'പെട്ടെന്ന് കേള്‍ക്കുമ്പോള്‍ വെറുമൊരു ഷഡ്ഢി മാറ്റിയ കേസാണെന്ന് തെറ്റിദ്ധരിച്ച് പലരും ചിരിച്ചേക്കാം..; ശരിക്കും ഇതൊരു മയക്കുമരുന്ന് കേസാണെന്ന് നമ്മള്‍ മറക്കരുത്! മന്ത്രിയായിരുന്നു പോലും!'; ഫേസ്ബുക്ക് കുറിപ്പുമായി ജോയ് മാത്യു

Update: 2026-01-03 15:32 GMT

കൊച്ചി: തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ മന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിനെ കോടതി മൂന്ന് വര്‍ഷം തടവിന് ശിക്ഷിച്ചതിന് പിന്നാലെ പരിഹാസവുമായി നടനും സംവിധായകനുമായ ജോയ് മാത്യു. 'പെട്ടെന്ന് കേള്‍ക്കുമ്പോള്‍ വെറുമൊരു ഷഡ്ഢി മാറ്റിയ കേസാണെന്ന് തെറ്റിദ്ധരിച്ച് പലരും ചിരിച്ചേക്കാം..ശരിക്കും ഇതൊരു മയക്കുമരുന്ന് കേസാണെന്ന് നമ്മള്‍ മറക്കരുത്! മന്ത്രിയായിരുന്നു പോലും!' ജോയ് മാത്യു ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയാണ് കേസില്‍ മുന്‍ മന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിനെയും കോടതി മുന്‍ ജീവനക്കാരനായ ജോസിനെും ശിക്ഷിച്ചത്. രണ്ടു വര്‍ഷത്തിനു മുകളില്‍ ശിക്ഷ വിധിച്ചതിനാല്‍ ആന്റണി രാജുവിന്റെ എംഎല്‍എ പദവി നഷ്ടമാകും. അപ്പീല്‍ നല്‍കാനായി ആന്റണി രാജുവിനും ജോസിനും ഒരു മാസത്തേക്ക് ജാമ്യം അനുവദിച്ചു. ഈ കാലയളവില്‍ അപ്പീല്‍ നല്‍കാം. കേസില്‍ ജോസ് ഒന്നാം പ്രതിയും ആന്റണി രാജു രണ്ടാം പ്രതിയുമാണ്.

വിധി വന്നതോടെ ആന്റണി രാജുവിനു തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അയോഗ്യത നേരിടേണ്ടിവരും. ശിക്ഷ പൂര്‍ത്തിയാക്കി ജയിലില്‍നിന്ന് ഇറങ്ങുന്ന ദിവസം മുതല്‍ ആറു വര്‍ഷത്തേക്കാണ് അയോഗ്യത. കോടതിയില്‍ അപ്പീല്‍ നല്‍കി ശിക്ഷയ്ക്കും ശിക്ഷാവിധിക്കും സ്റ്റേ ലഭിച്ചാല്‍ മത്സരിക്കാം. 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 8 (3) അനുസരിച്ചാണ് അയോഗ്യത. ഐപിസി 120 (ബി) അനുസരിച്ച് കബളിപ്പിക്കലിന് 6 മാസം ശിക്ഷ ഇരുവര്‍ക്കും ലഭിച്ചു. ഐപിസി 201 അനുസരിച്ച് രണ്ടു പ്രതികളും 3 വര്‍ഷം ശിക്ഷയും 10,000 രൂപ പിഴയും അടയ്ക്കണം. ഐപിസി 193 അനുസരിച്ച് 3 വര്‍ഷവും ഐപിസി 465 അനുസരിച്ച് 2 വര്‍ഷവും ശിക്ഷ അനുഭവിക്കണം. ഐപിസി 404 അനുസരിച്ച് ജോസ് ഒരു വര്‍ഷം തടവുശിക്ഷ അനുഭവിക്കണം.

ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിക്ക് കൊടുക്കാന്‍ പറ്റുന്ന പരമാവധി ശിക്ഷയായ 3 വര്‍ഷമാണ് നല്‍കിയിരിക്കുന്നതെന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞു. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. ഐപിസി 409 വകുപ്പു പ്രകാരം സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വിശ്വാസവഞ്ചനയ്ക്കു കുറ്റക്കാരനായാല്‍ 10 വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവുശിക്ഷ ലഭിക്കാമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിക്ക് (ഒന്ന്) ഈ വകുപ്പുകള്‍ക്കു പരമാവധി ശിക്ഷ വിധിക്കാന്‍ കഴിയാത്തതിനാല്‍ സിജെഎം കോടതി ശിക്ഷ വിധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ കോടതി ആവശ്യം പരിഗണിച്ചില്ല.

1990 ഏപ്രില്‍ 4ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് 2 പാക്കറ്റ് ലഹരിമരുന്നുമായി എത്തിയ ഓസ്‌ട്രേലിയന്‍ പൗരന്‍ ആന്‍ഡ്രൂ സാല്‍വദോറിനെ രക്ഷിക്കാന്‍ തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിയെന്നാണ് കേസ്.

Similar News