സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന റോഡ് ഉദ്ഘാടനം ചെയ്യേണ്ടത് എംഎല്‍എയെന്ന് സണ്ണി ജോസഫ്; എട്ടുകാലി മമ്മൂഞ്ഞ് ആകാന്‍ നില്‍ക്കണ്ടെന്ന് സിപിഎം പ്രവര്‍ത്തകര്‍; പരിപാടിക്കിടെ വേദിയില്‍ നിന്നും എംഎല്‍എയെ ഇറക്കിവിട്ടു

Update: 2025-11-04 09:48 GMT

കണ്ണൂര്‍: മണ്ഡലത്തിലെ പരിപാടിക്കിടെ കെപിസിസി പ്രസിഡന്റും പേരാവൂര്‍ എംഎല്‍എയുമായ സണ്ണി ജോസഫിനെ സിപിഎം പ്രവര്‍ത്തകര്‍ വേദിയില്‍ നിന്ന് ഇറക്കിവിട്ടു. ഇരിട്ടി മുനിസിപ്പാലിറ്റിയിലെ ചാവശ്ശേരി റോഡ് നവീകരണ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു എംഎല്‍എ. സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന റോഡ് ആയതിനാല്‍ പ്രോട്ടോകോള്‍ അനുസരിച്ച് എംഎല്‍എയാണ് ഉദ്ഘാടനം ചെയ്യേണ്ടത് എന്നായിരുന്നു സണ്ണി ജോസഫിന്റെ വാദം.

എന്നാല്‍ എട്ടുകാലി മമ്മൂഞ്ഞ് ആകാന്‍ നില്‍ക്കണ്ട എന്ന് മുദ്രാവാക്യം വിളിച്ച്, സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. തുടര്‍ന്ന് എംഎല്‍എ വേദിയില്‍നിന്ന് ഇറങ്ങിപ്പോയി. തൊട്ടടുത്ത് തന്നെ യുഡിഎഫ് പ്രവര്‍ത്തകര്‍ ഒരുക്കിയ വേദിയില്‍ എംഎല്‍എ കാര്യങ്ങള്‍ വിശദീകരിച്ചു. നവകേരള സദസിന്റെ ഭാഗമായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പേരാവൂര്‍ മണ്ഡലത്തില്‍ രണ്ട് റോഡുകളുടെ നവീകരണത്തിന് തുക അനുവദിച്ചത്. നവകേരള സദസ്സ് തന്നെ ബഹിഷ്‌കരിച്ച എംഎല്‍എ, ക്രെഡിറ്റ് എടുക്കാന്‍ നോക്കുന്നു എന്നായിരുന്നു സിപിഎമ്മിന്റെ ആരോപണം. പ്രതിഷേധത്തിനൊടുവില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ആണ് ഉദ്ഘാടനം നിര്‍വഹിച്ചത്.

Similar News