'പതിനഞ്ചു വര്‍ഷം കഠിനമായി കപ്പലണ്ടി വിറ്റാല്‍ ഏത് കണ്ണനും കോടീശ്വരനാകാം; കാര്യമറിയാതെ വെറുതെ പോക്രിത്തരം പറയരുത്; കണ്ണേട്ടനോടൊപ്പം; കപ്പലണ്ടിയോടൊപ്പം'; സിപിഎമ്മിനെ പരിഹസിച്ച് കുറിപ്പുമായി ജോയ് മാത്യൂ

സിപിഎമ്മിനെ പരിഹസിച്ച് കുറിപ്പുമായി ജോയ് മാത്യൂ

Update: 2025-09-14 12:04 GMT

കൊച്ചി: കപ്പലണ്ടി കച്ചവടം നടത്തിയ എംകെ കണ്ണന്‍ രാഷ്ട്രീയ കച്ചവടം നടത്തിയാണ് കോടികള്‍ സമ്പാദിച്ചതെന്ന ഡിവൈഎഫ്ഐ നേതാവിന്റെ ശബ്ദരേഖ പുറത്തുവന്നത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു. സിപിഎം നേതാക്കള്‍ക്ക് വലിയ സാമ്പത്തിക സ്വാധീനമുണ്ടെന്നും ഒരു ഘട്ടം കഴിഞ്ഞാല്‍ നേതാക്കള്‍ സാമ്പത്തികമായി മുന്നേറുമെന്നുമായിരുന്നു ഡിവൈഎഫ്ഐ തൃശൂര്‍ ജില്ലാ സെക്രട്ടറി ശരത് പ്രസാദിന്റെ ശബ്ദസംഭാഷണം.

'സിപിഎമ്മിന്റെ ജില്ലാ ലീഡര്‍ഷിപ്പിലുള്ള ആര്‍ക്കും സാമ്പത്തിക പ്രശ്നം ഇല്ല. നേതാക്കളുടെ ഒരു ഘട്ടം കഴിഞ്ഞാല്‍ അവരുടെ ലെവല്‍ മാറും. പണം പിരിക്കാന്‍ ജില്ലാ കമ്മിറ്റി അംഗങ്ങള്‍ക്ക് എളുപ്പമാണ്. സിപിഎം നേതാക്കള്‍ അവരവരുടെ കാര്യം നോക്കാന്‍ നല്ല മിടുക്കന്മാരാണ്. എം കെ കണ്ണന് കോടാനുകോടി സ്വത്തുണ്ട്. കപ്പലണ്ടി കച്ചവടം ചെയ്ത കണ്ണേട്ടന്‍ രാഷ്ട്രീയം കൊണ്ടാണ് രക്ഷപ്പെട്ടത്. അത്ര വലിയ ഡീലിംഗ്‌സാണ് അവരൊക്കെ നടത്തുന്നത്' എന്നായിരുന്നു ശബ്ദരേഖയില്‍ പറയുന്നത്. എന്നാല്‍ ഡിവൈഎഫ്‌ഐ നേതാവിന്റെ പരാമര്‍ശം തള്ളി സിപിഎം നേതൃത്വം രംഗത്ത് വന്നിരുന്നു. ഏത് ബാങ്കിലാണ് തന്റെ കോടികളുടെ അക്കൗണ്ടുള്ളതെന്നും 100 രൂപയില്‍ കൂടുതലുള്ള ഒരു ബാങ്ക് അക്കൗണ്ടുമില്ലെന്നുമായിരുന്നു ആരോപണത്തോട് എം കെ കണ്ണന്‍ പ്രതികരിച്ചത്. തന്റെ സാമ്പത്തിക സ്ഥിതി ഇഡി അന്വേഷിച്ചിരുന്നു. മണ്ണുത്തിയിലെ പാര്‍ട്ടിയിലെ ചുമതല തനിക്കായിരുന്നുവെന്നും എം കെ കണ്ണന്‍ പ്രതികരിച്ചിരുന്നു.

വിവാദത്തില്‍ നിന്നും തലയൂരാന്‍ സിപിഎം ശ്രമിക്കുന്നതിനിടെ നേതൃത്വത്തെ പരിഹസിച്ച് നടനും എഴുത്തുകാരനുമായ ജോയ് മാത്യു രംഗത്ത് വന്നു. പതിനഞ്ചു വര്‍ഷം കഠിനമായി കപ്പലണ്ടി വിറ്റാല്‍ ഏത് കണ്ണനും കോടീശ്വരനാകാമെന്ന് ജോയ് മാത്യു ഫെയ്സ്ബുക്കില്‍ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം

കപ്പലണ്ടി വിറ്റും കോടീശ്വരനാകാം

ഇതാ കണക്കുകള്‍

കപ്പലണ്ടി കിലോയ്ക്ക് 25 രൂപ

വറക്കുവാനുള്ള ചിലവ് 5 രൂപ

ആകെ ചിലവ് 30 രൂപ

ഒരു കിലോ കപ്പലണ്ടിയില്‍ നുന്നും ഉല്‍പ്പാദിപ്പിക്കാവുന്ന പൊതികള്‍ 25

ഒരു പൊതിയുടെ വില 10രൂപ

അപ്പോള്‍ അകെ വിറ്റുവരവ് 25x10=250രൂപ

ചിലവ് കഴിച്ചു ലാഭം 220 രൂപ

ഒരു ദിവസം വിളിക്കാവുന്ന പാക്കറ്റുകള്‍ 250

അപ്പോള്‍ വിറ്റുവരവ് 250x10=2500 രൂപ

ചിലവ് 300

ലാഭം 2500-300=2200 രൂപ

ഒരു മാസത്തെ വരവ് 2200x30=66000രൂപ

ഒരു വര്ഷം 66000x12=792000/-രൂപ

പതിനഞ്ചു വര്ഷം കൊണ്ട് കിട്ടുന്ന ലാഭം 792000x15=11880000/-

പതിനഞ്ചു വര്ഷം കഠിനമായി കപ്പലണ്ടി വിറ്റാല്‍ ഏത് കണ്ണനും കോടീശ്വരനാകാം

കാര്യമറിയാതെ വെറുതെ പോക്രിത്തരം പറയരുത്

കണ്ണേട്ടനോടൊപ്പം

കപ്പലണ്ടിയോടൊപ്പം

Similar News