യുഡിഎഫ് ഭരണം പിടിച്ചതിന് പിന്നാലെ പഞ്ചായത്തില്‍ പ്രതീകാത്മക ശുദ്ധീകരണം; ജാതി അധിക്ഷേപമെന്ന് ഉണ്ണി വേങ്ങേരി; യുഡിഎഫിന് വോട്ട് ചെയ്ത ദളിത് വിഭാഗങ്ങളോട് ചെയ്ത അനീതിയെന്നും പ്രതികരണം; മാനസിക വിഷമമുണ്ടായിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുമെന്ന് മുസ്ലീം ലീഗ്
കോഴിക്കോട്: ചങ്ങരോത്ത് പഞ്ചായത്തില്‍ യുഡിഎഫ് വിജയിച്ചതിന് പിന്നാലെ മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ വെള്ളം തളിച്ച് പ്രതീകാത്മക ശുദ്ധീകരണം നടത്തിയ സംഭവത്തില്‍ ആരോപണവുമായി പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി. നടന്നത് ജാതി അധിക്ഷേപമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി പറഞ്ഞു. സമീപ പഞ്ചായത്തുകളില്‍ യുഡിഎഫ് വിജയിച്ചെങ്കിലും ഇത്തരം പരിപാടി എവിടെയും നടത്തിയില്ല. താന്‍ ദളിത് വിഭാഗത്തില്‍ പെട്ട ആളായത് കൊണ്ടാണ് ശുദ്ധീകരണം നടത്തിയതെന്നും ഇത് മനോവിഷമം ഉണ്ടാക്കിയെന്നും ഉണ്ണി വേങ്ങേരി പറഞ്ഞു.
ഉത്തരേന്ത്യയില്‍ ചെയ്യുന്നതുപോലെയുള്ള കാര്യങ്ങളാണ് ലീഗ് ചെയ്തത്. യുഡിഎഫിന് വോട്ട് ചെയ്ത ദളിത് വിഭാഗങ്ങളോട് ചെയ്ത അനീതി കൂടിയാണിത്. സംഭവത്തില്‍ നിയമ നടപടി സ്വീകരിക്കും. പൊലീസില്‍ പരാതി നല്‍കുമെന്നും തെറ്റ് ചെയ്ത പ്രവര്‍ത്തകരെ തള്ളി പറയാന്‍ ലീഗ് നേതൃത്വം തയ്യാറാകണമെന്നും ഉണ്ണി പറഞ്ഞു.
ചങ്ങരോത്ത് ഗ്രാമപ്പഞ്ചായത്ത് ഓഫീസിനുമുന്നില്‍ തിരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെ മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ പ്രതീകാത്മകമായി 'ശുദ്ധീകരണം' നടത്തിയത് വിവാദമാകുന്നു. മുസ്ലിംലീഗിന്റെ കൊടിയുമായി പ്രവര്‍ത്തകര്‍ ബക്കറ്റിലെ വെള്ളംതളിച്ച് ചൂലുകൊണ്ടടിക്കുന്ന വീഡിയോയാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
ഇത്തവണ 20-ല്‍ 19 സീറ്റ് നേടിയാണ് ഭരണം യുഡിഎഫ് പിടിച്ചെടുത്തത്. തിരഞ്ഞെടുപ്പുഫലം അറിഞ്ഞതിനുപിന്നാലെ നടന്ന വിജയാഹ്ലാദത്തിനിടെയായിരുന്നു ഓഫീസിനുമുന്നിലെ പ്രതീകാത്മക ശുദ്ധീകരണം. കഴിഞ്ഞതവണ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം എസ്സി സംവരണമായിരുന്നു. എല്‍ഡിഎഫ് ഭരിച്ചിരുന്ന പഞ്ചായത്തില്‍ സിപിഎം ഏരിയാകമ്മിറ്റി അംഗമായ ഉണ്ണി വേങ്ങേരിയായിരുന്നു പ്രസിഡന്റ്. യുഡിഎഫ് പ്രവര്‍ത്തകര്‍ ചാണകവെള്ളം തളിച്ച്, ജാതി അധിക്ഷേപകരമായ ശുദ്ധീകരണമാണ് നടത്തിയതെന്നും ഇതില്‍ പ്രതിഷേധമുയരണമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഒ.ടി. രാജന്‍ പറഞ്ഞു.
അതേസമയം, സംഭവത്തില്‍ പ്രതികരണവുമായി മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ആനേരി നസീര്‍ രംഗത്തെത്തി. ജാതി അധിക്ഷേപം നടത്തിയിട്ടില്ലെന്ന് മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ആനേരി നസീര്‍ പ്രതികരിച്ചു. അഴിമതി ഭരണത്തില്‍ നിന്നും പഞ്ചായത്തിനെ മുക്തമാക്കി എന്നതാണ് പ്രവര്‍ത്തകര്‍ ഉദ്ദേശിച്ചത്. ഈ വിഷയത്തില്‍ ജാതി കൊണ്ടുവരുന്നത് സിപിഎം ആണ്. പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരിക്ക് ഏതെങ്കിലും തരത്തില്‍ മാനസിക വിഷമമുണ്ടായിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കാന്‍ തയ്യാറാണ്. പച്ചവെള്ളം തളിച്ചതിനെ ചാണകവെള്ളം ആക്കി പ്രചാരണം നടത്തുകയാണ്. ചങ്ങരോത്ത് പഞ്ചായത്തില്‍ ദളിത് യുവതിയെ കോണി അടയാളത്തില്‍ നിര്‍ത്തി വിജയിപ്പിച്ച പാര്‍ട്ടിയാണ് ലീഗ്. ലീഗ് ജാതി അധിക്ഷേപം നടത്തുന്ന പാര്‍ട്ടി അല്ലെന്നും നസീര്‍ പ്രതികരിച്ചു.
