തദ്ദേശപ്പോരിന് ഒരുങ്ങി കേരളം; സംസ്ഥാനത്ത് ആകെ 33746 പോളിങ് സ്റ്റേഷനുകള്‍; നാമനിര്‍ദേശ പത്രിക 14 മുതല്‍ നല്‍കാം; പഞ്ചായത്തുകളില്‍ 25,000 രൂപ, കോര്‍പ്പറേഷനില്‍ ഒന്നര ലക്ഷം വരെ; സ്ഥാനാര്‍ത്ഥികള്‍ക്ക് ചെലവഴിക്കാവുന്ന തുക ഇങ്ങനെ

Update: 2025-11-10 08:27 GMT

തിരുവനന്തപുരം: കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. രണ്ടു ഘട്ടങ്ങളിലായിട്ടായിരിക്കും തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുക. ആദ്യഘട്ട വോട്ടെടുപ്പ് ഡിസംബര്‍ ഒമ്പതിനും രണ്ടാം ഘട്ട വോട്ടെടുപ്പ് ഡിസംബര്‍ 11നും നടക്കും. ഡിസംബര്‍ 13നായിരിക്കും വോട്ടെണ്ണല്‍. നവംബര്‍ 14ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കും. നാമനിര്‍ദേശ പത്രിക നവംബര്‍ 21 വരെ നല്‍കാം. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം നവംബര്‍ 14 ന് പുറത്തിറക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു. തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടിക നവംബര്‍ 14 ന് പ്രസിദ്ധീകരിക്കും. നാമനിര്‍ദേശം നല്‍കാനുള്ള അവസാന തീയതി നവംബര്‍ 21 വെള്ളിയാഴ്ചയാണ്. സൂക്ഷ്മപരിശോധന 22ന് ശനിയാഴ്ച നടക്കും. നാമനിര്‍ദേശപത്രിക നവംബര്‍ 24 വരെ പിന്‍വലിക്കാം. വോട്ടെടുപ്പ് വിജ്ഞാപന തീയതി മുതല്‍ നാമനിര്‍ദേശ പത്രിക നല്‍കാവുന്നതാണെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു.

സ്ഥാനാര്‍ത്ഥികള്‍ക്ക് പരമാവധി ചെലവഴിക്കാവുന്ന തുക ഇപ്രകാരമാണ്. പഞ്ചായത്തുകളില്‍ 25,000 രൂപ. ബ്ലോക്ക് പഞ്ചായത്ത്/ മുനിസിപ്പാലിറ്റി എന്നിവയില്‍ 75,000 രൂപ, ജില്ലാ പഞ്ചായത്ത്/ കോര്‍പ്പറേഷന്‍ എന്നിവയില്‍ ഒന്നര ലക്ഷം രൂപയുമാണ്. സ്ഥാനാര്‍ത്ഥികളുടെ ചെലവു കണക്ക് ഫലപ്രഖ്യാപന തീയതി മുതല്‍ 30 ദിവസത്തിനകം തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്ക് നല്‍കിയിരിക്കണം. കണക്ക് നല്‍കാതിരിക്കുകയോ, പരിധിയില്‍ കൂടുതല്‍ ചെലവാക്കിയതായി കണ്ടെത്തുകയോ ചെയ്യുന്നവരെ അയോഗ്യരാക്കും. അഞ്ചു വര്‍ഷക്കാലം അയോഗ്യത നിലനില്‍ക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു.

സംസ്ഥാനത്ത് രണ്ടു ഘട്ടങ്ങളിലായിട്ടാണ് ഇത്തവണ വോട്ടെടുപ്പ് നടക്കുക. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴു ജില്ലകള്‍ ഒന്നാംഘട്ടത്തില്‍ ഡിസംബര്‍ 9 ന് ( ചൊവ്വാഴ്ച ) പോളിങ് ബൂത്തിലേക്ക് പോകും. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ രണ്ടാംഘട്ടത്തിലാണ് വോട്ടെടുപ്പ്. ഇത് ഡിസംബര്‍ 11 ന് ( വ്യാഴാഴ്ച ) നടക്കും. ഡിസംബര്‍ 13 ശനിയാഴ്ചയാണ് വോട്ടെണ്ണല്‍ നടക്കുക.

സംസ്ഥാനത്ത് ആകെ 33746 പോളിങ് സ്റ്റേഷനുകളായിരിക്കും ഉണ്ടാകുക. 1,37,922 ബാലറ്റ് യൂണിറ്റുകളാണ് തെരഞ്ഞെടുപ്പിനായി സജ്ജമാക്കിയിട്ടുള്ളത്. 50691 കണ്‍ട്രോള്‍ യൂണിറ്റുകളുമുണ്ടാകും. 1249 റിട്ടേണിങ് ഓഫീസര്‍മാരായിക്കും വോട്ടെടുപ്പിനായി ഉണ്ടാകുക. ആകെ 1.80 ലക്ഷം ഉദ്യോഗസ്ഥരെയായിരിക്കും വോട്ടെടുപ്പിനായി നിയോഗിക്കുക. സുരക്ഷക്കായി 70,000 പൊലീസുകാരെയും നിയോഗിക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചുള്ള ദുരുപയോഗം തടയാനുള്ള നടപടിയുണ്ടാകും. ആകെ 2.50 ലക്ഷം ഉദ്യോഗസ്ഥരായിരിക്കും തെരഞ്ഞെടുപ്പ് നടത്തുന്നതിനായി ഉണ്ടാകുക.

വാഹനപ്രചാരണത്തിനും ഉച്ചഭാഷിണി ഉപയോഗത്തിനും പ്രത്യേക അനുമതി വാങ്ങേണ്ടതാണ്. രാത്രി 10 മണിക്കും രാവിലെ 6 മണിക്കും ഇടയില്‍ ഉച്ചഭാഷിണി ഉഫയോഗം നിരോധിച്ചിട്ടുണ്ട്. നിയമാനുസൃതമായ ശബ്ദപരിധി പാലിക്കേണ്ടതാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ അടക്കം മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കേണ്ടതാണ്. വോട്ടെടുപ്പ് അവസാനിക്കുന്നതിനു മുമ്പുള്ള 48 മണിക്കൂര്‍ വേളയില്‍ മദ്യനിരോധനം ഉണ്ടായിരിക്കും. വോട്ടെണ്ണല്‍ ദിവസവും മദ്യനിരോധനം ഉണ്ടാകുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു.

സംസ്ഥാനത്ത് നിലവില്‍ ത്രിതല പഞ്ചായത്ത് ഭരണസമിതികളിലെ ഭരണം -ആകെയുള്ള ആറ് കോര്‍പ്പറേഷനുകളില്‍ അഞ്ചിടത്തും ഇടതുമുന്നണിക്കാണ്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, തൃശ്ശൂര്‍, കൊല്ലം കോര്‍പ്പറേഷനുകള്‍ എല്‍ഡിഎഫാണ് ഭരിക്കുന്നത്. കണ്ണൂരില്‍ മാത്രമാണ് യുഡിഎഫ് ഭരണമുള്ളത്. സംസ്ഥാനത്തെ നഗരസഭകളുടെ കാര്യം നോക്കിയാല്‍ ആകെയുള്ള 87 നഗരസഭകളില്‍ 44 നഗരസഭകളില്‍ ഇടതുമുന്നണിയാണ് ഭരിക്കുന്നത്. 41 നഗരസഭകളിലാണ് യു.ഡി.എഫ് ഭരിക്കുന്നത്. പാലക്കാടും പന്തളത്തുമാണ് ബിജെപി ഭരണമുള്ളത്. 14 ജില്ലാ പഞ്ചായത്തുകളില്‍ 11 ഇടത്താണ് ഇടത് ഭരണമുള്ളത്. യുഡിഎഫ് ഭരണമുള്ളത് മൂന്ന് ജില്ലാ പഞ്ചായത്തുകളിലും.എറണാകുളം, വയനാട്, മലപ്പുറം ജില്ലകളിലാണ് യുഡിഎഫ് ഭരണമുള്ളത്. സംസ്ഥാനത്ത് ആകെയുള്ള 152 ബ്ലോക്ക് പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് ഭരിക്കുന്നത് 113 ബ്ലോക്ക് പഞ്ചായത്തുകളിലാണ്. 38 ബ്ലോക്ക് പഞ്ചായത്തുകളിലാണ് യുഡിഎഫ് ഭരണമുള്ളത്. ആകെയുള്ളത് 941 ഗ്രാമ പഞ്ചായത്തുകളാണ്. അതില്‍ 571 ഉം ഭരിക്കുന്നത് ഇടതുമുന്നണിയാണ്. 351 പഞ്ചായത്തുകളിലാണ് യുഡിഎഫ് ഭരണമുള്ളത്. എന്‍ഡിഎ ഭരണമുള്ളത് 12 പഞ്ചായത്തുകളിലാണ്. മറ്റുള്ളവര്‍ 7 പഞ്ചായത്തുകളിലും ഭരണ സാരഥ്യത്തിലുണ്ട്.

Similar News