'അബിന്‍ വര്‍ക്കിയും ചാണ്ടി ഉമ്മനും സഭയുടെ മക്കള്‍; അവരെ ഒരിക്കലും സഭ കൈവിടില്ല; ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയാണ് ഓര്‍ത്തഡോക്സ് സഭ എന്ന് കരുതേണ്ട; ഒരു മാര്‍ഗവും ഇല്ലാതെ വന്നാല്‍ ചെണ്ടയുടെ സ്വരം മാറാന്‍ സാധ്യതയുണ്ട്'; കെപിസിസി പുനഃസംഘടനയ്ക്കെതിരെ തുറന്നടിച്ച് ഗീവര്‍ഗീസ് മാര്‍ യൂലിയോസ്
കെപിസിസി പുനഃസംഘടനയ്ക്കെതിരെ തുറന്നടിച്ച് ഗീവര്‍ഗീസ് മാര്‍ യൂലിയോസ്
കോട്ടയം: കെപിസിസി പുനഃസംഘടനയ്ക്കെതിരെ തുറന്നടിച്ച് ഓര്‍ത്തഡോക്സ് സഭ. ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയാണ് ഓര്‍ത്തഡോക്സ് സഭ എന്ന് കരുതേണ്ടെന്ന് ഓര്‍ത്തഡോക്സ് സഭ യുവജന പ്രസ്ഥാനം പ്രസിഡന്റ് ഗീവര്‍ഗീസ് മാര്‍ യൂലിയോസ് പ്രതികരിച്ചു. സഭാംഗങ്ങള്‍ ഏത് സ്ഥാനത്തായാലും അവരെയൊക്കെ തഴയാം എന്ന ചിന്തയുണ്ടെന്നും അബിന്‍ വര്‍ക്കിയും ചാണ്ടി ഉമ്മനും തങ്ങളുടെ യുവതയാണെന്നും ഗീവര്‍ഗീസ് മാര്‍ യൂലിയോസ് പറഞ്ഞു. ചാണ്ടി ഉമ്മന്‍ പങ്കെടുത്ത സഭയുടെ യുവജന സംഘടന സംഘടിപ്പിച്ച പ്രഗതി പരിപാടിയിലായിരുന്നു ഗീവര്‍ഗീസ് മാര്‍ യൂലിയോസിന്റെ പ്രതികരണം.
അബിന്‍ വര്‍ക്കിയും ചാണ്ടിയും സഭയുടെ മക്കളാണ്. അവരെ ഒരിക്കലും സഭ കൈവിടില്ല. സാമൂഹിക പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്നവരാണ് ഇവര്‍. മലങ്കര സഭയ്ക്ക് കരുത്തുറ്റ നേതാക്കന്മാര്‍ എകാലത്തും ഉണ്ടായിട്ടുണ്ട്. നല്ല നേതാക്കള്‍ സഭയില്‍ നിന്നും ഉയര്‍ന്ന് വന്നിട്ടുണ്ട്. വിദ്യാഭ്യാസ സാമൂഹിക മേഖലകളില്‍ സഭയുടെ സംഭാവന വലുതാണെന്നും ഗീവര്‍ഗീസ് മാര്‍ യൂലിയോസ് വ്യക്തമാക്കി.
സഭ പലവിധത്തില്‍ അവഗണന നേരിടുന്നു. സഭാ അംഗങ്ങളെ തഴയാന്‍ ശ്രമം നടക്കുന്നു. സഭാംഗങ്ങളെ ഏത് സ്ഥലത്തായാലും അവരെ തഴയാം ഒരു ചിന്തയുണ്ട്. ചെണ്ടയുടെ പ്രത്യേകത എങ്ങനെ കുട്ടിയാലും അതിന് ശബ്ദമുണ്ട്. ശാസ്ത്രീയമായി അതിനെ കൊട്ടിയാല്‍ മനോഹരമായ ശബ്ദം ഉണ്ടാകും. അശാസ്ത്രീയമായി കൈകാര്യം ചെയ്താല്‍ വ്യത്യസ്തമായ ശബ്ദമുണ്ടാവും. മലങ്കര സഭ ആര്‍ക്കും ഏത് വിധേനയും കൊട്ടാവുന്ന ചെണ്ടയല്ല.
അബിന്‍ വര്‍ക്കിയും ചാണ്ടിയും ഉമ്മനും ഞങ്ങളുടെ യുവതയാണ്. അവരാരും മതം വെച്ച് കളിക്കാറില്ല. അവരാരും ഇന്ന സഭക്കാരാണെന്ന് പറയാറില്ല. പൊതുരംഗത്ത് പ്രവര്‍ത്തിക്കുമ്പോള്‍ ഒരു മത തീവ്രവാദത്തിനും സഭ കൂട്ടു നില്‍ക്കില്ല. സാമൂഹ്യ പ്രതിബദ്ധതിയോടെ പ്രവര്‍ത്തിക്കുന്നവര്‍ എന്തും ചെയ്യാമെന്ന ധാര്‍ഷ്ട്യം ഉണ്ടാകും. സഭയ്ക്ക് നല്ല കാലത്തും നല്ല നേതാക്കന്മാര്‍ ഉണ്ടായിട്ടുണ്ട് ഇനിയും അത് ഉണ്ടാകും. ചെണ്ട കഴിവതും നല്ല സ്വരം പുറപ്പെടുവിക്കാന്‍ ആണ് ശ്രമിക്കുന്നത്. അല്ലാത്തപക്ഷം ശബ്ദം മാറാന്‍ സാധ്യതയുണ്ട് എന്നു കൂടി മനസ്സിലാക്കണമെന്നും ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മുന്നറിയിപ്പ് നല്‍കി.
'ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയാണ് ഓര്‍ത്തഡോക്സ് സഭ എന്ന് കരുതേണ്ട. അബിനും ചാണ്ടിയും ഞങ്ങളുടെ യുവതയാണ്. അവരാരും മതംവെച്ച് കളിക്കാറില്ല. ഇന്ന സഭക്കാരാണ് എന്ന് പറയാറില്ല. ഒരു തീവ്രവാദത്തിനും മലങ്കര സഭ കൂട്ടുനിന്നിട്ടില്ല. എന്നാല്‍ സാമൂഹ്യപ്രതിബദ്ധതയോടെ ഇടപെടുന്നവരെ എന്തും ചെയ്യാമെന്ന ധാര്‍ഷ്ട്യമാണ്. സ്വര്‍ണപ്പാളികള്‍ പൊളിച്ചുകടത്തിയത് എന്തിനാണ് എന്ന് ചോദിച്ചതിനാണ് ട്രഷറര്‍ പത്തുദിവസം അകത്തുകിടന്നത്. മലങ്കര സഭയ്ക്ക് കരുത്തുറ്റ നേതാക്കളുണ്ട്. ഈ ചെണ്ടയില്‍ എത്ര അടിച്ചാലും കഴിവതും നല്ല സ്വരം പുറപ്പെടുവിക്കും. ഒരു മാര്‍ഗവും ഇല്ലാതെ വന്നാല്‍ സ്വരം മാറാന്‍ സാധ്യതയുണ്ട് എന്ന് ഓര്‍മിപ്പിക്കുകയാണ്': ഗീവര്‍ഗീസ് മാര്‍ യൂലിയോസ് പറഞ്ഞു.
കെപിസിസി പുനഃസംഘടനയില്‍ ചാണ്ടി ഉമ്മനും അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. താനും ഒരു മനുഷ്യനാണെന്നും ചില സാഹചര്യങ്ങളില്‍ വിഷമം വരും അത് സ്വാഭാവികമായുളള കാര്യമാണെന്നുമാണ് ചാണ്ടി ഉമ്മന്‍ പറഞ്ഞത്. പാര്‍ട്ടിയുമായുളള പ്രശ്നങ്ങള്‍ പാര്‍ട്ടിക്കുളളില്‍ സംസാരിക്കുമെന്നും പാര്‍ട്ടിയില്‍ ജാതിയും മതവും ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. 'കെ സി വേണുഗോപാല്‍ ഉള്‍പ്പെടെയുളള മുഴുവന്‍ നേതാക്കളുമായും സംസാരിക്കും. മറ്റൊരു പരിഗണനയ്ക്കും എന്റെ ജീവിതത്തില്‍ പ്രാധാന്യമില്ല. എനിക്ക് തരാനുളളതെല്ലാം പാര്‍ട്ടി തന്നു. എന്നെ എംഎല്‍എ ആക്കിയത് ഈ പാര്‍ട്ടിയാണ്. എനിക്ക് ഒന്നും തരാതിരുന്നിട്ടില്ല. എന്റെ പിതാവിനെ 51 കൊല്ലം എംഎല്‍എ ആക്കിയത് ഈ പാര്‍ട്ടിയാണ്': എന്നാണ് ചാണ്ടി ഉമ്മന്‍ പറഞ്ഞത്.