'വാതിലുകള്‍ തുറന്നിട്ടിരിക്കുന്നു'; ആര്‍ക്കും പാര്‍ട്ടിയിലേക്ക് കടന്നുവരാമെന്ന് ജോസ് കെ മാണി; ഒരു ലയന സാധ്യതയുമില്ലെന്ന് മോന്‍സ് ജോസഫ്; മാര്‍ക്കറ്റിങിന് വേണ്ടി മാണിയുടെ പേര് ഉപയോഗിക്കുന്നുവെന്നും ആക്ഷേപം
ഒരു ലയന സാധ്യതയുമില്ലെന്ന് മോന്‍സ് ജോസഫ്

കോട്ടയം: കേരള കോണ്‍ഗ്രസ് മാണി - ജോസഫ് ഗ്രൂപ്പുകളുടെ ലയനം സംബന്ധിച്ച ജോസ് കെ മാണിയുടെ പരാമര്‍ശത്തിന് മറുപടിയുമായി മോന്‍സ് ജോസഫ് എംഎല്‍എ. മാണി - ജോസഫ് ഗ്രൂപ്പുകളുടെ ലയനത്തിന് ഒരു സാധ്യതയുമില്ലെന്ന് മോന്‍സ് ജോസഫ് വ്യക്തമാക്കി. കെ.എം മാണിയുടെ മൂന്നാം ചരമവാര്‍ഷിക ദിനത്തില്‍ ആദരാഞജലി അര്‍പ്പിച്ച് മടങ്ങവേ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.എം മാണിയുടെ മരണശേഷം അദ്ദേഹത്തിന്റെ പേര് മാര്‍ക്കറ്റിങിന് വേണ്ടി കേരള കോണ്‍ഗ്രസ് എം ഉപയോഗിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
വഖഫ് വിഷയത്തില്‍ ഇന്ത്യ മുന്നണിയുടെ നിലപാട് തന്നെയാണ് കേരള കോണ്‍ഗ്രസിനെന്നും അത് നേരത്തെ വ്യക്തമാക്കിയതാണെന്നും മോന്‍സ് വ്യക്തമാക്കി. വഖഫിന്റെ പരിധിയില്‍ മുനമ്പത്തെ ഭൂമി വരുന്നില്ലെന്നും മുനമ്പത്തെ ജനങ്ങള്‍ക്കൊപ്പമാണ് കേരള കോണ്‍ഗ്രസെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
കേരള കോണ്‍ഗ്രസിന്റെ വാതിലുകള്‍ എന്നും തുടര്‍ന്നുകിടക്കുകയാണെന്നായിരുന്നു ജോസ് കെ മാണി നേരത്തെ പ്രതികരിച്ചത്. ആര്‍ക്കും കടന്നുവരാന്‍ സാധിക്കുന്ന വാതിലുകളാണ് കേരള കോണ്‍ഗ്രസിന്റേത്. കെ എം മാണിയുടെ ആറാം ചരമ വാര്‍ഷിക ദിനത്തില്‍ കല്ലറയില്‍ എത്തി പ്രാര്‍ത്ഥിച്ചതിന് പിന്നാലെയായിരുന്നു പ്രതികരണം.
കൈവിട്ടുപോയ പാലാ
ഒരു കാലത്ത് കേരള രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണയിച്ച പ്രധാനപ്പെട്ട വ്യക്തികളില്‍ ഒരാളായിരുന്നു കേരള കോണ്‍ഗ്രസ് എം നേതാവും മുന്‍ മന്ത്രിയുമായ കെഎം മാണി. പ്രായോഗിക രാഷ്ട്രീയത്തിന്റെ മുഖം. ഒരു കാലത്ത് മുന്നണി രാഷ്ട്രീയത്തിന്റെ അവസാനവാക്ക്. രാഷ്ട്രീയ കരുനീക്കങ്ങളില്‍ ചുക്കാന്‍ പിടിച്ച നേതാവ്. അങ്ങനെ കേരള രാഷ്ട്രീയത്തില്‍ വിശേഷണങ്ങള്‍ ഏറെ. പാലായെ ചുറ്റിപ്പറ്റിയായിരുന്നു കെ എം മാണിയെന്ന രാഷ്ട്രീയ നേതാവിന്റെ ജീവിതം. പാലാക്കാരുടെ മാണിയെന്നും മാണി സാറിന്റെ പാലാ എന്നും ആ ബന്ധം ലോകം അറിഞ്ഞു.
1965 മുതല്‍ പാലാക്കാര്‍ നെഞ്ചിലേറ്റി. തുടര്‍ച്ചയായി 13 തവണ നിയമസഭയിലെത്തിച്ചു. അതുമാത്രമായിരുന്നില്ല. ഏറ്റവും കൂടുതല്‍ തവണ ബജറ്റവതരിപ്പിച്ച ധനമന്ത്രി എന്നതടക്കമുള്ള റെക്കോഡുകളും കെ എം മാണിയുടെ പേരിലാണ്. കെ എം മാണിയെന്ന നേതാവിന്റെ ശൂന്യത പാലായില്‍ മാത്രമല്ല കേരള രാഷ്ട്രീയത്തിലും തീരാ നഷ്ടമാണ്
കേരള കോണ്‍ഗ്രസ് പിറവിയെടുക്കുമ്പോള്‍ ആ പാതയില്‍ ആയിരുന്നില്ല കെഎം മാണി. എന്നാല്‍ പിന്നീട് കോണ്‍ഗ്രസുമായി തെറ്റിപ്പിരിഞ്ഞ് കേരള കോണ്‍ഗ്രസിലേക്ക്. അവിടുന്ന് അങ്ങോട്ട് കേരള കോണ്‍ഗ്രസിന്റെ വളര്‍ച്ചയിലും തളര്‍ച്ചയിലും ഒരു വശത്ത് കെ എം മാണിയുണ്ടായിരുന്നു. ബാര്‍ കോഴ കേസില്‍ പ്രതിപക്ഷം ക്രൂശിച്ചപ്പോഴും പാലക്കാര്‍ കൈവിട്ടില്ല. എന്നാല്‍ കെ എം മാണിയുടെ കാലശേഷം കേരള കോണ്‍ഗ്രസിനെ പാലക്കാര്‍ കൈവിട്ടു. കെഎം മാണിക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പുകളില്‍ പാലായില്‍ വിജയിക്കാന്‍ കേരള കോണ്‍ഗ്രസിന് സാധിച്ചില്ല.