എം.എ.ബേബി ഇടപെട്ടിട്ടും പിഎം ശ്രീയില്‍ വഴങ്ങാതെ സിപിഐ; നാളത്തെ മന്ത്രിസഭ യോഗത്തില്‍ മന്ത്രിമാര്‍ പങ്കെടുക്കില്ല; തീരുമാനം സിപിഐ സെക്രട്ടേറിയറ്റ് യോഗത്തില്‍; ചോദ്യങ്ങളോട് 'ലാല്‍സലാം' പറഞ്ഞ് ബിനോയ് വിശ്വം; എല്‍ഡിഎഫില്‍ പ്രതിസന്ധി രൂക്ഷം

Update: 2025-10-28 12:19 GMT

തിരുവനന്തപുരം: പിഎം ശ്രീ തര്‍ക്കത്തില്‍ സിപിഐ നിലപാട് കടുപ്പിച്ചതോടെ എല്‍ഡിഎഫില്‍ പ്രതിസന്ധി രൂക്ഷമാകുന്നു. നാളെത്തെ മന്ത്രിസഭ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് സിപിഐ മന്ത്രിമാര്‍ അറിയിച്ചു. ഇന്ന് ചേര്‍ന്ന സിപിഐ സെക്രട്ടറിയേറ്റിലാണ് തീരുമാനം. ഓണ്‍ലൈനായിട്ടാണ് യോഗം ചേര്‍ന്നത്. സെക്രട്ടറിയേറ്റ് യോഗം കഴിഞ്ഞിറങ്ങിയ ബിനോയ് വിശ്വം മാധ്യമങ്ങളോട് പ്രതികരിച്ചില്ല. ലാല്‍സലാം എന്ന് മാത്രമായിരുന്നു പ്രതികരണം.

ചൊവ്വാഴ്ച രാവിലെ ആരംഭിച്ച സിപിഐ സെക്രട്ടേറിയറ്റ് യോഗം ഉച്ചവരെ നീണ്ടു. നാളെ നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ സിപിഐ മന്ത്രിമാരായ കെ. രാജന്‍, പി. പ്രസാദ്, ജി.ആര്‍. അനില്‍, ചിഞ്ചുറാണി എന്നിവര്‍ പങ്കെടുക്കേണ്ടെന്ന നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. ബുധനാഴ്ച രാവിലെ പത്തുമണിക്കായിരുന്നു മന്ത്രിസഭാ യോഗം നടക്കേണ്ടിയിരുന്നത്. എന്നാല്‍, അത് ഉച്ചകഴിഞ്ഞ് 3.30-ന് ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയും സിപിഐ നേതൃത്വവുമായി ചര്‍ച്ച നടത്തി സമവായത്തിലെത്താനുള്ള സാധ്യതകള്‍ മുന്നില്‍ക്കണ്ടാണ് ഇതെന്നാണ് സൂചന.

പ്രശ്‌നപരിഹാരത്തിനായി എംഎ ബേബി ഇടപെട്ടിരുന്നു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി ഫോണില്‍ സംസാരിച്ചു, വിട്ടുവീഴ്ചയില്ലെന്ന് ബിനോയ് അറിയിച്ചു. മുഖ്യമന്ത്രി അറിയിച്ച കാര്യങ്ങള്‍ തന്നെയാണ് ബേബിയും ആവര്‍ത്തിച്ചത്. പദ്ധതിയിലെ മെല്ലെ പോക്കും ക്യാബിനറ്റിലെ സബ് കമ്മിറ്റിയും ആണ് നിര്‍ദ്ദേശിച്ചത്. എന്നാല്‍ പാര്‍ട്ടി നിലപാടില്‍നിന്നു പിന്നോട്ടില്ലെന്ന് ബിനോയ് വിശ്വം ബേബിയെ അറിയിച്ചു. ഇക്കാര്യം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ബിനോയ് വിശ്വം റിപ്പോര്‍ട്ട് ചെയ്തു. സമവായ ചര്‍ച്ചകളും ശ്രമങ്ങളും തുടരാനാണ് തീരുമാനം.

ഇന്നു ചേര്‍ന്ന അവൈലബില്‍ സെകട്ടേറിയറ്റിലാണ് മന്ത്രിസഭാ യോഗം ബഹിഷ്‌കരിക്കാനുള്ള തീരുമാനം ഉണ്ടായതെന്നാണ് സൂചന. കഴിഞ്ഞദിവസം ചേര്‍ന്ന എക്സിക്യൂട്ടീവ് യോഗത്തിലുണ്ടായ തീരുമാനംതന്നെയാണ് ഇന്നത്തെ സെക്രട്ടേറിയറ്റ് യോഗത്തിലും ഉണ്ടായത്. മുഖ്യമന്ത്രി ഇടപെട്ടിട്ടും വഴങ്ങാന്‍ സിപിഐ തയാറാകാതിരിക്കുന്നതില്‍ സിപിഎമ്മിനുള്ളില്‍ കടുത്ത അതൃപ്തിയാണുള്ളത്. ഇതിനു പിന്നാലെയാണ് ഇന്നു രാവിലെ എം.എ.ബേബി, ബിനോയ് വിശ്വത്തെ ബന്ധപ്പെട്ടത്. 'പിഎം ശ്രീ' കരാര്‍ റദ്ദാക്കുക എന്ന നിലപാടില്‍നിന്നു പിന്നോട്ടു പോകില്ലെന്ന് ബിനോയ് വിശ്വം അറിയിച്ചു. ക്യാബിനറ്റ് സബ് കമ്മിറ്റി രൂപീകരിച്ച് വിഷയം പഠിക്കുക, പദ്ധതി നടപ്പാക്കല്‍ വൈകിപ്പിക്കുക തുടങ്ങി സിപിഎം മുന്നോട്ടുവച്ചിരിക്കുന്ന ഒരു ഫോര്‍മുലയും അംഗീകരിക്കാന്‍ സിപിഐ തയാറാകാത്ത സാഹചര്യത്തില്‍ മുന്നണി ബന്ധം കൂടുതല്‍ ഉലയാനുള്ള സാധ്യതയാണുള്ളത്.

ധാരണാപത്രം റദ്ദാക്കാതെ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് തിങ്കളാഴ്ച സിപിഐ മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ടറിയിച്ചിരുന്നു. മുഖ്യമന്ത്രി മുന്നോട്ടുവെച്ച എല്ലാ ഉപാധികളും സിപിഐ സംസ്ഥാനസെക്രട്ടറി ബിനോയ് വിശ്വം തള്ളുകയും ചെയ്തിരുന്നു. സംസ്ഥാനഘടകത്തിന് ഏതു തീരുമാനവും എടുക്കാമെന്ന പച്ചക്കൊടി സിപിഐ ദേശീയനേതൃത്വം നല്‍കിയിരുന്നു. ധാരണാപത്രം റദ്ദാക്കണമെന്ന് ജനറല്‍ സെക്രട്ടറി ഡി. രാജ പരസ്യമായി ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Similar News