രണ്ടാം പിണറായി സര്‍ക്കാരിലെ മുന്‍ മന്ത്രി ജയിലിലേക്ക്; ആന്റണി രാജു അയോഗ്യന്‍; എംഎല്‍എ സ്ഥാനം നഷ്ടമാകുന്നതും നാണക്കേട്; നിയമസഭ സെക്രട്ടറിയേറ്റ് വിജ്ഞാപനം ഉടന്‍ പുറത്തിറക്കും; സ്റ്റേ നേടിയാലും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല; തിരുവനന്തപുരം സെന്‍ട്രല്‍ സീറ്റ് ഏറ്റെടുക്കാന്‍ സിപിഎം
തിരുവനന്തപുരം: തൊണ്ടിമുതല്‍ അട്ടിമറിച്ച കേസില്‍ തടവ് ശിക്ഷ ലഭിച്ചതോടെ ആന്റണി രാജുവിന് നിയമസഭാംഗത്വം നഷ്ടമായി. അയോഗ്യനാക്കി കൊണ്ടുള്ള നിയമസഭ സെക്രട്ടറിയേറ്റ് വിജ്ഞാപനം കോടതി ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചാല്‍ ഉടന്‍ തന്നെ പുറത്തിറക്കും. മൂന്ന് വര്‍ഷമാണ് ആന്റണി രാജുവിന് തടവുശിക്ഷ വിധിച്ചിരിക്കുന്നത്. ഇനിയുള്ള ആറ് വര്‍ഷത്തേയ്ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല. രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ ഏതെങ്കിലും കോടതി ശിക്ഷിച്ചാല്‍ അയോഗ്യനെന്നാണ് സുപ്രീം കോടതിയുടെ നേരത്തെയുള്ള വിധി. ഇത് പ്രകാരം ആന്റണി രാജുവിന് എം എല്‍ എ സ്ഥാനം നഷ്ടമാകും. മേല്‍ കോടതികളിലേക്ക് പോയി വിധിക്ക് സ്റ്റേ നേടിയാലും അയോഗ്യത നിലനില്‍ക്കുമെന്നതാണ് മറ്റൊരു കാര്യം. തിരുവനന്തപുരം നെടുമങ്ങാട് ജുഡിഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്.
തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജു കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. തിരുവനന്തപുരം നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പറഞ്ഞത്. കോടതി വിധിയില്‍ പ്രതികരിച്ച് ആന്റണി രാജു രംഗത്തെത്തിയിരുന്നു. കോടതിയില്‍ നിരപരാധികളും ശിക്ഷിക്കപ്പെടാറുണ്ടെന്നായിരുന്നു മുന്‍ മന്ത്രി ആന്റണി രാജു പറഞ്ഞത്. ലഹരിക്കേസിലെ പ്രതിയെ രക്ഷിക്കാനായി കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ഒരു ജനപ്രതിനിധിയും മുന്‍ കോടതി ഉദ്യോഗസ്ഥനും ചേര്‍ന്ന് നടത്തിയ കുറ്റമാണ് തെളിയിക്കപ്പെട്ടത്. കേസില്‍ രണ്ടാം പ്രതിയാണ് ആന്റണി രാജു. 1990 ഏപ്രില്‍ ഏപ്രില്‍ നാലിനാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച രണ്ട് പാക്കറ്റ് ചരസുമായി ഓസ്‌ട്രേലിയന്‍ പൗരന്‍ പിടിയിലായത്. ഈ കേസിലെ പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടത് കോടതി കസ്റ്റഡിയിലിരുന്ന തൊണ്ടി മുതലായ അടിവസ്ത്രത്തില്‍ കൃത്രിമം കാണിച്ചതിനെ തുടര്‍ന്നാണെന്നാണ് കണ്ടെത്തല്‍. തിരുവനന്തപുരത്ത് അഭിഭാഷകനായിരിക്കെ ആന്റണി രാജു കോടതിയിലെ ക്ലര്‍ക്കിനെ സ്വാധീനിച്ച് തൊണ്ടിമുതല്‍ മാറ്റുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍.
1990 ഏപ്രില്‍ നാലിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ ലഹരിമരുന്നുമായി പിടിയിലായ ഒരു ഓസ്‌ട്രേലിയന്‍ പൗരനെ രക്ഷിക്കാന്‍ വേണ്ടിയാണ് ആന്റണി രാജു ഗൂഢാലോചന നടത്തിയത്. ഐപിസി 120 ബി, 201, 193, 409, 34 എന്നീ ഗൗരവകരമായ വകുപ്പുകളാണ് ആന്റണി രാജുവിനെതിരെ തെളിയിക്കപ്പെട്ടിട്ടുള്ളത്. അന്ന് അഭിഭാഷകനായിരുന്ന അദ്ദേഹം, കേസിലെ പ്രധാന തൊണ്ടിമുതലായ പ്രതിയുടെ അടിവസ്ത്രത്തില്‍ കൃത്രിമം കാട്ടി അത് മാറ്റിയെന്നാണ് കണ്ടെത്തല്‍. അടിവസ്ത്രത്തിന്റെ അളവില്‍ വന്ന വ്യത്യാസം കാരണം പ്രതി ശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ടു. കോടതി ജീവനക്കാരനായ ജോസുമായി ചേര്‍ന്ന് ആന്റണി രാജു നടത്തിയ ഈ ഗൂഢാലോചന ഹൈക്കോടതിയിലെ കേസിനെ പ്രതിക്ക് അനുകൂലമാക്കി മാറ്റി. ശിക്ഷാവിധിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കാന്‍ അദ്ദേഹത്തിന് അവകാശമുണ്ടെങ്കിലും, അത് രാഷ്ട്രീയമായി എത്രത്തോളം ഗുണകരമാകുമെന്ന് ഉറപ്പില്ല. സാധാരണയായി മേല്‍ക്കോടതികള്‍ ശിക്ഷ നടപ്പിലാക്കുന്നത് സ്റ്റേ ചെയ്യാറുണ്ടെങ്കിലും, കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്യാറില്ല. വിധിക്ക് സ്റ്റേ ലഭിക്കാത്ത പക്ഷം അദ്ദേഹത്തിന്റെ അയോഗ്യത നിലനില്‍ക്കും.
പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ഒരു അഭിഭാഷകനായിരിക്കെ ചെയ്ത നിയമലംഘനം മുന്‍ മന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിന്റെ രാഷ്ട്രീയ ജീവിതത്തിന് മുന്നില്‍ കരിനിഴല്‍ വീഴ്ത്തിയിരിക്കുകയാണ്. തൊണ്ടിമുതലില്‍ കൃത്രിമം കാട്ടിയെന്ന കേസില്‍ കോടതി അദ്ദേഹത്തിന് മൂന്ന് വര്‍ഷം തടവുശിക്ഷ വിധിച്ചതോടെ അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവി തന്നെ ചോദ്യചിഹ്നമായിരിക്കുകയാണ്. 1951ലെ ജനപ്രാതിനിധ്യ നിയമം അനുസരിച്ച്, രണ്ട് വര്‍ഷത്തിന് മുകളില്‍ തടവുശിക്ഷ ലഭിച്ച ഒരു ജനപ്രതിനിധിക്ക് ഉടനടി തന്റെ അംഗത്വം നഷ്ടമാകും. ആന്റണി രാജുവിന്റെ കാര്യത്തില്‍ ഈ നിയമം വലിയ തിരിച്ചടിയാണ് നല്‍കുന്നത്. നിലവില്‍ എംഎല്‍എ സ്ഥാനം തെറിച്ചതിനോടൊപ്പം ഈ വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് മത്സരിക്കാനും കഴിയില്ല. അപ്പീലില്‍ ഹൈക്കോടതിയുടെ വിധിയാകും ഇനി നിര്‍ണായകം. ആന്റണി രാജു നിയമക്കുരുക്കിലായതോടെ എല്‍ഡിഎഫിലെ ഘടകകക്ഷിയായ ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ പക്കലുള്ള തിരുവനന്തപുരം സെന്‍ട്രല്‍ സീറ്റ് സിപിഎം ഏറ്റെടുക്കാന്‍ സാധ്യതയുണ്ട്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സീറ്റ് തിരിച്ചുപിടിക്കാനും ബിജെപി അക്കൗണ്ട് തുറക്കാനും ശക്തമായ നീക്കങ്ങള്‍ നടത്തുന്ന സാഹചര്യത്തില്‍, സീറ്റ് നിലനിര്‍ത്താന്‍ സിപിഎം നേരിട്ട് രംഗത്തിറങ്ങിയേക്കാം.
കേസിന്റെയും ശിക്ഷയുടെയും വിശദാംശങ്ങള്‍
ലഹരിക്കേസില്‍ വിദേശിയായ പ്രതിയെ രക്ഷിക്കാന്‍ തൊണ്ടിമുതല്‍ അട്ടിമറിച്ച കേസിലാണ് ആന്റണി രാജുവിന് തടവ് ശിക്ഷ ലഭിച്ചത്. ഗൂഢാലോചനയ്ക്ക് 6 മാസം തടവ്, തെളിവ് നശിപ്പിക്കലിന് 3 വര്‍ഷം തടവും 10,000 രൂപ പിഴയും, കള്ള തെളിവ് ഉണ്ടാക്കല്‍ വകുപ്പിന് 3 വര്‍ഷം തടവ് എന്നിങ്ങനെയാണ് നെടുമങ്ങാട് ഒന്നാം ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്. കേസ് സി ജെ എം കോടതി പരിഗണിക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യവും കോടതി തള്ളിയിട്ടുണ്ട്.
നീതിന്യായ രംഗത്ത് തന്നെ അപൂര്‍വ്വമായ ഒരു കേസിലാണ് നെടുമങ്ങാട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്നും വിധിയുണ്ടായത്. ലഹരിക്കേസിലെ പ്രതിയെ രക്ഷിക്കാനായി കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ഒരു ജനപ്രതിനിധിയും മുന്‍ കോടതി ഉദ്യോഗസ്ഥനും ചേര്‍ന്ന് നടത്തിയ കുറ്റമാണ് തെളിയിക്കപ്പെട്ടത്. 1990 ഏപ്രില്‍ ഏപ്രില്‍ നാലിനാണ് ഓസ്‌ട്രേലിയന്‍ പൗരനായ സാല്‍വദോര്‍ സാര്‍ലി അടിവസ്ത്രത്തിലൊളിപ്പിച്ച ഹാഷിഷുമായി പിടിയിലായത്. പൂന്തുറ എസ്എച്ചഒയായ ജയമോഹന്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രതിക്ക് 10 വര്‍ഷം തടവും പിഴയും വിധിച്ചു. ഈ വിചാരണ നടക്കുമ്പോള്‍ തന്നെ തൊണ്ടി ക്ലര്‍ക്കിനെ സ്വാധീനിച്ച പ്രതിയുടെ അഭിഭാഷകനായ ആന്റണിരാജു അടിവസ്ത്രം പുറത്തുകൊണ്ടുപോയി ചെറുതാക്കി തിരികെ വച്ചു. പ്രതിയുടെ സ്വകാര്യ വസ്തുക്കള്‍ വിട്ടുകൊടുക്കാനുള്ള കോടതി ഉത്തരവിന്റെ മറവിലാണ് തൊണ്ടിയും കടത്തിയത്.
