആര്‍ സിന്ധു എന്നിവര്‍ പങ്കെടുക്കും. സമ്മേളനത്തിന് സമാപനം കുറിച്ച് ഒമ്പതിനു വൈകിട്ട് സീതാറാം യെച്ചൂരി നഗറില്‍ (ആശ്രാമം മൈതാനം) 25,000 ചുവപ്പുസേനാംഗങ്ങളുടെ പരേഡും രണ്ടുലക്ഷം പേര്‍ പങ്കെടുക്കുന്ന ബഹുജനറാലിയും നടക്കും.

Similar News