വീമ്പടിക്കുന്ന ജോസഫ് ഗ്രൂപ്പ് തൊടുപുഴയില്‍ ജയിച്ചത് രണ്ടിടത്ത് മാത്രം; പരുന്തിന്റെ പുറത്തിരിക്കുന്ന കുരുവിയുടെ അവസ്ഥ; കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫ് വിടില്ല; ആരും വെള്ളം കോരാന്‍ വരേണ്ടെന്ന് ജോസ് കെ മാണി

Update: 2025-12-16 07:45 GMT

തിരുവനന്തപുരം: എല്‍ഡിഎഫ് വിടില്ലെന്ന് വ്യക്തമാക്കി കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. എല്‍ഡിഎഫിനൊപ്പമാണ് കേരള കോണ്‍ഗ്രസ് എം. പാലായിലടക്കം മധ്യകേരളത്തില്‍ തിരിച്ചടിയെന്ന് വിലയിരുത്താനാകില്ലെന്നും കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. ആരും വെള്ളം കോരാന്‍ വരണ്ട. വീമ്പടിക്കുന്ന തൊടുപുഴയില്‍ ജോസഫ് വിഭാഗം ജയിച്ചത് രണ്ടിടത്ത് മാത്രമാണ്. പരുന്തിന്റെ പുറത്തിരിക്കുന്ന കുരുവിയുടെ അവസ്ഥയാണ് ജോസഫ് വിഭാഗത്തിന്. സംഘടനാപരമായി കേരള കോണ്‍ഗ്രസിന് ലഭിക്കേണ്ട വോട്ടുകള്‍ ലഭിച്ചിട്ടുണ്ടെന്നും ജോസ് കെ മാണി പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന് തിരിച്ചടി നേരിട്ടതിന്റെ പശ്ചാത്തലത്തില്‍ ഇടതുമുന്നണി വിടുമെന്ന രീതിയില്‍ ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. നിലവില്‍ ഇടത് മുന്നണി വിടേണ്ട രാഷ്ട്രീയ സാഹചര്യം ഇല്ലെന്നാണ് എല്‍ഡിഎഫ് യോഗത്തിന് ശേഷമുള്ള ജോസ് കെ മാണിയുടെ പ്രതികരണം.

പാലായില്‍ സിംഗിള്‍ മെജോറിറ്റി ഉള്ളത് കേരള കോണ്‍ഗ്രസ് എം തന്നെയാണ്. പാലാ നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫിനാണ് ലീഡ്. സംഘടനാപരമായി ലഭിക്കേണ്ട വോട്ടുകള്‍ ലഭിച്ചിട്ടുണ്ട്. എങ്കിലും കുറച്ച് വോട്ടുകള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. പോരായ്മകളും വീഴ്ചകളും പരിശോധിക്കുമെന്ന് ജോസ് കെ മാണി പറഞ്ഞു. യുഡിഎഫ് നേതാക്കള്‍ ജോസ് കെ മാണിയും കൂട്ടരെയും സ്വാഗതം ചെയ്തതോടെയാണ് ചര്‍ച്ച സജീവമായത്. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പേ തന്നെ ജോസ് കെ മാണിയെയും കൂട്ടരെയും യുഡിഎഫിലെത്തിക്കാനുള്ള നീക്കങ്ങള്‍ നടന്നിരുന്നു. എന്നാല്‍ ഇതിനോട് അനുകൂലമായി നിലപാട് കേരള കോണ്‍ഗ്രസ് എം സ്വീകരിച്ചില്ല. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്നതോടെ യുഡിഎഫിന് മേല്‍ക്കൈ ലഭിച്ചു. ഈ പശ്ചാത്തലത്തില്‍ കേരള കോണ്‍ഗ്രസിനെ എമ്മിനെ കൂടി കൊണ്ടുവന്നു നിയമസഭയില്‍ കരുത്ത് തെളിയിക്കാനാണ് യുഡിഎഫ് ആലോചിക്കുന്നത്. തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് തിരിച്ചടി നേരിട്ടെങ്കിലും കേരള കോണ്‍ഗ്രസ എമ്മിന് കാര്യമായ നഷ്ടമുണ്ടായിട്ടില്ല എന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.

അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയുണ്ടായ കേരള കോണ്‍ഗ്രസ് എമ്മിന് വേണ്ടി ഇപ്പോഴും വാതില്‍ തുറന്നിട്ടിരിക്കുകയാണ് യുഡിഎഫ്. നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് എപ്പോള്‍ വന്നാലും ഇരുകൈനീട്ടി സ്വീകരിക്കാമെന്ന് നേതാക്കള്‍ ജോസ് കെ മാണിയെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ യുഡിഎഫിലേക്ക് ഇല്ലെന്ന നിലപാടാണ് ജോസ് കെ മാണിക്ക്. തെരഞ്ഞെടുപ്പ് തോല്‍വി കനത്ത തിരിച്ചടി അല്ലെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. കഴിഞ്ഞ ദിവസങ്ങളില്‍ സജീവമായ മുന്നണി മാറ്റ ചര്‍ച്ചയില്‍ പാര്‍ട്ടി നേതാക്കള്‍ക്കും അണികള്‍ക്കും ആശയക്കുഴപ്പമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് മുന്നണിമാറ്റമില്ലെന്ന് പാര്‍ട്ടി ചെയര്‍മാന്‍ നേതാക്കളെ അറിയിച്ചത്. സംസ്ഥാനമൊട്ടാകെയുള്ള അണികളേയും ഇക്കാര്യം ബോധ്യപ്പെടുത്തും. അഞ്ച് കൊല്ലം മുമ്പ് യുഡിഎഫ് അപമാനിച്ച് ഇറക്കി വിട്ടതാണെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍.

കോണ്‍ഗ്രസ്, മുസ്ലിം ലീഗ് നേതാക്കള്‍-, കേരള കോണ്‍ഗ്രസ് എമ്മിനെ മുന്നണിയിലേക്ക് ക്ഷണിക്കുമ്പോഴും എതിര്‍ക്കുന്നത് പിജെ ജോസഫാണ്. ശക്തി ക്ഷയിച്ച കേരള കോണ്‍ഗ്രസ് എമ്മിനെ വേണ്ടെന്നാണ് പിജെ ജോസഫ് യുഡിഎഫ് നേതാക്കളെ അറിയിച്ചത്. പിജെ ജോസഫിനേയും കടന്നാക്രമിക്കുകയാണ് ജോസ് കെ മാണി. മുന്നണി പ്രവേശം കേരള കോണ്‍ഗ്രസ് എം തള്ളുമ്പോഴും യുഡിഎഫ് ചര്‍ച്ചകള്‍ സജീവമാണ്. ഈ മാസം 22 ന് മുന്നണി വീപൂലീകരണം ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് വിളിച്ചിട്ടുണ്ട്. സിപിഐയേയും മുന്നണിയിലേക്ക് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് ക്ഷണിച്ചിരുന്നു.

Similar News