തെറ്റായ കേന്ദ്രനയങ്ങള്‍ സ്വീകരിക്കില്ല; കേരളത്തില്‍ ആര്‍എസ്എസ് നേതാക്കളെക്കുറിച്ച് പഠിപ്പിക്കില്ല; എപ്പോള്‍ വേണമെങ്കിലും പിന്മാറാം; സുരേന്ദ്രന്റേത് സ്വപ്നം മാത്രമാണെന്ന് മന്ത്രി ശിവന്‍കുട്ടി
തിരുവനന്തപുരം: ഏകദേശം 1500 കോടി രൂപയുടെ കേന്ദ്ര ഫണ്ട് നഷ്ടപ്പെടുത്താതിരിക്കാന്‍ വേണ്ടി മാത്രമാണ് പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടതെന്നും പാഠപുസ്തകം തയ്യാറാക്കുക സംസ്ഥാന സര്‍ക്കാര്‍ തന്നെയായിരിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. പിഎം ശ്രീ പദ്ധതി നടപ്പിലാക്കാത്തതുകൊണ്ട് എസ്എസ്‌കെയ്ക്ക് ലഭിക്കേണ്ട 1500 കോടി രൂപയാണ് കേന്ദ്രം തടഞ്ഞുവെച്ചിരിക്കുന്നതെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഈ തുക നഷ്ടപ്പെടുത്തണോ വേണ്ടയോ എന്നാണ് നിലവിലെ പ്രശ്‌നമെന്നും നഷ്ടപ്പെടുത്താന്‍ പാടില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പ് ചിന്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു. അതുകൊണ്ടാണ് ഈ പദ്ധതിയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടപടികള്‍ സ്വീകരിക്കുന്നത്. ഇതിന്റെ ഭാഗമായി 165 സ്‌കൂളുകള്‍ തിരഞ്ഞെടുത്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ഏത് നിമിഷവും വേണമെങ്കില്‍ പിന്മാറാമെന്ന വ്യവസ്ഥ കരാറിലുണ്ട്. ഇരു കക്ഷികളും തമ്മില്‍ ആലോചിച്ച് ചര്‍ച്ച ചെയ്ത് കരാറില്‍ നിന്നും പിന്മാറുന്നതിന് സാധിക്കും. യോജിച്ച് ഒരു തീരുമാനത്തിലെത്താത്ത പക്ഷം കോടതിയില്‍ പോകുന്നതിനും അവകാശമുണ്ട്. കേരളത്തില്‍ ഇതുവരെ തുടര്‍ന്നുവന്നിട്ടുള്ള ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനത്തിന്റെ വിദ്യാഭ്യാസനയം ഒരു കാരണവശാലും അടിയറവുവയ്ക്കില്ല. കേരളത്തില്‍ ആര്‍എസ്എസ് നേതാക്കളെ കുറിച്ച് പഠിപ്പിക്കില്ല. അത് കെ. സുരേന്ദ്രന്റെ സ്വപ്നം മാത്രമാണ്. ഒന്നു മുതല്‍ പത്തുവരെ ക്ലാസിലെ കുട്ടികള്‍ക്കുള്ള പാഠപുസ്തകം പ്രിന്റ് ചെയ്തു കഴിഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ പാഠപുസ്തക ഉള്ളടക്കത്തില്‍ തെറ്റായ നിലപാട് സ്വീകരിച്ചപ്പോള്‍ ബദല്‍ പാഠപുസ്തകമിറക്കിയ സംസ്ഥാനമാണ് കേരളം.
കേന്ദ്ര സര്‍ക്കാര്‍ പറയുന്ന നമുക്ക് തെറ്റെന്ന് തോന്നുന്ന നയങ്ങളൊന്നും സ്വീകരിക്കുന്നില്ല. ഓട്ടിസം ബാധിച്ച കുട്ടികളുടെ ചികിത്സയ്ക്കുവേണ്ടിയുള്ള ഓട്ടിസം സെന്റേഴ്‌സിനെ സംരക്ഷിക്കുന്നതും എസ്.എസ്.എ. ഫണ്ട് ഉപയോഗിച്ചാണ്. ഫണ്ട് തടഞ്ഞുവെച്ചതിനെ തുടര്‍ന്ന്, ഓട്ടിസം സെന്ററുകളിലെ ജീവനക്കാര്‍ക്ക് കഴിഞ്ഞ രണ്ടു മാസക്കാലമായി ശമ്പളം കൊടുക്കുന്നില്ല. കൂടാതെ, 150 ഓളം വരുന്ന വര്‍ണക്കൂടാരം പദ്ധതികള്‍ സംസ്ഥാനത്തുണ്ട്. ഇതും ഈ തുക ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് ഫണ്ട് നഷ്ടപ്പെടാതിരിക്കുന്നതിനുള്ള നടപടികളിലേക്ക് വിദ്യാഭ്യാസ വകുപ്പ് നീങ്ങിയതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം പി എം ശ്രീ പദ്ധതിയില്‍ കേരളം ഒപ്പിട്ടതിനെക്കുറിച്ച് കെ സുരേന്ദ്രന്‍ മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. പി എം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടതോടെ ഇനി ഹെഡ്‌ഗേവാറിനെക്കുറിച്ചും സവര്‍ക്കറെക്കുറിച്ചും കേരളത്തിലെ സ്‌കൂളുകളില്‍ പഠിപ്പിക്കുമെന്നും ഇതൊക്കെ പഠിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ പഠിക്കേണ്ടെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
'ദേശീയ വിദ്യാഭ്യാസ നയം ഇനി പൂര്‍ണമായ അര്‍ത്ഥത്തില്‍ കേരളത്തില്‍ നടപ്പാക്കും. കരിക്കുലം പരിഷ്‌കരണത്തിലും കേന്ദ്ര ഇടപെടലുണ്ടാകും. പി എം ശ്രീയുടെ കരാര്‍ ഒപ്പിട്ടതില്‍ എന്തെങ്കിലും ഡീല്‍ ഉണ്ടോയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയട്ടെ. കേന്ദ്രവുമായി എന്തെങ്കിലും ഡീല്‍ ഉണ്ടോയെന്ന് എനിക്കറിയില്ല. സിപിഎമ്മില്‍ കരാര്‍ ഒപ്പിട്ടത് പിണറായി വിജയനും മന്ത്രി ശിവന്‍കുട്ടിയും മാത്രമാണ് അറിഞ്ഞത്. സിപിഎമ്മിന്റെ മറ്റ് മന്ത്രിമാര്‍ പോലും അറിഞ്ഞില്ല. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പ്രാധാന്യം ശിവന്‍കുട്ടിക്ക് മനസിലായി. അതുപോലെ മുഖ്യമന്ത്രിക്കും മനസിലാകുമെന്ന് കരുതുന്നു. ഈ വിഷയത്തില്‍ സിപിഐ കുരയ്ക്കും പക്ഷേ കടിക്കില്ല. സിപിഐ നിലപാടില്ലാത്ത പാര്‍ട്ടിയാണ്'- എന്നായിരുന്നു സുരേന്ദ്രന്‍ പറഞ്ഞത്.
