ഹിജാബ് വിവാദത്തിന് പിന്നില്‍ എസ്ഡിപിഐ; സ്‌കൂളില്‍ എത്തി അധികൃതരെ ഭീഷണിപ്പെടുത്തിയതിന് തെളിവുകളുണ്ട്; അവര്‍ കലാപാന്തരീക്ഷം സൃഷ്ടിച്ചു; പൊളിറ്റിക്കല്‍ ഇസ്ലാം അജണ്ട നടപ്പാക്കാന്‍ ശ്രമം; പത്ത് വോട്ടിന് വേണ്ടി വിദ്യാഭ്യാസ മന്ത്രി ഇതിന് ചൂട്ട് പിടിക്കുന്നു; വേണ്ടിവന്നാല്‍ സ്‌കൂളിന് ബിജെപി സംരക്ഷണം ഒരുക്കുമെന്ന് ഷോണ്‍ ജോര്‍ജ്
കൊച്ചി: പള്ളുരുത്തിയിലെ ഹിജാബ് വിവാദത്തിന് പിന്നില്‍ എസ്ഡിപിഐ ആണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജ്. വിദ്യാര്‍ഥിനിയുടെ രക്ഷിതാവിനൊപ്പം എസ്ഡിപിഐ നേതാക്കള്‍ സെന്റ് റീത്താസ് സ്‌കൂളില്‍ എത്തി അധികൃതരെ ഭീഷണിപ്പെടുത്തിയതിന് തെളിവുകളുണ്ട്. അവര്‍ കലാപാന്തരീക്ഷം സൃഷ്ടിച്ചു. ഇതിന്റെ തെളിവുകള്‍ കൈയിലുണ്ട്. ഭീതിജനകമായ അന്തരീക്ഷമാണ് അവര്‍ സൃഷ്ടിക്കുന്നത്.
ഹിജാബ് ധരിക്കുന്നത് സിര്‍ക്കുലര്‍ ആയി ഇറക്കണെമെന്ന് എസ്ഡിപിഐ തന്നെ ആവശ്യപ്പെട്ടു. കേരളത്തിലെ പൊളിറ്റിക്കല്‍ ഇസ്ലാം അജണ്ട നടപ്പിലാക്കാന്‍ എസ്ഡിപിഐ ശ്രമിക്കുന്നു. പത്ത് വോട്ടിന് വേണ്ടി വിദ്യാഭ്യാസ മന്ത്രി ഇതിന് ചൂട്ട് പിടിക്കുകയാണെന്നും ഷോണ്‍ കുറ്റപ്പെടുത്തി.കേരളത്തില്‍ രാജ്യവിരുദ്ധ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നു. പ്രതിപക്ഷവും ഭരണപക്ഷവും അവര്‍ക്ക് കുടപിടിക്കുന്നു. ഈ നിലപാടില്‍ നിന്നും കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും പിന്മാറണം. വേണ്ടിവന്നാല്‍ സ്‌കൂളിന് ബിജെപിയുടെ സംരക്ഷണം ഉണ്ടാകുമെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.
ഒരു നേതാക്കളും സംഭവത്തില്‍ അന്വേഷണം നടത്താന്‍ എത്തിയില്ല. എസ്ഡിപിഐ നടത്തിയ കൈയേറ്റങ്ങളെ മൂടിവെക്കാന്‍ ഹൈബി ഈഡന്‍ എംപി ഉള്‍പ്പെടെയുള്ളവര്‍ ശ്രമിച്ചു. ഹൈബി ഈഡന്‍ അവിടെയെത്തി പറഞ്ഞത്ത് ആര്‍എസ്എസ് അജണ്ട എന്നാണ്. ആ സ്‌കൂളില്‍ എസ്ഡിപിഐ ആക്രമിച്ചതിന് ആര്‍എസ്എസ് എന്ത് പിഴച്ചുവെന്ന് ഹൈബി ഈഡന്‍ വ്യക്തമാക്കണം. വിഷയത്തില്‍ ഹൈബി ഒരു സമവായ ചര്‍ച്ചയും നടത്തിയിട്ടില്ല.
അതേസമയം സ്‌കൂള്‍ തലത്തില്‍ സമവായമുണ്ടെങ്കില്‍ നല്ലതാണെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. സമവായമുണ്ടെങ്കില്‍ അത് അവിടെ തീരട്ടെ. വിഷയത്തില്‍ മാനേജ്‌മെന്റിനോട് വിശദീകരണം ചോദിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പഠനം നിഷേധിക്കാന്‍ ആര്‍ക്കും അവകാശമില്ല. രക്ഷിതാവ് പഴയ സ്റ്റാന്‍ഡില്‍ നിന്ന് മാറിയിട്ടുണ്ട്. രക്ഷിതാവിന് പ്രശ്‌നമില്ല. ഒരു കുട്ടിക്കും വിദ്യാഭ്യാസം നിഷേധിക്കാന്‍ പാടില്ലെന്നും മന്ത്രി വ്യക്തമാക്കി.
സമ്മര്‍ദ്ദവുമായി എസ്ഡിപിഐ
ശിരോവസ്ത്രം ധരിച്ച് പഠനം തുടരാന്‍ പെണ്‍കുട്ടികള്‍ക്ക് സ്‌കൂള്‍ അധികൃതര്‍ അനുമതി നല്‍കണമെന്ന വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ പ്രസ്താവന നടപ്പിലാക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ്. മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന കേരളത്തില്‍ ഒരു വിദ്യാര്‍ഥിക്കും ഇത്തരം ദുരനുഭവങ്ങള്‍ ഉണ്ടാകാന്‍ പാടില്ലെന്നും ഭരണഘടനാപരമായ അവകാശങ്ങള്‍ ലംഘിക്കാന്‍ ഒരു വിദ്യാഭ്യാസ സ്ഥാപനത്തെയും അനുവദിക്കില്ലെന്നും സര്‍ക്കാര്‍ ഈ വിഷയത്തില്‍ തുടര്‍ന്നും ജാഗ്രത പുലര്‍ത്തുമെന്നുമുള്ള വിദ്യാഭ്യാസ മന്ത്രിയുടെ നിലപാട് അഭിലഷണീയമാണ്. മന്ത്രിയുടെ പ്രസ്താവന സര്‍ക്കാരിന്റെ നിലപാടാണ്. അത് നടപ്പിലാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്.
കുട്ടിയുടെ വിദ്യാഭ്യാസം തടസ്സപ്പെടുത്തി ക്ലാസില്‍ നിന്നു പുറത്താക്കിയത് ഗുരുതരമായ കൃത്യവിലോപവും വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ലംഘനവുമാണെന്ന് വിദ്യാഭ്യാസ ഉപഡയറക്ടറുടെ അന്വേഷണ റിപോര്‍ട്ട് പ്രകാരം ബോധ്യമാവുന്ന കാര്യമാണ്. സ്ഥാപനങ്ങളുടെ നിയമാവലി ഭരണഘടനയ്ക്കു മുകളില്ല. വിശ്വാസ, ആരാധനാ സ്വാതന്ത്ര്യം ഭരണഘടന ഉറപ്പാക്കുന്ന മൗലീകാവകാശമാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് കുറ്റപ്പെടുത്തി.
വിഷയത്തില്‍ കൃത്യമായ നിലപാട് പറയാതെ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്ന സമീപനമാണ് ഹൈബി ഈഡന്‍ എംപി ഒത്തുതീര്‍പ്പ് നാടകത്തിലൂടെ നടത്തിയത്. സംസ്ഥാനത്തെ എയിഡഡ്, അണ്‍ എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഭരണഘടനാപരമായ അവകാശം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സര്‍കുലര്‍ ഇറക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് ആവശ്യപ്പെട്ടു.