നിയമസഭാ തെരഞ്ഞെടുപ്പിന് നേരത്തെ ഒരുങ്ങി കോണ്‍ഗ്രസ്; സ്‌ക്രീനിങ് കമ്മിറ്റി പ്രഖ്യാപിച്ച് എഐസിസി; കേരളത്തില്‍ മധുസൂദന്‍ മിസ്ത്രി ചെയര്‍മാന്‍; തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും മുമ്പെ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കാന്‍ നീക്കം
ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ വേഗത്തിലാക്കി കോണ്‍ഗ്രസ്. കേരളമടക്കമുള്ള നാല് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പിനായി നാലംഗ സ്‌ക്രീനിങ് കമ്മിറ്റികളെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചു. മധുസൂദനന്‍ മിസ്ത്രി അധ്യക്ഷനായ കേരളത്തിലെ സ്‌ക്രീനിങ് കമ്മിറ്റിയില്‍ സയിദ് നസീര്‍ ഹുസ്സൈന്‍, നീരജ് ഡങ്കി, അഭിഷേക് ദത്ത് എന്നിവരും അംഗങ്ങളാണ്. കേരളത്തിന് പുറമെ അസം, തമിഴ്‌നാട്, പുതുച്ചേരി, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലേക്കുള്ള നാലംഗ സ്‌ക്രീനിങ് കമ്മിറ്റിയെയും എഐസിസി പ്രഖ്യാപിച്ചു
പ്രിയങ്ക ഗാന്ധിയാണ് അസമിലെ സ്‌ക്രീനിങ് കമ്മിറ്റിയുടെ അധ്യക്ഷ. തമിഴ്നാടിനും പുതുച്ചേരിക്കുമായി രൂപീകരിച്ച സ്‌ക്രീനിങ് കമ്മിറ്റിയെ ടി.എസ്.ദിയോ നയിക്കും. ബി.കെ.ഹരിപ്രസാദ് അധ്യക്ഷനായ സ്‌ക്രീനിങ് കമ്മിറ്റിയെയാണ് പശ്ചിമ ബംഗാളിലേക്ക് നിയോഗിച്ചിരിക്കുന്നത്. എഐസിസി സെക്രട്ടറിമാര്‍, ജനറല്‍ സെക്രട്ടറിമാര്‍, പിസിസി അധ്യക്ഷന്മാര്‍, പ്രതിപക്ഷ നേതാക്കള്‍ തുടങ്ങിയവരും അതത് സംസ്ഥാനങ്ങളിലെ സ്‌ക്രീനിങ് കമ്മിറ്റികളില്‍ അംഗങ്ങളായിരിക്കും. സ്ഥാനാര്‍ഥി നിര്‍ണയമടക്കം സുപ്രധാന തീരുമാനങ്ങള്‍ സ്‌ക്രീനിങ് കമ്മിറ്റികളാകും എടുക്കുക.
അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിനായി രണ്ടുഘട്ട കര്‍മ്മ പദ്ധതിയാണ് കോണ്‍ഗ്രസ് തയ്യാറാക്കുന്നത്. ഫെബ്രുവരി ആദ്യ ആഴ്ചയ്ക്കുള്ളില്‍ കേരളത്തിലെ 70 സ്ഥാനാര്‍ത്ഥികളില്‍ ധാരണയാകും. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുന്‍പ് തന്നെ മുഴുവന്‍ സ്ഥാനാര്‍ത്ഥികളെയും കണ്ടെത്തും. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ പ്രചാരണങ്ങളുമായി രണ്ടാംഘട്ടം കര്‍മ്മ പദ്ധതി നടപ്പാക്കും. നാളെ സുല്‍ത്താന്‍ ബത്തേരിയില്‍ നടക്കുന്ന കോണ്‍ഗ്രസ് നേതൃയോഗത്തില്‍ കര്‍മ്മപദ്ധതി അവതരിപ്പിക്കും.