'ബോംബ് പൊട്ടുമെന്ന് പണ്ട് പറഞ്ഞിട്ട് പൊട്ടിയില്ല; അതുപോലെ യുഡിഎഫിന്റെ നൂറും പൊട്ടും; എല്‍ഡിഎഫ് വീണ്ടും അധികാരത്തിലെത്തും'; വി ഡി സതീശനെ പരിഹസിച്ച് എം വി ഗോവിന്ദന്‍

Update: 2026-01-05 17:33 GMT

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ നൂറിലധികം സീറ്റുകള്‍ നേടുമെന്ന് അവകാശപ്പെട്ട പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. പണ്ട് ബോംബ് പൊട്ടുമെന്ന് പറഞ്ഞിട്ട് ഇതുവരെ പൊട്ടിയില്ലല്ലോ. അതുപോലെ നൂറും പൊട്ടുമെന്നായിരുന്നു വി.ഡി. സതീശന്റെ പരിഹാസം. ഒരു വിസ്മയവും ഉണ്ടാകാന്‍ പോകുന്നില്ല. ഇടതുപക്ഷ ജനാധിപത്യ മുന്നണി നല്ല ഭൂരിപക്ഷത്തോടെ മൂന്നാം തവണയും അധികാരത്തില്‍ വരും. ഏതു ബോംബ് പൊട്ടിയാലും അധികാരത്തില്‍ വരുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

ആന്റണി രാജുവിനെ അയോഗ്യനാക്കിയ സംഭവത്തില്‍ എല്‍ഡിഎഫിന് ഒരു തിരിച്ചടിയുമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'നാല് പതിറ്റാണ്ടിന് മുമ്പുണ്ടായിരുന്ന വിധി വന്നതിന് എല്‍ഡിഎഫിന് എന്ത് തിരിച്ചടിയാണ്. എല്‍ഡിഎഫില്‍ വരുന്നതിന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഉണ്ടായിരുന്ന കേസിന്റെ വിധിയാണ് പുറത്തുവന്നത്. ആവശ്യമായ നിലപാട് സ്വീകരിക്കുക എന്നതാണ്. അതില്‍ തിരിച്ചടിയൊന്നുമില്ല', എം.വി. ഗോവിന്ദന്‍ പറഞ്ഞു.

വി ഡി സതീശനെതിരായ പുനര്‍ജനി കേസ് വായിച്ചു നോക്കിയില്ലെന്നും ആരെയും കുടുക്കുക തങ്ങളുടെ പണിയല്ലെന്നും അത് അവരുടെ പണിയാണെന്നും എംവി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. വി. ശിവന്‍കുട്ടിയുമായി ബന്ധപ്പെട്ട സ്ഥാനാര്‍ഥി വിഷയത്തെക്കുറിച്ചുള്ള ചോദ്യത്തിന്, അത്തരത്തില്‍ യാതൊരു വിധത്തിലുള്ള ചര്‍ച്ചകളും നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ വിസ്മയമുണ്ടാകുമെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞത്. കേരളം കണ്ട ഏറ്റവും വലിയ പൊളിറ്റിക്കല്‍ പ്ലാറ്റ്ഫോം ഉണ്ടാക്കാന്‍ യുഡിഎഫിന് കഴിഞ്ഞിട്ടുണ്ടെന്നും അതുകൊണ്ട് 100ലധികം സീറ്റുകള്‍ നേടി വിജയിക്കാന്‍ കഴിയുമെന്നും വി ഡി സതീശന്‍ പറഞ്ഞിരുന്നു. പ്ലാറ്റ്ഫോമിന്റെ അടിത്തറ ഇനിയും കെട്ടുറപ്പുള്ളതാക്കാന്‍ കഴിയും എന്ന വിശ്വാസത്തിലാണ് കേരളത്തില്‍ 100ലധികം സീറ്റുകള്‍ നേടാനാകും എന്ന് താന്‍ പറഞ്ഞതെന്നും വി ഡി സതീശന്‍ പ്രതികരിച്ചിരുന്നു.

Tags:    

Similar News