രാഹുലിനെ അന്‍വര്‍ വിളിച്ചുവരുത്തിയത്; സ്വന്തം ഇഷ്ടപ്രകാരം പോയി കണ്ടതാണെന്ന് രാഹുല്‍ തന്നെ പറഞ്ഞു; പാര്‍ട്ടി നേതൃത്വവും രാഹുലും നിലപാട് വ്യക്തമാക്കി കഴിഞ്ഞതാണെന്ന് ഷാഫി പറമ്പില്‍
ഭരണമാറ്റത്തിന്റെ തുടക്കമായിരിക്കും നിലമ്പൂരിലുണ്ടാകുകയെന്ന് ഷാഫി
മലപ്പുറം: രാഹുല്‍ മാങ്കൂട്ടത്തില്‍ പിവി അന്‍വറുമായി കൂടിക്കാഴ്ച നടത്തിയത് സ്വന്തം നിലയാണെന്നും വിഷയത്തില്‍ പാര്‍ട്ടി നേതൃത്വവും രാഹുലും നിലപാട് വ്യക്തമാക്കി കഴിഞ്ഞുവെന്നും അതില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ക്കില്ലെന്നും ഷാഫി പറമ്പില്‍ എംപി പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിഷയത്തില്‍ അദ്ദേഹത്തെ തള്ളാതെയും കൊള്ളാതെയുമാണ് ഷാഫി പ്രതികരിച്ചത്. സ്വന്തം ഇഷ്ടപ്രകാരം പോയി കണ്ടതാണെന്ന് രാഹുല്‍ തന്നെ പറഞ്ഞു. താന്‍ മനസിലാക്കിയിടത്തോളം കാണണമെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയതാണ്. വിവാദം അവസാനിച്ചതാണെമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
പിണറായിസത്തിനെതിരെ ജയിക്കാന്‍ കഴിയുന്നത് യുഡിഎഫിനാണെന്നും സര്‍ക്കാരിന്റെ പരാജയം തുറന്നുകാട്ടുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയടക്കമുള്ള ജനകീയ പ്രശ്‌നങ്ങള്‍ പരിഹാരമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നവര്‍ യുഡിഎഫിനൊപ്പം ഉണ്ടാകും. പിവി അന്‍വര്‍ വിഷയം തീര്‍ത്തുകഴിഞ്ഞുവെന്ന് പികെ കുഞ്ഞാലിക്കുട്ടിയടക്കമുള്ള നേതാക്കള്‍ പറഞ്ഞുകഴിഞ്ഞു. അതില്‍ കൂടുതലൊന്നും ഇനി പറയാനില്ല.
കേരള സര്‍ക്കാരിന്റെ പരാജയം യുഡിഎഫ് തുറന്നുകാണിക്കും. ആശാവര്‍ക്കര്‍മാരുടെ പ്രശ്‌നം, അഴിമതി, ലഹരിയുടെ പേരിലുള്ള അരാജകത്വം അങ്ങനെ കുറെ പ്രശ്‌നങ്ങള്‍ തുറന്നുകാണിക്കും. അതെല്ലാം കാണുമ്പോള്‍ ജനങ്ങള്‍ യുഡിഎഫിനെ പിന്തുണയ്ക്കും. നല്ലരീതിയിലാണ് യുഡിഎഫിന്റെ പ്രചാരണം മുന്നോട്ടുപോകുന്നത്. നന്നായി ജോലി ചെയ്ത് ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിയുള്ള പ്രചാരണമാണ് യുഡിഎഫ് നടത്തുന്നതെന്നും അതിന് ഫലമുണ്ടാകുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
ആര് തുടരണം, ആര് മാറണമെന്ന് തീരുമാനിക്കുന്നത് ജനങ്ങളാണ്. നിലമ്പൂരിലെ ജനങ്ങള്‍ക്ക് കൃത്യമായ രാഷ്ട്രീയ ബോധമുണ്ട്. വന്യമൃഗങ്ങളുടെ ശല്യം സഹിക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുന്ന ഇവിടുത്തെ ജനങ്ങള്‍ അതൊന്നും പരിഹരിക്കാത്ത ഈ സര്‍ക്കാരിന്റെ ശല്യവും തീര്‍ക്കാന്‍ കാത്തിരിക്കുകയാണ്. രാഷ്ട്രീയ സാഹചര്യം മനസിലാക്കിയായിരിക്കും ജനങ്ങള്‍ തീരുമാനമെടുക്കുക.
യുഡിഎഫിന് അനുകൂലമായ ജനങ്ങളുടെ തീരുമാനത്തിന് തടസ്സമാകാന്‍ പോകുന്ന ഒരു ഘടകവും നിലമ്പൂരില്‍ കാണുന്നില്ലെന്ന് പിവി അന്‍വറുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഷാഫി പറമ്പില്‍ മറുപടി നല്‍കി. ഇനിയുള്ള ദിവസങ്ങള്‍ രാഷ്ട്രീയം പറയാനുള്ള ദിവസങ്ങളാണ്. ആ പറയുന്ന കാര്യങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാനുള്ള ദിവസങ്ങളാണ്. തെല്ലും അഹങ്കാരമില്ലാതെ തികഞ്ഞ ആത്മവിശ്വസത്തിലാണ് യുഡിഎഫ്. അത് ജനങ്ങള്‍ നല്‍കുന്ന ആത്മവിശ്വാസമാണ്.