സ്വയം പ്രഖ്യാപനം വേണ്ട... കളി മാറ്റാന്‍ കനഗോലു; ബത്തേരിയില്‍ തന്ത്രങ്ങളൊരുക്കും; യുഡിഎഫ് ജയം 85 സീറ്റില്‍ കുറയില്ലെന്ന് കെപിസിസി; എല്‍ദോസിനും ബാബുവിനും 'പണി' കിട്ടുമോ? കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക ഈ മാസം തന്നെ

Update: 2026-01-05 05:10 GMT

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ മിന്നും വിജയത്തിന് പിന്നാലെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ കോണ്‍ഗ്രസ് ദ്രുതഗതിയിലാക്കുന്നു. ഭൂരിഭാഗം സിറ്റിങ് എം.എല്‍.എമാരും വീണ്ടും മത്സരരംഗത്തുണ്ടാകുമെങ്കിലും ചില പ്രധാന മണ്ഡലങ്ങളില്‍ അഴിച്ചുപണിക്ക് സാധ്യത്.

ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഈ മാസം തന്നെ പ്രഖ്യാപിക്കും. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പ് തന്നെ കരുത്തരെ രംഗത്തിറക്കി മണ്ഡലങ്ങളില്‍ സജീവമാകാനാണ് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം. തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു ക്യാമ്പില്‍ നേരിട്ടെത്തി നേതാക്കളുമായി സംവദിച്ചു. ഓരോ മണ്ഡലത്തിലെയും തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങളും നിയമസഭാ സാധ്യതകളും വിശകലനം ചെയ്ത് മൂന്ന് മേഖലകളായി തിരിച്ചുള്ള ചര്‍ച്ചകളാണ് നടക്കുന്നത്. തിങ്കളാഴ്ച കെപിസിസി പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തന മാര്‍ഗ്ഗരേഖ അവതരിപ്പിക്കും.

കെ. ബാബുവിന് പകരം പുതിയൊരു മുഖത്തെ പാര്‍ട്ടി പരിഗണിച്ചേക്കും. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം പ്രചാരണ പ്രവര്‍ത്തനങ്ങളിലെ ബുദ്ധിമുട്ട് കെ. ബാബു അറിയിച്ചിട്ടുണ്ട്. എം. സ്വരാജ് വീണ്ടും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി എത്തുന്നതോടെ മണ്ഡലം നിലനിര്‍ത്താന്‍ ശക്തനായ പകരക്കാരനെ കണ്ടെത്തുക എന്നത് കോണ്‍ഗ്രസിന് വെല്ലുവിളിയാണ്. എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെയുള്ള ചില വിവാദങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ അദ്ദേഹത്തിന് വീണ്ടും അവസരം നല്‍കുന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. എറണാകുളം ജില്ലയിലെ കോതമംഗലം, പെരുമ്പാവൂര്‍ സീറ്റുകള്‍ സംബന്ധിച്ച് കേരള കോണ്‍ഗ്രസുമായി സീറ്റ് വെച്ചുമാറ്റ ചര്‍ച്ചകള്‍ക്ക് പാര്‍ട്ടി തയ്യാറായേക്കും. വയനാട് ജില്ലയില്‍ ഐ.സി. ബാലകൃഷ്ണനെ മാനന്തവാടിയിലേക്ക് മാറ്റണമെന്ന നിര്‍ദ്ദേശം ഉയര്‍ന്നിട്ടുണ്ടെങ്കിലും ബത്തേരിയില്‍ തന്നെ തുടരാനാണ് അദ്ദേഹം താല്‍പ്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്.

'യുവത്വമോ പ്രായമോ മാനദണ്ഡമല്ല, വിജയസാധ്യത മാത്രമാണ് ഇത്തവണത്തെ പരിഗണന' എന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ വ്യക്തമാക്കിയിട്ടുണ്ട്. മധുസൂദന മിസ്ത്രിയുടെ നേതൃത്വത്തിലുള്ള സ്‌ക്രീനിങ് കമ്മിറ്റിയാണ് പട്ടിക പരിശോധിച്ച് അന്തിമ തീരുമാനമെടുക്കുന്നത്. തിരഞ്ഞെടുപ്പ് ചൂടിലേക്ക് സംസ്ഥാനം കടക്കുമ്പോള്‍, കൃത്യമായ പ്ലാനിംഗിലൂടെ അധികാരം പിടിച്ചെടുക്കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. സ്വയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് ചര്‍ച്ചയാക്കരുതെന്നും പാര്‍ട്ടിയുടെ ഔദ്യോഗിക പട്ടികയ്ക്കായി കാത്തിരിക്കണമെന്നും നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സീറ്റ് വിഭജനത്തിലും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലും ഏകദേശ രൂപം ബത്തേരി ക്യാമ്പില്‍ വെച്ച് തന്നെ പൂര്‍ത്തിയാക്കാനാണ് കോണ്‍ഗ്രസ് നീക്കം.

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കുറഞ്ഞത് 85 സീറ്റുകള്‍ നേടി അധികാരം പിടിച്ചെടുക്കാമെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. 100 സീറ്റുകള്‍ വരെ ലക്ഷ്യമിടണമെന്നും യുവാക്കള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും നേതൃത്വം നിര്‍ദ്ദേശിച്ചു.

ജില്ലാടിസ്ഥാനത്തിലുള്ള വിജയസാധ്യത (വിലയിരുത്തല്‍):

മലപ്പുറം: 16/16 (മുഴുവന്‍ സീറ്റുകളും)

എറണാകുളം: 12/14

കോഴിക്കോട്: 8/13

കൊല്ലം, തൃശൂര്‍: 6 വീതം

വയനാട്, പത്തനംതിട്ട: മുഴുവന്‍ സീറ്റുകളും (3/3, 5/5)

കോട്ടയം, പാലക്കാട്: 5 വീതം

കണ്ണൂര്‍, ആലപ്പുഴ, ഇടുക്കി, തിരുവനന്തപുരം, കാസര്‍കോട്: മൂന്നില്‍ അധികം

മുസ്ലിം ലീഗിന്റെ കൈവശമുള്ള ചില സീറ്റുകള്‍ വച്ചുമാറുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ യോഗത്തില്‍ ഉയര്‍ന്നു. എന്നാല്‍ സീറ്റ് വിഭജന ചര്‍ച്ചകളില്‍ ഘടകകക്ഷികളെ പിണക്കരുതെന്ന് എഐസിസി ഇന്‍ചാര്‍ജ് ദീപദാസ് മുന്‍ഷി കര്‍ശന നിര്‍ദ്ദേശം നല്‍കി. 2019-ലെ ലോക്സഭാ വിജയത്തിന് പിന്നാലെയുണ്ടായ അമിത ആത്മവിശ്വാസം 2021-ല്‍ തിരിച്ചടിയായ അനുഭവം ഇത്തവണ ആവര്‍ത്തിക്കരുതെന്നും അവര്‍ ഓര്‍മ്മിപ്പിച്ചു. കൊച്ചി മേയറുടെ തിരഞ്ഞെടുപ്പില്‍ കെപിസിസി മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് ദീപ്തി മേരി വര്‍ഗ്ഗീസ് ആരോപിച്ചത് ക്യാമ്പില്‍ നേരിയ തര്‍ക്കങ്ങള്‍ക്ക് ഇടയാക്കി.

Similar News