ആമ്പല്ലൂരില്‍ ഗാന്ധി പ്രതിമ സ്ഥാപിക്കുന്നതില്‍ തര്‍ക്കം; പൊതുമരാമത്തു വകുപ്പിന്റെ സ്ഥലത്ത് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം; രമേശ് ചെന്നിത്തല പങ്കെടുക്കേണ്ട പരിപാടി മാറ്റിവെച്ചു; ഡിസിസി പ്രസിഡന്റിനു പരാതി നല്‍കി

Update: 2025-09-21 14:03 GMT

കാഞ്ഞിരമറ്റം: ആമ്പല്ലൂരില്‍ പൊതുമരാമത്തു പുറമ്പോക്കില്‍ മഹാത്മാഗാന്ധി പ്രതിമ അനുമതിയില്ലാതെ സ്ഥാപിക്കാനുള്ള നീക്കം തടഞ്ഞ് പൊതുമരാമത്ത് വകുപ്പ്. കോണ്‍ഗ്രസിന്റെ പോഷക സംഘടനയായ ഗാന്ധിദര്‍ശന്‍ വേദി പിറവം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആമ്പല്ലൂര്‍ മില്‍മ ജംക്ഷനു സമീപം നടത്തിയ നിര്‍മാണമാണു അധികൃതര്‍ തടഞ്ഞത്. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ആര്‍. ഹരിയുടെ പരാതിയെത്തുടര്‍ന്നു സ്ഥലം സന്ദര്‍ശിച്ച ശേഷമാണ് അനധികൃത നിര്‍മാണത്തിന് ഉദ്യോഗസ്ഥര്‍ സ്റ്റോപ് മെമ്മോ നല്‍കിയത്.

റോഡിനോടു ചേര്‍ന്നു ആമ്പല്ലൂര്‍ പഞ്ചായത്ത് നടപ്പാക്കിയ സ്‌നേഹാരാമം പദ്ധതിക്കു സമീപം പ്രതിമ സ്ഥാപിക്കാനുള്ള തറയുടെ നിര്‍മാണം ബുധനാഴ്ചയാണ് നടന്നത്. ഗാന്ധിയുടെ അര്‍ധകായ പ്രതിമ 22നു കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയംഗം രമേശ് ചെന്നിത്തല അനാഛാദനം ചെയ്യുമെന്ന് നോട്ടിസ് അടക്കം പ്രചരിച്ചതോടെയാണു പാര്‍ട്ടി പ്രാദേശിക നേതൃത്വം ഇക്കാര്യം അറിയുന്നത്. കോണ്‍ഗ്രസ് ബ്ലോക്ക്, മണ്ഡലം കമ്മിറ്റിയുടെ അറിവോ അനുവാദമോ കൂടാതെയാണു നിര്‍മാണവും പണപ്പിരിവും നടന്നതെന്നാരോപിച്ചു സംഭവത്തില്‍ ബ്ലോക്ക് പ്രസിഡന്റ് ഡിസിസി പ്രസിഡന്റിനു പരാതി നല്‍കുകയായിരുന്നു.

എന്നാല്‍ പ്രതിമ സ്ഥാപിക്കാന്‍ 2 മാസം മുന്‍പ് തന്നെ അപേക്ഷ നല്‍കിയിരുന്നുവെന്നും പിഡബ്ല്യുഡി ഉദ്യോഗസ്ഥര്‍ അളന്നു തന്ന സ്ഥലത്താണ് നിര്‍മാണം നടത്തിയതെന്നും ഗാന്ധിദര്‍ശന്‍ വേദി നിയോജകമണ്ഡലം ചെയര്‍മാന്‍ പ്രശാന്ത് പ്രഹ്‌ളാദ് അറിയിച്ചു. ഡിസിസി പ്രസിഡന്റിനെ അടക്കം അറിയിച്ചാണു പദ്ധതിയുമായി മുന്നോട്ടു പോയതെന്ന് പ്രശാന്ത് പ്രഹ്ലാദ് പറയുന്നു.

രാഷ്ട്രീയ ഭേദമന്യേ ആമ്പല്ലൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി സഹകരണവും പിന്തുണയും നല്‍കിയ ജനപങ്കാളിത്ത പരിപാടിയായിരുന്നു. ആമ്പല്ലൂര്‍ പഞ്ചായത്തില്‍ ഗാന്ധി പ്രതിമ ഇല്ലാതിരുന്ന സാഹചര്യത്തിലാണ് ഗാന്ധിദര്‍ശന്‍ വേദി ഈ ജനപങ്കാളിത്ത പദ്ധതി ഏറ്റെടുത്തതെന്നും പ്രശാന്ത് പ്രഹ്ലാദ് പറഞ്ഞു. ബ്ലോക്ക് പ്രസിഡണ്ടിനെതിരെ ഡിസിസി ഭാരവാഹികള്‍ക്കും, കെപിസിസി ഭാരവാഹികള്‍ക്കും പരാതി നല്‍കുമെന്ന് പ്രശാന്ത് പ്രഹ്ലാദും ജനറല്‍ സെക്രട്ടറി സണ്ണി കണ്ണമ്മേലിലും അറിയിച്ചു.

പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലത്ത് ഗാന്ധിപ്രതിമ സ്ഥാപിക്കാനായി ലഭിച്ച അപേക്ഷ എന്‍ഒസി ലഭിക്കാനായി അയച്ചിരിക്കുകയാണെന്ന് പൊതുമരാമത്തു വകുപ്പ് അസി.എന്‍ജിനീയര്‍ അറിയിച്ചു. ഇതു ലഭിക്കുന്നതിനു മുന്‍പ് അനുമതിയില്ലാതെ നിര്‍മാണം നടത്തിയതു കൊണ്ടാണ് സ്റ്റോപ് മെമ്മോ നല്‍കിയതെന്നും അദ്ദേഹം വിശദീകരിച്ചു.

Tags:    

Similar News