വന്ദേമാതരം പറഞ്ഞ് ആര്‍.ശ്രീലേഖ; ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് ശബരീനാഥും യുഡിഎഫ് അംഗങ്ങളും; ശരണം വിളിച്ച് ആശാനാഥും മേരിപുഷ്പവും; ഗണഗീതം ആലപിച്ച് ബിജെപി അംഗങ്ങള്‍; കണ്ണൂരില്‍ ജയിലില്‍ കഴിയുന്ന കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തില്ല; കൂത്താട്ടുകുളത്ത് സത്യപ്രതിജ്ഞയ്ക്കിടെ നാടകീയ സംഭവങ്ങള്‍

Update: 2025-12-21 12:33 GMT

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്ക് ജയിച്ച അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സംസ്ഥാനത്തെ വിവിധ കോര്‍പ്പറേഷനുകള്‍, നഗരസഭകള്‍, ത്രിതല പഞ്ചായത്തുകളിലാണ് ഞായറാഴ്ച സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടന്നത്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ തിരഞ്ഞെടുപ്പ് നടക്കാത്ത വിഴിഞ്ഞം ഡിവിഷനിലെ അംഗം ഒഴിച്ച് ബാക്കി 100 പേരും സത്യപ്രതിജ്ഞ ചെയ്തു. ബിജെപിയുടെ 50 അംഗങ്ങളും എല്‍ഡിഎഫിലെ 29 അംഗങ്ങളും യുഡിഎഫിലെ 19 അംഗങ്ങളും 2 സ്വതന്ത്രരുമാണ് സത്യപ്രതിജ്ഞ ചെയ്തത്. മുതിര്‍ന്ന അംഗമായ യുഡിഎഫ് പ്രതിനിധി കെ.ആര്‍. ക്ലീറ്റസാണ് ആദ്യം സത്യപ്രതിജ്ഞചെയ്തത്. തുടര്‍ന്ന് ഇദ്ദേഹം മറ്റ് അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.

യുഡിഎഫ് അംഗം കെ.എസ്. ശബരീനാഥന്‍ ഭരണഘടനയുടെ പകര്‍പ്പ് ഉയര്‍ത്തിപിടിച്ചാണ് സത്യപ്രതിജ്ഞചെയ്തത്. മറ്റുചില യുഡിഎഫ് അംഗങ്ങളും സമാനരീതിയില്‍ ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് സത്യപ്രതിജ്ഞചെയ്തു. യുഡിഎഫ്, ബിജെപി അംഗങ്ങള്‍ ദൈവനാമത്തിലാണ് സത്യപ്രതിജ്ഞചെയ്തത്. കുന്നുകുഴിയില്‍നിന്നുള്ള യുഡിഎഫ് അംഗം മേരിപുഷ്പം സത്യപ്രതിജ്ഞയ്ക്ക് ശേഷം ശരണംവിളിച്ചു. ബിജെപി അംഗമായ ആശാനാഥും സത്യപ്രതിജ്ഞയ്ക്ക് ശേഷം ശരണം വിളിച്ചു. ശാസ്തമംഗലം വാര്‍ഡിലെ ബിജെപി കൗണ്‍സിലറായ ആര്‍. ശ്രീലേഖ വന്ദേമാതരം മുഴക്കിയാണ് സത്യപ്രതിജ്ഞ പൂര്‍ത്തിയാക്കിയത്. ചെല്ലമംഗലം വാര്‍ഡിലെ എല്‍ഡിഎഫ് കൗണ്‍സിലര്‍ അരുണ്‍ വട്ടവിളി സത്യപ്രതിജ്ഞയ്ക്ക് ശേഷം 'രക്തസാക്ഷികള്‍ സിന്ദാബാന്ദ്' മുദ്രാവാക്യം മുഴക്കി.

ബിജെപി കൗണ്‍സിലറായ കരമന അജിത്ത് സംസ്‌കൃതത്തിലാണ് സത്യപ്രതിജ്ഞ ചൊല്ലിയത്. ബിജെപി ഭരണം പിടിച്ച തിരുവനന്തപുരം കോര്‍പ്പറേഷനിലെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാനായി പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, ദേശീയനേതാവ് പ്രകാശ് ജാവഡേക്കര്‍ തുടങ്ങിയവരും എത്തിയിരുന്നു. പ്രകടനമായാണ് ബിജെപി അംഗങ്ങള്‍ കോര്‍പ്പറേഷന്‍ ഓഫിസിലെക്കെത്തിയത്. സത്യപ്രതിജ്ഞയ്ക്കു പിന്നാലെ ബിജെപി പ്രവര്‍ത്തകര്‍ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ ഗണഗീതം പാടിയത് തര്‍ക്കത്തിനിടയാക്കി. 'പരമപവിത്രം' എന്ന് തുടങ്ങുന്ന ഗാനമാണ് ബിജെപി പ്രവര്‍ത്തകര്‍ പാടിയത്. അതേസമയം ബിജെപിയുടേത് വര്‍ഗീയ അജന്‍ഡയാണെന്ന് സിപിഎം ആരോപിച്ചു. പാസില്ലാതെയാണ് ബിജെപി പ്രവര്‍ത്തകര്‍ അകത്ത് കയറിയതെന്നും സംവിധാനത്തെ അട്ടിമറിക്കാനാണ് ബിജെപിയുടെ ശ്രമമെന്നും സിപിഎം അംഗങ്ങള്‍ ആരോപിച്ചു. അതേസമയം സത്യപ്രതിജ്ഞയ്ക്ക് ശേഷം വന്ദേമാതരം പറഞ്ഞാണ് മുന്‍ ഡിജിപിയും ശാസ്തമംഗലത്തില്‍ നിന്നുള്ള കൗണ്‍സിലറുമായ ആര്‍.ശ്രീലേഖ വേദി വിട്ടത്.

കൊല്ലം കോര്‍പ്പറേഷനില്‍ മുതിര്‍ന്ന അംഗം ഉദയാ സുകുമാരനാണ് ആദ്യം സത്യപ്രതിജ്ഞചെയ്തത്. തുടര്‍ന്ന് ഇവര്‍ മറ്റുള്ളവര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. കോര്‍പ്പറേഷനില്‍ നിയുക്ത മേയര്‍ എ.കെ ഹഫീസ് ഉള്‍പ്പടെ യുഡിഎഫിലെ 27 അംഗങ്ങളും എല്‍ഡിഎഫിലെ 16 അംഗങ്ങളും എന്‍ഡിഎയുടെ 12 പേരും ഒരു എസ്ഡിപിഐ അംഗവും ചുമതലയേറ്റു. കോര്‍പ്പറേഷന്‍ രൂപീകരിച്ച് 25 വര്‍ഷത്തിന് ശേഷമാണ് എല്‍ഡിഎഫ് അല്ലാതെ മറ്റൊരു മുന്നണി ഭരണത്തിലെത്തുന്നത്. ജില്ലാ പഞ്ചായത്തില്‍ ചടയമംഗലം ഡിവിഷനില്‍ നിന്ന് വിജയിച്ച മുന്‍ എംഎല്‍എ ആര്‍. ലതാദേവി അടക്കം 27 അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു. എല്‍ഡിഎഫിന് 17 യുഡിഎഫിന് 10 എന്നിങ്ങനെയാണ് കക്ഷിനില. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ആദ്യ ടേം സിപിഐയ്ക്ക് ആയതിനാല്‍ ആര്‍. ലതാദേവി പ്രസിഡന്റ് ആയേക്കും. കൊല്ലത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു.

കൊച്ചി, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ കോര്‍പ്പറേഷനുകളിലും മറ്റു തദ്ദേശ സ്ഥാപനങ്ങളിലും വന്‍ ജനപങ്കാളിത്തതോടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ പൂര്‍ത്തിയായി. കോഴിക്കോട് ജില്ലയില്‍ 70 ഗ്രാമപഞ്ചായത്തുകളിലെയും 12 ബ്ലോക്ക് പഞ്ചായത്തുകളിലെയും ഏഴ് നഗരസഭകളിലെയും കോഴിക്കോട് കോര്‍പ്പറേഷനിലെയും ജില്ലാ പഞ്ചായത്തിലെയും അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു. കോഴിക്കോട് കോര്‍പ്പറേഷനില്‍ ചക്കോരത്തുകുളത്ത് നിന്ന് ജയിച്ച ബിജെപി അംഗം അയ്യപ്പന്റെ നാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. പത്തനംതിട്ട പ്രമാടം പഞ്ചായത്തില്‍ ബിജെപി പ്രതിനിധികള്‍ ആയി വിജയിച്ച വി ശങ്കര്‍ അയ്യപ്പനാമത്തിലും, ഭാര്യ അഞ്ജലി ശങ്കര്‍ സംസ്‌കൃതത്തിലുമാണ് സത്യപ്രതിജ്ഞ ചെയ്തത്.

കണ്ണൂരില്‍ ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ബിജെപി, സിപിഎം കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തില്ല. പയ്യന്നൂര്‍ നഗരസഭയിലെ സിപിഎം കൗണ്‍സിലര്‍ വി കെ നിഷാദ് തലശ്ശേരി നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍ യു പ്രശാന്ത് എന്നിവരാണ് സത്യപ്രതിജ്ഞയ്ക്ക് എത്താതിരുന്നത്. പയ്യന്നൂരില്‍ പൊലീസിനെ ബോംബറിഞ്ഞു വധിക്കാന്‍ ശ്രമിച്ച കേസിലാണ് വി കെ നിഷാദ് ശിക്ഷിക്കപ്പെട്ടത്. തലശ്ശേരി കോടിയേരിയില്‍ സിപിഎം പ്രവര്‍ത്തനായ പി രാജേഷിനെ വധിക്കാന്‍ ശ്രമിച്ച കേസിലാണ് യു പ്രശാന്ത് ശിക്ഷിക്കപ്പെട്ടത്. കണ്ണൂര്‍ കോര്‍പ്പറേഷനിലെയും ജില്ലാ പഞ്ചായത്തിലെയും അടക്കം ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള സത്യപ്രതിജ്ഞ ചടങ്ങ് നടന്നു.

എറണാകുളം കൂത്താട്ടുകുളം നഗരസഭയില്‍ സത്യപ്രതിജ്ഞ നടക്കുന്നതിനിടെ കൗണ്‍സിലറെ കയ്യേറ്റം ചെയ്തു. പരിക്കേറ്റ യുഡിഎഫ് 16-ാം വാര്‍ഡ് കൗണ്‍സിലര്‍ ജോമി മാത്യുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കൂത്താട്ടുകുളം മംഗലത്തുതാഴം സ്വദേശി ജോസഫ് കുര്യനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.സംസ്ഥാനത്ത് തദ്ദേശസ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ ഇന്നാണ് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും രാവിലെ പത്തിനും കോര്‍പ്പറേഷനുകളില്‍ പതിനൊന്നരയ്ക്കുമാണ് സത്യപ്രതിജ്ഞ തുടങ്ങിയത്.

മേയര്‍, ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പ് ഈ മാസം 26നും പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് 27നും നടക്കും. തിരുവനന്തപുരത്തും കൊച്ചിയിലും മേയര്‍ ആരെന്നതില്‍ തീരുമാനമായിട്ടില്ല. തിരുവനന്തപുരത്ത് ചരിത്രത്തിലാദ്യമായി അധികാരത്തിലെത്തിയ ബിജെപി അംഗങ്ങള്‍ ശ്രീപത്മനാഭ സ്വാമി ക്ഷേത്രദര്‍ശനം നടത്തിയശേഷം പാളയത്ത് നിന്ന് ജാഥയായാണ് കോര്‍പ്പറേഷനിലേക്കെത്തിയത്.

തദ്ദേശ തിരഞ്ഞെടുപ്പില്‍ ആകെ 23,573 പേരാണ് ജയിച്ചത്. സ്ഥാനാര്‍ഥികളുടെ മരണത്തെത്തുടര്‍ന്ന് മൂന്നിടത്ത് വോട്ടൈടുപ്പ് മാറ്റിയിരുന്നു. മലപ്പുറം വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ 22-നും ചോക്കാട് ഗ്രാമപ്പഞ്ചായത്തില്‍ 26-നും തൃക്കലങ്ങോട് ഗ്രാമപ്പഞ്ചായത്തില്‍ ജനുവരി 16-നുമാണ് സത്യപ്രതിജ്ഞ. മംഗലം, വെട്ടം, തിരുനാവായ, മക്കരപ്പറമ്പ് ഗ്രാമപ്പഞ്ചായത്തുകളിലും തിരൂര്‍ ബ്ലോക്ക് പഞ്ചായത്തിലും ഫെബ്രുവരി ഒന്നിനാണ് സത്യപ്രതിജ്ഞ.

Tags:    

Similar News