'കടകംപള്ളി പറഞ്ഞു പറ്റിച്ചു; തയ്യാറെടുക്കാന്‍ ആദ്യം നിര്‍ദ്ദേശം നല്‍കിയ ശേഷം മറ്റൊരാളെ സ്ഥാനാര്‍ത്ഥിയാക്കി; തയ്യാറെടുക്കാന്‍ പറഞ്ഞത് കല്യാണത്തിന് പോകാനല്ലല്ലോ'; സിപിഎമ്മിനെതിരെ തുറന്നടിച്ച് കെ. ശ്രീകണ്ഠന്‍; ഉള്ളൂരില്‍ ദേശാഭിമാനി മുന്‍ ബ്യൂറോ ചീഫ് മത്സരിക്കും
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സിപിഎമ്മിന് വീണ്ടും വിമത ഭീഷണി. ഉള്ളൂര്‍ വാര്‍ഡില്‍ കെ. ശ്രീകണ്ഠന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കും. സിപിഎം ഉള്ളൂര്‍ ലോക്കല്‍ കമ്മിറ്റി അംഗമാണ് ശ്രീകണ്ഠന്‍. ദേശാഭിമാനി തിരുവനന്തപുരം മുന്‍ ബ്യൂറോ ചീഫ് കൂടിയാണ് ശ്രീകണ്ഠന്‍. പാര്‍ട്ടി അംഗവും മുന്‍ ബ്രാഞ്ച് സെക്രട്ടറിയുമായ ലിജു എസ് ആണ് ഉള്ളൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി.
സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തീരുമാനിച്ച ശ്രീകണ്ഠന്‍ കടകംപള്ളി സുരേന്ദ്രനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തി. 'കടകംപള്ളി പറഞ്ഞു പറ്റിച്ചു. തയ്യാറെടുക്കാന്‍ ആദ്യം നിര്‍ദ്ദേശം നല്‍കിയ ശേഷം മറ്റൊരാളെ സ്ഥാനാര്‍ത്ഥിയാക്കി. തയ്യാറെടുക്കാന്‍ പറഞ്ഞത് കല്യാണത്തിന് പോകാനല്ലല്ലോ,' എന്ന് ശ്രീകണ്ഠന്‍ പറഞ്ഞു.
തിരുവനന്തപുരം കോര്‍പ്പറേഷനിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ എല്‍ഡിഎഫ് നേതൃത്വം പ്രഖ്യാപിച്ചിരുന്നു. മേയര്‍ ആര്യ രാജേന്ദ്രന്‍ ഇത്തവണ മത്സരിക്കില്ല. സിപിഎം ജില്ലാ കമ്മിറ്റി അംഗവും ശിശുക്ഷേമ സമിതി മുന്‍ ചെയര്‍പേഴ്സണുമായ എസ്.പി. ദീപക് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുടെ ഒരു സംഘം ഭരണമുന്നണിയുടെ 93 സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടികയില്‍ ഇടം നേടിയിരുന്നു.
മുന്‍ മേയറും വഞ്ചിയൂര്‍ ഏരിയ കമ്മിറ്റി സെക്രട്ടറിയുമായ കെ. ശ്രീകുമാര്‍, പാളയം ഏരിയ കമ്മിറ്റി സെക്രട്ടറിയും മുന്‍ കൗണ്‍സിലറുമായ വഞ്ചിയൂര്‍ ബാബു, വിളപ്പില്‍ ഏരിയ സെക്രട്ടറി ആര്‍.പി. ശിവജി എന്നിവരാണ് മറ്റ് പ്രധാന സ്ഥാനാര്‍ത്ഥികള്‍. ഇവരില്‍ ഒരാള്‍ എല്‍ഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥിയായി ഉയര്‍ന്നുവരാന്‍ സാധ്യതയുണ്ട്. കവടിയറില്‍ യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി കെ.എസ്. ശബരിനാഥനെതിരെ സിപിഎം ലോക്കല്‍ സെക്രട്ടറി എ. സുനില്‍ കുമാര്‍ മത്സരിക്കും.
സിപിഎം 70 വാര്‍ഡുകളിലും സിപിഐ 17 വാര്‍ഡുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും. കേരള കോണ്‍ഗ്രസ് (എം), ആര്‍ജെഡി എന്നിവര്‍ മൂന്ന് സീറ്റുകളില്‍ വീതം മത്സരിക്കും. 30 വയസ്സിന് താഴെയുള്ള 13 സ്ഥാനാര്‍ത്ഥികളെയും 40 വയസ്സിന് താഴെയുള്ള 12 സ്ഥാനാര്‍ത്ഥികളെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജനതാദള്‍ (എസ്) രണ്ട് വാര്‍ഡുകളില്‍ മത്സരിക്കും, ഐഎന്‍എല്‍, കോണ്‍ഗ്രസ് (എസ്), എന്‍സിപി, കേരള കോണ്‍ഗ്രസ് (ബി), ജനാധിപത്യ കേരള കോണ്‍ഗ്രസ്, ജെഎസ്എസ് എന്നിവ ഓരോ വാര്‍ഡില്‍ വീതവും മത്സരിക്കും. മുന്‍ ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍ വഴുതക്കാട് നിന്നും ദീപക് പേട്ടയില്‍ നിന്നും മത്സരിക്കും. ജഗതിയില്‍ നിന്ന് കേരള കോണ്‍ഗ്രസ് (ബി) സ്ഥാനാര്‍ത്ഥിയായി നടന്‍ പൂജപ്പുര രാധാകൃഷ്ണന്‍ രംഗത്തുണ്ട്.
