നേതാക്കളുടെ ജീവിതം സുതാര്യമാണ്; ശരത് പറയുന്ന കാര്യങ്ങള്‍ അടിസ്ഥാനരഹിതം; വിശദീകരണം തേടുമെന്ന് സിപിഎം ജില്ല സെക്രട്ടറി; നിബിന്‍ ഉന്നയിച്ചത് ഏഴ് സഹകരണ ബാങ്കുകളിലെ അഴിമതി; പരസ്യ വിമര്‍ശനത്തിന് പുറത്താക്കല്‍

Update: 2025-09-12 09:11 GMT

തൃശ്ശൂര്‍: ഡിവൈഎഫ്‌ഐ തൃശൂര്‍ ജില്ലാ സെക്രട്ടറി ശരത് പ്രസാദിന്റെ ശബ്ദരേഖ സിപിഎം നേതൃത്വത്തെ പ്രതിരോധത്തിലാക്കിയതിന് പിന്നാലെ വിവാദത്തില്‍ പ്രതികരിച്ച് തൃശ്ശൂര്‍ സിപിഎം ജില്ല സെക്രട്ടറി അബ്ദുള്‍ ഖാദര്‍. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് പറഞ്ഞ ഓഡിയോ ക്ലിപ്പ് ആണ് ഇന്ന് ചാനലുകളില്‍ സംരക്ഷണം ചെയ്തതെന്നും പറയുന്ന കാര്യങ്ങള്‍ അടിസ്ഥാനരഹിതമായ കാര്യങ്ങളാണെന്നും വിഷയത്തില്‍ അബ്ദുള്‍ ഖാദര്‍ പ്രതികരിച്ചു. വസ്തുതയുമായി പൊരുത്തപ്പെടുന്ന യാതൊന്നും അതിലില്ല.സംഭവത്തില്‍ ശരത്തിനോട് വിശദീകരണം തേടുമെന്നും അബ്ദുള്‍ ഖാദര്‍ പറഞ്ഞു.

ആളുകള്‍ക്ക് വീണുകിട്ടിയ ആയുധം എന്ന തരത്തിലാണ് അവരുടെ പ്രതികരണം. സിപിഎമ്മിനെതിരെ നടന്ന മാധ്യമ വിചാരണകള്‍ ഉണ്ട്. രാഷ്ട്രീയ ആക്ഷേപങ്ങള്‍ ഉണ്ട്. അതെല്ലാം തെറ്റായ കാര്യമാണെന്നും ജില്ല സെക്രട്ടറി ചൂണ്ടിക്കാട്ടി. നേതാക്കളുടെ ജീവിതം സുതാര്യമാണെന്ന് വ്യക്തമാക്കിയ അദ്ദേഹം അനുചിത പരാമര്‍ശമാണ് ഉണ്ടായതെന്നും വിമര്‍ശിച്ചു. ഏതു സാഹചര്യത്തിലാണ് അങ്ങനെ പറയാന്‍ ഇടയായി എന്ന് വിശദീകരണം ആവശ്യപ്പെടുമെന്നും ഉചിതമായ നടപടി പാര്‍ട്ടി സ്വീകരിക്കുമെന്നും സിപിഎം ജില്ല സെക്രട്ടറി അബ്ദുള്‍ ഖാദര്‍ പറഞ്ഞു.

പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി ശബ്ദരേഖ

തൃശൂരിലെ സിപിഎം നേതാക്കള്‍ക്കെതിരെ ഗുരുതര സാമ്പത്തിക ആരോപണമുയര്‍ത്തിയാണ് ഡിവൈഎഫ്‌ഐ തൃശൂര്‍ ജില്ലാ സെക്രട്ടറി ശരത് പ്രസാദിന്റെ ശബ്ദരേഖ പുറത്തുവന്നത്. സിപിഎം നേതാക്കള്‍ ഒരു ഘട്ടം കഴിഞ്ഞാല്‍ സാമ്പത്തികമായി ലെവല്‍ മാറുമെന്ന് ശരത്പ്രസാദ് പറയുന്ന ശബ്ദ സന്ദേശമാണ് പുറത്തുവന്നത്. എം കെ കണ്ണന് കോടാനുകോടിയുടെ സ്വത്ത് ഉണ്ടെന്നും അപ്പര്‍ ക്ലാസിനെ ഡീല്‍ ചെയ്യുന്ന ആള്‍ എസി മൊയ്തീന്‍ എന്നും ശരത്പ്രസാദ് പറയുന്നു. കരുവന്നൂര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഏജന്‍സികളും പ്രതിപക്ഷവും സിപിഎം നേതാക്കള്‍ക്കെതിരെ ഉന്നയിച്ച ആരോപണം ഒരു പാര്‍ട്ടി നേതാവ് തുറന്നു പറയുന്നത് സിപിഎമ്മിനെ വലിയ പ്രതിരോധത്തിലാണ് ആക്കുന്നത്

ശബ്ദരേഖ വിവാദമായതിന് പിന്നാലെ സിപിഎം നടത്തറ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗം നിബിന്‍ ശ്രീനിവാസനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. മാധ്യമങ്ങളില്‍ പരസ്യ പ്രസ്താവന നടത്തിയതാണ് കാരണം. ഡിവൈഎഫ്‌ഐ തൃശൂര്‍ ജില്ലാ സെക്രട്ടറി ശരത് പ്രസാദിന്റെ ശബ്ദ സന്ദേശം പുറത്തുവിട്ടതിന് പിന്നിലും നിബിന്‍ ആണെന്ന സംശയം സിപിഎം നേതാക്കള്‍ക്കുണ്ട്.

നിബിന്‍ ശ്രീനിവാസന്റെ വെളിപ്പെടുത്തല്‍

മണ്ണുത്തി ഏരിയാ കമ്മിറ്റിക്ക് കീഴിലുള്ള ഏഴ് സഹകരണ ബാങ്കുകളിലെ അഴിമതി ചൂണ്ടിക്കാട്ടിയതിന് ഏരിയാ കമ്മിറ്റിയില്‍ നിന്ന് തന്നെ തരം താഴ്ത്തിയെന്നാണ് കഴിഞ്ഞ ദിവസം നിബിന്‍ മാധ്യമങ്ങളോട് പറഞ്ഞത്. നടത്തറ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗം നിബിന്‍ ശ്രീനിവാസനാണ് പാര്‍ട്ടിയെ വെട്ടിലാക്കുന്ന ആരോപണവുമായി രംഗത്തെത്തിയത്. സിപിഎം മണ്ണുത്തി ഏരിയാ കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അംഗവുമായിരുന്നു നിബിന്‍ ശ്രീനിവാസന്‍. മണ്ണുത്തി ഏരിയാ കമ്മിറ്റിക്ക് കീഴിലുള്ള സഹകരണ സംഘങ്ങളില്‍ അഴിമതിയെന്ന ആരോപണമാണ് നിബിന്‍ ഉന്നയിച്ചത്. നടത്തറ പഞ്ചായത്ത് കാര്‍ഷിക കാര്‍ഷികേതര തൊഴിലാളി സഹകരണ സംഘം, മൂര്‍ക്കനിക്കര സര്‍വീസ് സഹകരണ ബാങ്ക്, റബ്ബര്‍ ടാപ്പിങ് സഹകരണ സംഘം, കൊഴുക്കുള്ളി കണ്‍സ്യൂമര്‍ സഹകരണ സംഘം, അയ്യപ്പന്‍ കാവ് കാര്‍ഷിക കാര്‍ഷികേതര സഹകരണ സംഘം തുടങ്ങിയ സംഘങ്ങളില്‍ അഴിമതിയെന്നാണ് നിബിന്‍ ആരോപിച്ചത്.

ആദ്യം തരംതാഴ്ത്തി

പാര്‍ട്ടി കമ്മിറ്റികളില്‍ പറഞ്ഞിട്ടും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ലെന്ന് നിബിന്‍ പറഞ്ഞു. നടപടിയെടുത്തില്ലെന്ന് മാത്രമല്ല, സമ്മേളനത്തില്‍ തന്നെ ഏരിയാ കമ്മിറ്റിയില്‍ നിന്ന് ലോക്കല്‍ കമ്മിറ്റിയിലേക്ക് തരംതാഴ്തിയെന്നും നിബിന്‍ ആരോപിച്ചു. ഒടുവില്‍ നിബിനെ സിപിഎമ്മില്‍ നിന്ന് പുറത്താക്കിയിരിക്കുകയാണ്.

Similar News