'പോറ്റിയെ കേറ്റിയേ സ്വര്‍ണം ചെമ്പായ് മാറ്റിയേ; സ്വര്‍ണം കട്ടവരാരപ്പാ, സഖാക്കളാണേ അയ്യപ്പാ'; സ്വര്‍ണക്കൊള്ളയില്‍ പാര്‍ലമെന്റിന് മുന്നില്‍ പാട്ടുപാടി പ്രതിഷേധവുമായി യുഡിഎഫ് എംപിമാര്‍; കോടതി നിരീക്ഷണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യം

Update: 2025-12-15 07:48 GMT

ന്യൂഡല്‍ഹി: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് തദ്ദേശതിരഞ്ഞെടുപ്പ് കാലത്ത് വൈറലായ ഗാനം പാര്‍ലമെന്റിന് മുന്നില്‍ ആലപിച്ച് കോണ്‍ഗ്രസ് എംപിമാരുടെ വ്യത്യസ്തമായ പ്രതിഷേധം. ശബരിമലയിലെ സ്വര്‍ണക്കൊള്ള വിഷയം രാഷ്ട്രീയ ആയുധമാക്കി മാറ്റുന്നതിന്റെ ഭാഗമായി, തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിന് ഉപയോഗിച്ച പാരഡി ഗാനമാണ് എംപിമാര്‍ പാര്‍ലമെന്റ് കവാടത്തിന് മുന്നിലെ പ്രതിഷേധത്തിനിടെ പാടിയത്. ശബരിമല വിഷയത്തില്‍ കോടതി നിരീക്ഷണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം നടന്നത്.

ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ നിലവിലെ എസ്‌ഐടി അന്വേഷണം പോരെന്നാണ് യുഡിഎഫ് ചൂണ്ടിക്കാട്ടുന്നത്. ഇന്ന് രാവിലെ 10.30ഓടെയായിരുന്നു ആന്റോ ആന്റണി എംപിയുടെ നേതൃത്വത്തില്‍ പാര്‍ലമെന്റിനു മുന്നിലെ പ്രതിഷേധം. കഴിഞ്ഞ ദിവസങ്ങളില്‍ കെ.സി.വേണുഗോപാല്‍, ആന്റോ ആന്റണി, ഹൈബി ഈഡന്‍ തുടങ്ങിയവര്‍ ശബരിമല വിഷയം ലോക്‌സഭയുടെ ശൂന്യവേളയില്‍ ഉന്നയിച്ചിരുന്നു.

'സ്വര്‍ണം കട്ടവര്‍ ആരപ്പാ സഖാക്കളാണേ അയ്യപ്പാ' എന്ന ഗാനം പാടി, അമ്പലക്കള്ളനായ പിണറായി വിജയന്‍ ഉടന്‍ രാജിവെച്ച് പുറത്തുപോകണമെന്ന മുദ്രാവാക്യവുമുയര്‍ത്തിയായിരുന്നു പ്രതിഷേധം. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നിലവിലുള്ള എസ്‌ഐടി അന്വേഷണമല്ല, കോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യമുയര്‍ത്തിയായിരുന്നു പ്രതിഷേധം. യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പ്രതിഷേധത്തിന് നേതൃത്വം നല്‍കി.

യുഡിഎഫ് എംപിമാരുടെ ഈ വേറിട്ട പ്രതിഷേധം ഉത്തരേന്ത്യയില്‍ നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമുള്ള എംപിമാര്‍ക്ക് കൗതുകമായി. പല എംപിമാരും ഈ പാട്ട് കേള്‍ക്കാന്‍ പ്രതിഷേധക്കാര്‍ക്കൊപ്പം ഒത്തുകൂടുകയും ചെയ്തു. അതേസമയം, സിബിഐ അന്വേഷണം വേണമെന്ന എംപിമാരുടെ ആവശ്യത്തോട് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രതികരണമുണ്ടായില്ല.

അതേസമയം, സ്വര്‍ണക്കൊള്ള കേസില്‍ ശബരിമല മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറിന്റെ ജാമ്യാപേക്ഷ തള്ളി. സുധീഷ് കുമാറിന്റെ രണ്ട് ജാമ്യാപേക്ഷകളും കൊല്ലം വിജിലന്‍സ് കോടതിയാണ് തള്ളിയത്. പാളികള്‍ കൈമാറിയതില്‍ തിരുവാഭരണം കമ്മീഷണര്‍ക്കാണ് ഉത്തരവാദിത്വമെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ സുധീഷ് കുമാറിനും പങ്കുണ്ടെന്ന് പ്രോസിക്യൂഷനും വാദിച്ചു.

കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെയും മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിനെയും കസ്റ്റഡിയില്‍ വിട്ടു. ഉണ്ണികൃഷ്ണന്‍ പോറ്റിയെ കട്ടിളപ്പാളി കേസിലും മുരാരി ബാബുവിനെ ദ്വാരപാലക ശില്പ കേസിലുമാണ് അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങിയത്. വിശദമായ ചോദ്യം ചെയ്യലിന് രണ്ടുദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് കൊല്ലം വിജിലന്‍സ് കോടതിയില്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടത്.

Similar News