കടകംപള്ളി സുരേന്ദ്രന് എതിരായ തെളിവ് കോടതിയില്‍ ഹാജരാക്കും; പാരഡി ഉണ്ടാക്കിയപ്പോഴല്ല, അയ്യപ്പന്റെ സ്വര്‍ണം കട്ടപ്പോഴാണ് വിശ്വാസികള്‍ക്ക് വേദനിച്ചത്; തിരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം സംസ്ഥാനത്ത് വ്യാപക അതിക്രമമാണ് സി.പി.എം നടത്തുന്നതെന്ന് വി ഡി സതീശന്‍

Update: 2025-12-17 11:55 GMT

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം സംസ്ഥാനത്ത് വ്യാപക അതിക്രമമാണ് സി.പി.എം നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രിയുടെ ജില്ലയായ കണ്ണൂരിലെ പയ്യന്നൂരിലും പാനൂരിലും കൈബോംബുകളും വടിവാളുകളുമായി സി.പി.എം അക്രമി സംഘം അഴിഞ്ഞാടുകയാണ്. പലയിടത്തും പൊലീസ് നോക്കി നില്‍ക്കുന്നു. മുഖ്യമന്ത്രിയുടെ സ്വന്തം ഗ്രാമത്തില്‍ ബോംബ് ഉപയോഗിക്കുന്നതിനിടെ അത് പൊട്ടിത്തെറിച്ച് ഒരു സി.പി.എമ്മുകാരന്റെ കൈപ്പത്തി ഇല്ലാതായി. എന്നിട്ട് പൊലീസ് പറയുന്നത്, പടക്കം പൊട്ടിത്തെറിച്ചെന്നാണ്. പൊലീസ് ഇങ്ങനെ അപഹാസ്യമാകരുത്. മുഖ്യമന്ത്രിയുടെ സ്വന്തം പാര്‍ട്ടിക്കാരന്‍ എതിരാളികളെ കൊല്ലാന്‍ ബോംബ് നിര്‍മ്മിക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ പൊലീസ് അതിന് കൂട്ടുനില്‍ക്കുകയാണ്. നിങ്ങള്‍ ആഭ്യന്തരമന്ത്രിയുടെ ചുമതല വഹിക്കുമ്പോള്‍ നിങ്ങളുടെ ഗ്രാമത്തില്‍, കൈബോംബ് ഉണ്ടാക്കി എതിരാളികളെ കൊല്ലാന്‍ കുടപിടിച്ചു കൊടുക്കുകയാണ്. മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കാന്‍ പിണറായി വിജയന്‍ യോഗ്യനല്ല. എന്നിട്ടാണ് സ്വന്തം പൊലീസിനെ ഉപയോഗിച്ച് ബേംബല്ല, പടക്കമാണെന്ന് വരുത്തി തീര്‍ത്ത് പൊലീസിനെ പരിഹാസ്യമാക്കുന്നത്. ഇത് അവസാനിപ്പിക്കണം.

ആയുധം താഴെ വച്ചേ മതിയാകൂ. ഈ ക്രിമിനലുകളെ പൊലീസിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരണം. ബോംബ് ഉണ്ടാക്കുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. പരസ്യമായാണ് വടിവാളുകളുമായി ആളുകളെ ആക്രമിക്കുന്നതും വെല്ലുവിളിക്കുന്നതും. ഈ അക്രമികള്‍ മഹാത്മാഗാന്ധിയുടെയും ഇന്ദിരാഗാന്ധിയുടെയും പ്രതിമകള്‍ തകര്‍ക്കുകയാണ്. എത്ര ഹീനമായാണ് സി.പി.എം തിരഞ്ഞെടുപ്പ് തോല്‍വിയിലുള്ള പ്രതികാരം ചെയ്യുന്നത്. ഇതിനെല്ലാം കേരളത്തിലെ ജനങ്ങള്‍ ശക്തമായ തിരിച്ചടി നല്‍കും. ഞങ്ങളുടെ പ്രവര്‍ത്തകരെ ഈ ക്രിമിനലുകള്‍ക്ക് വിട്ടുകൊടുക്കില്ല. അവരെ സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകും. ക്രിമിനലുകള്‍ക്കെതിരെ സര്‍ക്കാര്‍ നടപടി എടുക്കണം. അവരോട് ആയുധം താഴെ വയ്ക്കാന്‍ പറയണം. ഇല്ലെങ്കില്‍ മറ്റു നടപടികളുമായി മുന്നോട്ട് പോകും.

കടകംപള്ളി സുരേന്ദ്രന്‍ എന്തിനാണ് വെല്ലുവിളിക്കുന്നത്. അദ്ദേഹം കോടതിയില്‍ കേസ് കൊടുത്തിട്ടുണ്ടല്ലോ. തെളിവുകള്‍ കോടതില്‍ ഹാജരാക്കും. അതിന് വെല്ലുവിളിക്കുന്നത് എന്തിനാണ്? കോടതിയില്‍ ഹാജരാക്കണമെന്ന് പറഞ്ഞ് ആരെങ്കിലും വെല്ലുവിളിക്കുമോ. ഹാജരാക്കും എന്നതു കൊണ്ടാണ് നോട്ടീസ് അയച്ചപ്പോള്‍ അതിന് മറുപടി നല്‍കിയത്. രണ്ട് കോടിയുടെ മനനഷ്ടമുണ്ടായെന്നു പറഞ്ഞാണ് നോട്ടീസ് അയച്ചത്. കേസ് കൊടുത്തപ്പോള്‍ രണ്ടു കോടിയുടെ മാനം എങ്ങനെയാണ് പത്ത് ലക്ഷമായി കുറഞ്ഞത്? ദ്വാരപാലക ശില്‍പം കോടീശ്വരന് വിറ്റെന്ന് കോടതിയാണ് പറഞ്ഞത്. അപ്പോള്‍ ആര്‍ക്കാണ് കൊടുത്തതെന്ന് അന്നത്തെ ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കണമെന്നാണ് ഞാന്‍ ആവശ്യപ്പെട്ടത്. ഇങ്ങനെ ഒരു കച്ചവടം നടന്നത് അന്നുണ്ടായിരുന്ന എല്ലാവര്‍ക്കും അറിയാമായിരുന്നെന്നും കോടതി പറഞ്ഞിട്ടുണ്ട്. ഒര്‍ജിനല്‍ ദ്വാരപാലക ശില്‍പം വിറ്റെന്നാണ് കോടതി പറഞ്ഞത്. അത് ആര്‍ക്കാണ് വിറ്റതെന്നാണ് അദ്ദേഹത്തോട് ചോദിച്ചത്. സി.പി.എം നിയോഗിച്ച ആളുകള്‍ ചെയ്തത് കടകംപള്ളി സുരേന്ദ്രന് അറിയില്ലായിരുന്നു എന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? ഉണ്ണികൃഷ്ണന്‍ പോറ്റിയെ അവരുടെ അടുത്തേക്ക് വിട്ടതും കടകംപള്ളി സുരേന്ദ്രനാണ്. അതിന്റെ തെളിവുകളൊക്കെ കോടതിയില്‍ ഹാജരാക്കിക്കൊള്ളാം.

പാരഡി ഗാനം പാടുന്നത് കേരളത്തില്‍ ആദ്യമായാണോ? ഈ പാരഡി ഗാനം പടിയവര്‍ക്കും എഴുതിയവര്‍ക്കും ട്യൂണ്‍ ചെയ്തവര്‍ക്കും എതിരെ പൊലീസ് കേസെടുക്കുമെന്നാണ് പറയുന്നത്. ഇതിനേക്കാള്‍ ഭേദമാണല്ലോ ബി.ജെ.പിക്കാര്‍. ബി.ജെ.പി ചെയ്യുന്നതു പോലെ തന്നെയല്ലേ കേരളത്തിലും ചെയ്യുന്നത്. എന്തിനാണ് ഇപ്പോള്‍ ഇത്രയും നൊന്തത്? പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം പറഞ്ഞത്, വിശ്വാസികളെ വേദനിപ്പിച്ചെന്നാണ്. വിശ്വാസികളെ വേദനിപ്പിച്ച് അയ്യപ്പന്റെ സ്വര്‍ണം കവര്‍ന്നതിന് ജയിലില്‍ കിടക്കുന്ന പത്മകുമാറിന്റെ തോളില്‍ കയ്യിട്ടുകൊണ്ടാണ് രാജു എബ്രഹാം നില്‍ക്കുന്നത്. അയ്യപ്പന്റെ സ്വര്‍ണം കവര്‍ന്നവര്‍ക്കെതിരെ നടപടി പോലും എടുത്തിട്ടില്ല. നടപടി എടുക്കില്ലെന്നാണ് എം.വി ഗോവിന്ദന്‍ പറഞ്ഞത്.

അയ്യപ്പന്റെ സ്വര്‍ണം കവര്‍ന്നെടുത്തതാണ് വിശ്വാസികളെ വേദനിപ്പിച്ചത്. സ്വര്‍ണം കവര്‍ന്നെടുത്തവരെ സി.പി.എം സംരക്ഷിക്കുകയാണ്. ഇതേ അയ്യപ്പ ഭക്തിഗാനം ഉപയോഗിച്ച് കെ. കരുണാകരന്‍ സ്പീഡില്‍ പോകുന്നതിനെ കളിയാക്കി സി.പി.എമ്മും പാരഡി ഗാനം ഇറക്കിയിട്ടുണ്ട്. ആ പാരഡി ഗാനം സി.പി.എമ്മിന്റെ കൈരളി ചാനലില്‍ അറിയപ്പെടന്ന രണ്ടു പേരെക്കൊണ്ട് പാടിച്ചിട്ടുമുണ്ട്. ഇതൊക്കെ പറയുമ്പോള്‍ പഴയ കാര്യങ്ങള്‍ കൂടി ഓര്‍ക്കണം. കെ. കരുണാകരനെ കളിയാക്കി അയ്യപ്പന്റെ ഭക്തിഗാനം ഉപയോഗിച്ച് പാരഡിയുണ്ടാക്കാം. എന്നാല്‍ സ്വര്‍ണം കട്ടവരെ കുറിച്ച് പാരഡി പാടില്ലെന്നാണോ? ഇത് എവിടുത്തെ വാദമാണ്.

ഒരുപാട് പേര്‍ ശബരിമലയില്‍ വരുന്നുണ്ട്. പക്ഷെ സി.പി.എം എം.എല്‍.എയും മുഖ്യമന്ത്രിയുടെ വിശ്വസ്തനും ദേവസ്വം പ്രസിഡന്റുമാരായി ഇരിക്കുമ്പോഴാണ് ശബരിമലയില്‍ അയ്യപ്പന്റെ സ്വര്‍ണം കവര്‍ന്നത്. എത്രയോ കള്ളന്മാരും ക്രിമിനലുകളുമൊക്കെ ശബരിമലയില്‍ വന്നിട്ടുണ്ടാകാം. പക്ഷെ അയ്യപ്പന്റെ സ്വര്‍ണം കട്ടത് ആരാണ്? കട്ടവരെ സംരക്ഷിക്കുന്നത് ആരാണ്? അതേ പാട്ടിന്റെ പാരഡി ഉപയോഗിച്ച് കെ. കരുണാകരനെ അധിക്ഷേപിച്ചപ്പോള്‍ ആര്‍ക്കും ഒരു കുഴപ്പവും ഇല്ലായിരുന്നു. വാസുവിനെയും പത്മകുമാറിനെയും അധിക്ഷേപിച്ചപ്പോള്‍ മാത്രമാണ് ഇവര്‍ക്ക് ഫീല്‍ ചെയ്തത്.

വെള്ളാപ്പള്ളി പറഞ്ഞതിനൊക്കെ മറുപടി നല്‍കിയിട്ടുണ്ട്. അദ്ദേഹം ഇടയ്ക്കിടെ ഇങ്ങനെ പറയണം. നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പ് എല്ലാ ആഴ്ചയും അദ്ദേഹം പത്രസമ്മേളനം നടത്തണം എന്നതാണ് എന്റെ വിനയപൂര്‍വമായ അഭ്യര്‍ത്ഥന. മറുപടി പറയേണ്ട വിഷയങ്ങളില്‍ മറുപടി പറയും. പക്ഷെ അദ്ദേഹത്തെ വിഷമിപ്പിക്കുന്ന തരത്തില്‍ ഒന്നും പറയില്ല. പ്രയവും അദ്ദേഹം ഇരിക്കുന്ന സ്ഥാനത്തോടും ബഹുമാനമുണ്ട്. എന്തെങ്കിലും രാഷ്ട്രീയം പറഞ്ഞാല്‍ സഭ്യമായ രീതിയില്‍ മറുപടി നല്‍കും.

ഒരു പാര്‍ട്ടികളുമായും യു.ഡി.എഫ് ഇപ്പോള്‍ ഒരു ചര്‍ച്ചയും നടത്തുന്നില്ല. ആരെയും അതിനായി നിയോഗിച്ചിട്ടുമില്ല. പക്ഷെ നിയമസഭ തിരഞ്ഞെടുപ്പില്‍ അടിത്തറ കൂടുതല്‍ ശക്തമാക്കിയാകും യു.ഡി.എഫ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. കേരളത്തിലെ ഏറ്റവും വലിയ പൊളിറ്റിക്കല്‍ ഫ്ളാറ്റ്ഫോമാണ് യു.ഡി.എഫ്. 15 ലക്ഷത്തോളം വോട്ടുകളാണ് കൂടുതലായി കിട്ടിയത്.

തിരഞ്ഞെടുപ്പില്‍ ഒരു നഷ്ടവും ഉണ്ടായിട്ടില്ലെന്നും ഭരണവിരുദ്ധ വികാരം ഇല്ലെന്നും പിണറായി വിജയനും എം.വി ഗോവിന്ദനും പറയുന്നത് അങ്ങനെ തന്നെ തുടരണം. സി.പി.എമ്മിനെ തോല്‍പ്പിക്കാന്‍ ഒരു പാടുമില്ല. പക്ഷെ തോറ്റെന്ന് അവരെ വിശ്വാസിപ്പിക്കാനാണ് ബുദ്ധിമൂട്ട്. തിരഞ്ഞെടുപ്പില്‍ ഒരു ക്ഷതവും ഏറ്റിട്ടില്ലെന്ന് വിചാരിച്ച് തന്നെ സി.പി.എം മുന്നോട്ട് പോകണം. ജനം ഇപ്പോഴും ഒപ്പമുണ്ടെന്നും യു.ഡി.എഫിന് ഒരു നേട്ടവും കിട്ടിയിട്ടില്ലെന്നതുമാണ് സി.പി.എമ്മിന്റെ വിലയിരുത്തലെങ്കില്‍ അങ്ങനെ തന്നെ മുന്നോട്ട് പോയാല്‍ മതി.

ബി.ജെ.പിക്ക് തിരുവനന്തപുരത്ത് 50 സീറ്റുകള്‍ കിട്ടിയിട്ടുണ്ട്. സി.പി.എമ്മിന്റെ കയ്യില്‍ നിന്നാണ് ഇത്രയും സീറ്റുകള്‍ പോയത്. യു.ഡി.എഫ് സീറ്റുകള്‍ ഇരട്ടിയാക്കി. കുറെക്കൂടി സീറ്റുകള്‍ കിട്ടണമായിരുന്നു. മോശപ്പെട്ട അവസ്ഥയില്‍ നിന്നാണ് കെ മുരളീധരന്റെ നേതൃത്വത്തില്‍ കൂട്ടായ പ്രവര്‍ത്തനം നടത്തി സീറ്റുകളുടെ എണ്ണം ഇരട്ടിയാക്കിയത്. സി.പി.എമ്മിന് കൂടുതല്‍ സീറ്റുകള്‍ നഷ്ടമായത്. പക്ഷെ സംസ്ഥാനത്ത് ബി.ജെ.പി താഴേയ്ക്ക് പോയി. പല ജില്ലകളിലും മോശം പ്രകടനമാണ്. തിരുവനന്തപുരത്ത് അവര്‍ നേട്ടം ഉണ്ടാക്കിയെന്നത് സത്യമാണ്. സി.പി.എമ്മിനെ പോലെ അത് കാണാതെ പോയിട്ട് കാര്യമില്ല. കേരളത്തില്‍ മണ്ണാര്‍ക്കാട് ഒരു വോട്ടാണ് കിട്ടിയത്. അവിടെ ആരുമായിട്ടായിരുന്നു ധാരണ? എന്നിട്ടാണ് പിണറായി വിജയന്‍ പ്രസംഗം നടത്തിയത്. സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ കൊച്ചിയില്‍ പോലും ധാരണ ഉണ്ടായിരുന്നുവെന്നും വി ഡി സതീശന്‍ ആരോപിച്ചു.

Tags:    

Similar News